പരീക്ഷണത്തിനായി ഉറങ്ങാതിരുന്നത് ഒന്നരയാഴ്ച, ഒടുവിൽ സംഭവിച്ചത്...

By Web TeamFirst Published Jul 31, 2021, 4:21 PM IST
Highlights

ഒടുവിൽ 1964 ജനുവരി 8 -ന് ആ പരീക്ഷണം അവസാനിച്ചു. ആകെ 264.4 മണിക്കൂർ ഉണർന്നിരിക്കാൻ ഗാർഡ്നറിന് കഴിഞ്ഞു. അങ്ങനെ ഏറ്റവും കൂടുതൽ സമയം ഉറക്കമൊഴിച്ച ആളെന്ന നിലയിൽ റാൻഡി ഗാർഡ്നർ റെക്കോർഡ് സൃഷ്ടിച്ചു, 11 ദിവസവും 25 മിനിറ്റും. 

ഒരാൾ ദിവസവും കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് പറയുന്നത്. എന്നാൽ പലർക്കും നല്ല ഉറക്കം ലഭിക്കാറില്ല. ഉറങ്ങണമെന്ന് ആഗ്രഹിച്ച് കിടക്കയിൽ കയറി കിടന്നാലും ഉറക്കം വരാത്ത ആളുകളുണ്ട്. അതേസമയം റാൻഡി ഗാർഡ്നർ എന്നൊരാൾ മനഃപൂർവ്വം ഉറക്കത്തെ തടഞ്ഞ് നിർത്താൻ ശ്രമിക്കുകയുണ്ടായി. വെറും പതിനേഴ് വയസ്സുള്ളപ്പോൾ അയാൾ പതിനൊന്ന് ദിവസമാണ് ഉറക്കമില്ലാതെ ഇരുന്നത്. ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം അത് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. എന്നാൽ ആരും ചെയ്യാൻ മടിക്കുന്ന കാര്യം അയാൾ എന്തിന് ചെയ്തു? എന്നിട്ട് അയാൾക്ക് എന്ത് സംഭവിച്ചു?

1963 ഡിസംബറിൽ, ഗാർഡ്നറും അവന്റെ സുഹൃത്ത് ബ്രൂസ് മക്അലിസ്റ്ററും ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു സയൻസ് ഫെയർ പ്രോജക്റ്റിനായി എന്തെങ്കിലും വ്യത്യസ്‍തമായി ചെയ്യാൻ ആഗ്രഹിച്ചു. അങ്ങനെ ഒരുപാട് ആലോചിച്ച് ഉറക്കമൊഴിയാനുള്ള തീരുമാനത്തിൽ അവർ എത്തിച്ചേർന്നു. പ്രോജക്ടിനെ കുറിച്ച് ആലോചിച്ച് ഉറക്കമൊഴിക്കുകയല്ല, മറിച്ച് ഉറക്കമൊഴിയുന്നത് ഒരു പ്രോജക്‌ടായി ചെയ്യുന്ന തീരുമാനവുമായി അവർ മുന്നോട്ട് പോയി. എത്രനേരം ഉണർന്നിരിക്കാമെന്നും, അങ്ങനെ ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കുമെന്നും പരീക്ഷിക്കാൻ അവർ തീരുമാനിച്ചു. ഓരോ പുരോഗതിയും എഴുതി വയ്ക്കാൻ തുടങ്ങി അവർ.

എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ കാര്യങ്ങൾ പതുക്കെ കൈവിട്ട് പോകാൻ തുടങ്ങി. ഒടുവിൽ മൂന്നാം ദിവസമായപ്പോഴേക്കും കടലാസ്സിന് പകരം ചുമരിൽ കുറിപ്പുകൾ എഴുതാൻ തുടങ്ങി. സ്ഥലകാല ബോധം നഷ്ടമായ അവസ്ഥയിലായി അവർ ഇരുവരും. എന്നാൽ, കൂട്ടുകാരന് ഒരുപാടൊന്നും പിടിച്ച് നില്ക്കാൻ സാധിച്ചില്ല. ഗാർഡ്നർ ഉണർന്നിരുന്ന സമയത്ത് മക്അലിസ്റ്റർ അറിയാതെ ഉറങ്ങിപ്പോയി. ഇതോടെ ട്രാക്ക് സൂക്ഷിക്കാൻ അവർ മൂന്നാമതൊരാളോട് ആവശ്യപ്പെട്ടു. അങ്ങനെ ആ ജോലി മറ്റൊരു വിദ്യാർത്ഥി ജോ മാർസിയനോയെ ഏറ്റെടുത്തു. അവരെ കൂടാതെ, സ്റ്റാൻഫോർഡ് സ്ലീപ് ഗവേഷകനായ ഡോ. വില്യം ഡിമെന്റ്, യുഎസ് നേവി മെഡിസിൻ ലെഫ്റ്റനന്റ് കമാൻഡർ ജോൺ ജെ റോസ് എന്നിവരും പഠനം നിരീക്ഷിച്ചു.

