അഷിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാരണം മനോരോഗം; അഭിമുഖത്തിനെതിരെ സഹോദരന്‍

By Web TeamFirst Published May 17, 2019, 1:36 PM IST
Highlights

സ്‌കിസോഫ്രീനിയ രോഗം കൗമാരത്തില്‍ തന്നെ അഷിതയ്ക്ക് പിടിപെട്ടിരുന്നുവെന്നു പറഞ്ഞ സഹോദരന്‍ ഒരു മനോരോഗാശുപത്രിയിലും അവരെ പ്രവേശിപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു

കോഴിക്കോട്: അന്തരിച്ച എഴുത്തുകാരി അഷിതയുമായി ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നടത്തി മാതൃഭൂമി പ്രസിദ്ധീകരിച്ച അഭിമുഖം അതിശയോക്തി നിറഞ്ഞതാണെന്നുകാട്ടി സഹോദരന്‍ സന്തോഷ് നായരുടെ കത്ത്. അബദ്ധം നിറഞ്ഞതാണ് അഭിമുഖമെന്ന് ചൂണ്ടികാട്ടിയ സന്തോഷ് നായര്‍, മരിച്ചുപോയ ഞങ്ങളുടെ അച്ഛനെയും 90 വയസ്സുള്ള അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്നും വ്യക്തമാക്കി.

സ്‌കിസോഫ്രീനിയ രോഗം കൗമാരത്തില്‍ തന്നെ അഷിതയ്ക്ക് പിടിപെട്ടിരുന്നുവെന്നു പറഞ്ഞ സഹോദരന്‍ ഒരു മനോരോഗാശുപത്രിയിലും അവരെ പ്രവേശിപ്പിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. പേരുകേട്ട മനോരോഗ വിദഗ്ധരുടെ ക്ലിനിക്കിലായിരുന്നു ചികിത്സയെന്നും അഷിത എല്ലായ്‌പ്പോഴും ജീവിച്ചിരുന്നത് യാഥാര്‍ഥ്യത്തിലും ഭാവനയിലുമുള്ള രണ്ടു ലോകങ്ങളിലാണെന്നും സന്തോഷ് കത്തിലൂടെ പറഞ്ഞു. ദേശാഭിമാനിയാണ് അഷിതയുടെ സഹോദരന്‍റെ കത്ത് പ്രസിദ്ധീകരിച്ചത്.

കത്തിന്റെ പൂര്‍ണ്ണരൂപം

ഈയിടെ അന്തരിച്ച സാഹിത്യകാരി അഷിതയുടെ അവസാന നാളുകളില്‍ അവരുമായി നടത്തിയ അഭിമുഖമായി ഒരു അഭ്യുദയകാംക്ഷിയുടെ ലേഖനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നു. അതിലെ ചില പരമാര്‍ശങ്ങള്‍ പിന്നീട് ഏതാനും പത്രങ്ങളിലും വന്നിരുന്നു. അവയുടെ ഉള്ളടക്കമെല്ലാംതന്നെ വളരെ മുമ്പ് മരിച്ചുപോയ ഞങ്ങളുടെ അച്ഛനെയും 90 വയസ്സുള്ള അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. ലേഖനത്തിലെ ഉള്ളടക്കം ഞെട്ടിച്ചത് കുടുംബക്കാരെ മാത്രമല്ല, അഷിതയുടെ സുഹൃത്തുക്കള്‍, ചികിത്സിച്ച ഡോക്ടര്‍മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെക്കൂടിയായിരുന്നു. അഷിതയുടെ മാനസികപ്രശ്‌നങ്ങള്‍, സമ്മര്‍ദം എന്നിവയെക്കുറിച്ചോ ആസന്നമായ ദുരന്തത്തെക്കുറിച്ചോ ചിന്തിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചത്. അഷിതയുടെ പ്രശ്‌നങ്ങള്‍ ഇക്കാലമത്രയും കുടുംബത്തിനകത്തുതന്നെ ഒതുക്കിവയ്ക്കാനായിരുന്നു ശ്രമിച്ചത്. കൗമാരത്തില്‍ തന്നെ അഷിതയ്ക്ക് കടുത്ത സ്‌കിസോഫ്രീനിയ രോഗം പിടിപെട്ടിരുന്നു, അതിന്റെ സൂചന ലഭിക്കുന്നത് എഴുപതുകളുടെ തുടക്കത്തിലാണ്. അഷിത പറഞ്ഞതുപോലെ ഒരിക്കലും ഒരു മനോരോഗാശുപത്രിയില്‍ അഷിതയെ പ്രവേശിപ്പിച്ചിട്ടില്ല. പേരുകേട്ട മനോരോഗ വിദഗ്ധരുടെ ക്ലിനിക്കിലായിരുന്നു ചികിത്സ. രോഗംമൂലം അഷിത എല്ലായ്‌പ്പോഴും ജീവിച്ചിരുന്നത് യാഥാര്‍ഥ്യത്തിലും ഭാവനയിലുമുള്ള രണ്ടു ലോകങ്ങളിലാണ്. രണ്ടിനെയും പലപ്പോഴും വേര്‍തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. കുടുംബാംഗങ്ങളെക്കുറിച്ച് ലേഖനത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ അബദ്ധവും അതിശയോക്തിപരവുമാണ്. പലപ്പോഴും നിയന്ത്രണം വിട്ടിരുന്ന അഷിതയുടെ മനസ്സും ചിന്താഗതികളും ആത്മസഹതാപത്തെ ന്യായീകരിക്കാനും ദൈനംദിന സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് പര്‍വതീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്നതാണെന്ന് തോന്നുന്നു. 50 വര്‍ഷംമുമ്പ് വഴിയില്‍ ഉപേക്ഷിച്ചെന്നതും അഞ്ചു വയസ്സുള്ള അഷിതയെ പാല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ച് അയച്ചെന്നതുമൊക്കെ ആ മതിഭ്രമത്തിന് ഉദാഹരണങ്ങളാണ്. എഴുത്തുകാരന് അത് കണ്ടെത്താനും സത്യാവസ്ഥ തിരിച്ചറിയാനുമുള്ള സമയം ലേഖനംപ്രസിദ്ധീകരിക്കാനുള്ള തിരക്കില്‍ കിട്ടിയിട്ടുണ്ടാകില്ല. ഇതെല്ലാം പറയേണ്ടിവന്നതില്‍ ഞങ്ങള്‍ക്ക് ഖേദമുണ്ട്. പക്ഷേ, പറയാതെ നിവൃത്തിയില്ല. അഷിത അനുഗ്രഹീതയായ എഴുത്തുകാരിയായിരുന്നു. അഷിതയ്ക്ക് മാതാപിതാക്കളും സഹോദരങ്ങളും നല്‍കിയ പ്രോത്സാഹനവും പരിചരണവും വളരെ വലുതാണ്. അതിലും പ്രധാനമാണ് ഭര്‍ത്താവിന്റെ ക്ഷമയും പിന്തുണയും. രോഗാവസ്ഥയിലും ചികിത്സയിലും അഷിതയുടെ സാഹിത്യവാസന പരിപോഷിപ്പിക്കാനും ലോകമറിയുന്ന അഷിതയാക്കി മാറ്റാനും കുടുംബം വഹിച്ച പങ്ക് ചെറുതല്ല.

സന്തോഷ് നായര്‍
അഷിതയുടെ സഹോദരന്‍

click me!