
ദില്ലി ഹൈക്കോടതിയില്‍ കോടതി നടപടികൾക്ക് തൊട്ടുമുമ്പ് ഒരു അഭിഭാഷകന്‍, തന്നെ കാണാനെത്തിയ ഒരു സ്ത്രീയെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് ചുംബിക്കുന്ന സിസിടിവി ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ കോടതി മുറിക്കുള്ളില്‍ പോലും പ്രൊഫഷണൽ പെരുമാറ്റത്തെക്കുറിച്ച് നിരവധി പേര്‍ ആശങ്ക ഉയർത്തി. കോടതിക്ക് ഉള്ളില്‍ പോലും സ്ത്രീകൾ സുരക്ഷിതരല്ലേയെന്ന് നിരവധി പേര്‍ ആശങ്കപ്പെട്ടു.
ദില്ലി ഹൈക്കോടതിയിലെയും അഭിഭാഷകന്‍റെ മുറിയിലെയും സിസിടിവി ദൃശ്യങ്ങൾ ഒരു ലാപ്പ് ടോപ്പില്‍ പ്ലെ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരു വശത്ത് ഹൈക്കോടതിയില്‍ കോടതി നടപടികൾക്ക് തൊട്ട് മുമ്പ് അഭിഭാഷകരെത്തുന്നതും മറ്റും കാണാം. മറ്റേ സിസിടിവി ദൃശ്യത്തില്‍ ഒരു അഭിഭാഷകന്‍റെ മുറിയില്‍ അയാളെ കാണാനെത്തിയ ഒരു സ്ത്രീയെ കാണാം. അഭിഭാഷകൻ സ്ത്രീയുടെ കൈയില്‍ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാൽ സ്ത്രീ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അഭിഭാഷകന്‍ കൂടുതല്‍ ശക്തിയായി ഇവരെ വലിച്ച് തന്നിലേക്ക് അടുപ്പിക്കുകയും തുടർന്ന് ചുംബിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ഡിജിറ്റല്‍ ഇന്ത്യയിലെ നീതിപീഠത്തിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ പങ്കുവച്ച വീഡിയോ വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ 26 ലക്ഷം പേരാണ് ഇതിനകം കണ്ടത്. സംഭവത്തില്‍ ഉൾപ്പെട്ട അഭിഭാഷകന്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ചിലര്‍ അത് എഐ നിർമ്മിതമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തി. ഇന്ത്യയില്‍ കോടതി നടപടിക്രമങ്ങൾ ലഘൂകരിക്കാനാണ് ഓൺലൈൻ കോടതികൾ വാദം കേൾക്കാന്‍ ആരംഭിച്ചത്. ഇത് മൂലം കുറ്റവാളികളെ കോടതിയില്‍ എത്തിക്കാതെ തന്നെ കേസുകൾ കേൾക്കാന്‍ കഴിയുന്നു.
അതേസമയം ഇത്തരം വെർച്വല്‍ കോടതികളെ അപമാനകരമായി രീതിയില്‍ ഉപയോഗിക്കുന്നതും ആദ്യമല്ല. കഴിഞ്ഞ വര്‍ഷം ഒരു കോടതി നടപടി ബാത്ത് റൂമില്‍ ഇരുന്ന് പങ്കെടുക്കുന്ന ഒരു അഭിഭാഷകന്‍റെ വീഡിയോ വൈറലായിരുന്നു. അത് പോലെ തന്നെ 2021-ൽ, ചെന്നൈ ഹൈക്കോടതിയില്‍ നടന്ന വെർച്വൽ ഹിയറിംഗിനിടെ ഒരു വനിതാ ജീവനക്കാരിയുമായി ഒത്തുതീർപ്പ് ശ്രമിച്ച അഭിഭാഷകനെ കോടതി കൈയോടെ പിടികൂടിയിരുന്നു. 2022 മാർച്ച് 9-ന്, ഒരു ജില്ലാ ജഡ്ജിയും അദ്ദേഹത്തിന്‍റെ ചേംബറിലെ ജീവനക്കാരും തമ്മിലുള്ള ലൈംഗിക വീഡിയോ ലൈവായി പോയതും പലരെയും ഞെട്ടിച്ചു. ഇന്ത്യയിൽ, ഹൈബ്രിഡ്, വെർച്വൽ ഹിയറിംഗ് രീതികൾ പുനഃപരിശോധിക്കേണ്ടതിന്‍റെ ആവശ്യകത കോടതികൾ തന്നെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. കാരണം ഇത്തരം സംഭവങ്ങൾ ഇന്ന് ഇന്ത്യയില്‍ പതിവായി നടക്കുന്നു.