പട്ടിക്കോ പൂച്ചയ്‌ക്കോ കൂടുതൽ ബുദ്ധി..? പൂച്ചയ്‌ക്കെന്ന് ഹാരി പറയുന്നു

By Web TeamFirst Published May 17, 2019, 5:10 PM IST
Highlights

ഏതാണ്ട് ആ ഹെഡ് ഫോൺ കേബിളിന്റെ അത്രയും വലിപ്പത്തിന് ഒരു പാമ്പിനെയും പിടിച്ചുകൊണ്ടാണ് കിറ്റി തിരിച്ചുവന്നിരിക്കുന്നത്. "മുറിഞ്ഞു പോയതിനു പകരം ഇതുപോരെ..? " എന്ന ഭാവമായിരുന്നു. അവളുടെ മുഖത്ത്. 
 


പലരും ബുദ്ധിയുടെ കാര്യം വരുമ്പോൾ പട്ടികളെ പൂച്ചകൾക്ക് ഒരുപടി മേലെ പ്രതിഷ്ഠിക്കുന്നവരാണ്. ഇണക്കത്തിലും, അച്ചടക്കത്തിലും, മനുഷ്യർ പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുന്ന കാര്യത്തിലും ഒക്കെ പട്ടികൾ  പൂച്ചകളെക്കാൾ എത്രയോ അധികം സാമർഥ്യമുള്ളവരാണെന്നാണ് പൊതുവെയുള്ള ധാരണ. 

എന്നാൽ, ഇന്തോനേഷ്യയിലെ ജക്കാർത്ത സ്വദേശിയായ ഹാരി ആന്തോ മാത്രം അത് സമ്മതിച്ചു തരില്ല. ബുദ്ധിയുടെ കാര്യത്തിൽ നായ്ക്കളോട് എന്തുകൊണ്ടും കിടപിടിക്കുന്നവരാണ് പൂച്ചകളെന്നാണ് ഹാരിയുടെ അഭിപ്രായം. നമ്മൾ പറയുന്നത് കേട്ട് ഒരു പൂച്ച ഒന്നും മിണ്ടാതിരുന്നാൽ അതിനർത്ഥം അതിന് മനസ്സിലായില്ല എന്നല്ല. തൽക്കാലം പ്രതികരിക്കാൻ മനസ്സില്ല എന്നാണത്രെ. നായ്ക്കളുടെ പത്തിരട്ടി കൗതുകമുള്ള, ഇര തേടുന്ന  കാര്യത്തിൽ അവരെക്കാളൊക്കെ ബുദ്ധിയുള്ള ഇനമാണത്രെ പൂച്ചകൾ. ഹാരി ഇത് പറയുന്നത് സ്വന്തം അനുഭവത്തിന്റെ പുറത്താണ്. 

ഹാരിക്ക് ഒരു പൂച്ചയുണ്ട്. ഒരു തനി നാടൻ പൂച്ച. കിറ്റി. ആ കുറുമ്പിയായ പൂച്ച ഒരു ദിവസം ഒരു ചെറിയ വികൃതിയൊപ്പിച്ചു. അവൾ ഹാരിയുടെ ഒരേയൊരു ഇയർഫോണിന്റെ കേബിൾ കടിച്ചുമുറിച്ചുകളഞ്ഞു. ഹാരിക്ക് വന്ന കലിക്ക് കണക്കില്ല. പാട്ടുകേൾക്കാൻ നിവൃത്തിയില്ല, ഗെയിം ഓഫ് ത്രോൺസ് കാണാൻ നിവൃത്തിയില്ല. കോപം കൊണ്ട് ഹാരിക്ക് കണ്ണുകാണാൻ പാടില്ലാതായി. 

അരിശം കൊണ്ട് തുള്ളി അവൻ കിറ്റിയെ അടുത്തുവിളിച്ചു. ഒന്നും അറിയാത്ത ഭാവേന അവൾ കുണുങ്ങി അടുത്തുവന്നു. കാലിൽ ഉരുമ്മി. അവൻ അവളോട് യാതൊരു അടുപ്പവും കാണിച്ചില്ല.  നല്ല ചീത്ത വിളിച്ചു. മാറ്റിനിർത്തി. കാലിൽ ഉരുമ്മാൻ അനുവദിച്ചില്ല. അവളെ എടുത്ത് മേശപ്പുറത്തിരുത്തി, മുറിഞ്ഞുപോയ ഇയര്ഫോണും കയ്യിലെടുത്ത് ഹാരി അവളെ ഒരു അരമണിക്കൂർ നേരം വഴക്കുപറഞ്ഞു. എല്ലാം കഴിഞ്ഞ്, അവളുടെ മുന്നിൽ വെച്ചുതന്നെ ആ ഇയർഫോൺ തറയിൽ വലിച്ചെറിഞ്ഞ് മുഖം തിരിഞ്ഞ് ഹാരി കട്ടിലിലേക്ക് ചാഞ്ഞു. 

പിണക്കം നിറഞ്ഞ ഒരു കരച്ചിലോടുകൂടി  കിറ്റി മുറിക്കു വെളിയിലേക്കോടി. പിന്നെ മുറിക്ക് പുറത്തേക്കും. കുറച്ചു നേരത്തേക്ക് അവളുടെ അനക്കമൊന്നും കേട്ടില്ല. ഹാരി ഫാനിന്റെ കാറ്റിൽ കിടന്ന് തെല്ലൊന്നു മയങ്ങി. പിന്നെ ഉണരുന്നത് കിറ്റിയുടെ നിർത്താത്ത മോങ്ങൽ കേട്ടിട്ടാണ്. അവൾ സ്ഥിരമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവനെ വിളിക്കുന്ന അതേ മ്യാവൂ ശബ്ദം. അവൻ കണ്ണും തിരുമ്മി തറയിലേക്ക് തിരഞ്ഞു നോക്കി. അവിടെ കണ്ട കാഴ്ച അവനെ ഞെട്ടിക്കുന്ന ഒന്നായിരുന്നു.

ഏതാണ്ട് ആ ഹെഡ് ഫോൺ കേബിളിന്റെ അത്രയും വലിപ്പത്തിന് ഒരു പാമ്പിനെയും പിടിച്ചുകൊണ്ടാണ് കിറ്റി തിരിച്ചുവന്നിരിക്കുന്നത്. "മുറിഞ്ഞു പോയതിനു പകരം ഇതുപോരെ..? " എന്ന ഭാവമായിരുന്നു. അവളുടെ മുഖത്ത്. 

ആ നോട്ടം കണ്ടപ്പോൾ ഹാരി ആന്തോ അത്രയും നേരം മുഖത്ത് പിടിച്ചു വച്ചിരുന്ന ഗൗരവമത്രയും ഒരു പൊട്ടിച്ചിരിയ്ക്ക് വഴിമാറി. എന്തായാലും താനായിട്ടുണ്ടാക്കിയ പ്രശ്നം എങ്ങനെയും പരിഹരിക്കാനുള്ള ആ പൂച്ചക്കുറിഞ്ഞിയുടെ ആത്മാർത്ഥമായ പരിശ്രമങ്ങളെയും, വേട്ടയാടാനുള്ള അവളുടെ വൈദഗ്ദ്ധ്യത്തെയും അതിരറ്റു പ്രശംസിച്ചുകൊണ്ടിരിക്കുകയാണ് ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ട സഹൃദയ ലോകം.  

click me!