മൂന്നാം ദിവസം ആയപ്പോൾ ഗാർഡ്നർ വികാരഭരിതനായിത്തീർന്നു. നാലാം ദിവസം മുതൽ അയാൾക്ക് മതിഭ്രമം ബാധിച്ച് തുടങ്ങി. പതുക്കെ ചുറ്റുമുള്ളതൊന്നും തിരിച്ചറിയാൻ സാധിക്കാതായി ഗാർഡിനറിന്. ചെറിയ വാക്കുകൾ പോലും തെറ്റിച്ച് ഉച്ചരിക്കാൻ തുടങ്ങി. സ്പർശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാൻ കഴിയാതെയായി. ശക്തമായ ഗന്ധങ്ങളോട് അയാളുടെ സംവേദനക്ഷമത കൂടി. ഒടുവിൽ സ്വയം ഉണർന്നിരിക്കാൻ ഗാർഡ്നർ തന്റെ ശാരീരിക ക്ഷമത ഉപയോഗിക്കാൻ ശ്രമിച്ചു. ഉറക്കമില്ലാത്ത ആ ഒന്നര ആഴ്ച അയാൾ സഹ വിദ്യാർത്ഥികളുമായി ബാസ്കറ്റ്ബോളും പിൻബോളും കളിച്ചു. എന്നാൽ അതിശയിപ്പിക്കും വിധം നന്നായി ബാസ്കറ്റ്ബോൾ കളിക്കാൻ ആ ദിവസങ്ങളിൽ അയാൾക്കായി. പകൽ ഉണർന്നിരിക്കുന്നത് എളുപ്പമായിരുന്നുവെങ്കിലും, രാത്രികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരുവിധം കഷ്ടപ്പെട്ട് അവർ ആ പരീക്ഷണം തള്ളിനീക്കി.

ഒടുവിൽ 1964 ജനുവരി 8 -ന് ആ പരീക്ഷണം അവസാനിച്ചു. ആകെ 264.4 മണിക്കൂർ ഉണർന്നിരിക്കാൻ ഗാർഡ്നറിന് കഴിഞ്ഞു. അങ്ങനെ ഏറ്റവും കൂടുതൽ സമയം ഉറക്കമൊഴിച്ച ആളെന്ന നിലയിൽ റാൻഡി ഗാർഡ്നർ റെക്കോർഡ് സൃഷ്ടിച്ചു, 11 ദിവസവും 25 മിനിറ്റും. പരീക്ഷണം അവസാനിച്ചതിനുശേഷം, ഗാർഡ്നർ 14 മണിക്കൂർ 40 മിനിറ്റ് ഉറങ്ങി, രാത്രി 8:40 ഓടെ ഉണരുകയും ചെയ്തു. പിറ്റേന്ന് രാത്രി ഏകദേശം 7:30 വരെ അവൻ ഉണർന്നിരുന്നു, തുടർന്ന് ഒരു പത്തര മണിക്കൂർ കൂടി ഉറങ്ങി. എന്നാൽ, അതിനുശേഷം ഗാർഡ്നറിന് ഒരിക്കലും പഴയപോലെ ഉറങ്ങാൻ കഴിഞ്ഞില്ല. ഉറക്ക സംബന്ധമായ പ്രശ്നങ്ങൾ നേരിട്ട അദ്ദേഹത്തിന് പതിറ്റാണ്ടുകളോളം ഉറക്കമില്ലായ്മ അനുഭവപ്പെട്ടു.  

click me!