ചങ്കുറപ്പിന്‍റെ പെണ്ണൊരുത്തി! ആണുങ്ങൾ മാത്രം പിടിച്ചിരുന്ന ട്രെയിൻ വളയത്തിൽ തൊട്ട ആദ്യ ഇന്ത്യൻ വനിത, ഏഷ്യയിലെ ആദ്യ വനിതാ പൈലറ്റിന് രാജകീയ യാത്രയയപ്പ്

Published : Sep 20, 2025, 09:58 PM IST
Surekha Yadav loco pilot

Synopsis

ആണുങ്ങൾ മാത്രം പിടിച്ചിരുന്ന ട്രെയിൻ വളയത്തിൽ തൊട്ട ആദ്യ വനിതക്ക് രാജകീയ യാത്രയയപ്പാണ് ഏവരും ചേർന്ന് നൽകിയത്. ഏഷ്യയിലെ ആദ്യത്തെ വനിത ലോക്കോ പൈലറ്റാണ് 36 വർഷങ്ങൾക്ക് ശേഷം ട്രെയിനിന്‍റെ വളയത്തിൽ നിന്ന് കയ്യെടുത്തത്

മുംബൈ ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷനിൽ ചൂളം വിളിച്ച് 22222 നമ്പർ രാജധാനി എക്സ്പ്രസ് പ്ലാറ്റ് ഫോം 18 ൽ യാത്ര അവസാനിപ്പിച്ചപ്പോൾ ലോക്കോ പൈലറ്റിന്‍റെ ക്യാബിന് മുന്നിൽ പതിവില്ലാത്ത തിരക്കായിരുന്നു. പരമ്പരാഗത ഡോൾ-താഷ വാദ്യങ്ങളുടെ അകമ്പടിയോടെ, ആർപ്പുവിളികളും കൈയടികളും കൊണ്ട് അന്തരീക്ഷം മുഖരിതമായി. പതിയെ നിറഞ്ഞ ചിരിയുമായി ലോക്കോ പൈലറ്റ് ഇറങ്ങി. ചുറ്റും കൂടിയവരുടെ സ്നേഹ വായ്പുകൾക്ക് മുന്നിൽ ആ കണ്ണിൽ നിന്ന് അഭിമാനത്തിന്‍റെ കണ്ണീർ പൊഴിഞ്ഞിരുന്നു. ഇന്ത്യൻ റെയിൽവേയുടെയെന്നല്ല, ഏഷ്യൻ റെയിൽവേയുടെ തന്നെ ചരിത്രം മാറ്റിയെഴുതിയ സുരേഖ യാദവായിരുന്നു ആനന്ദാശ്രു പൊഴിച്ച് അവിടെ നിന്നത്. ആണുങ്ങൾ മാത്രം പിടിച്ചിരുന്ന ട്രെയിൻ വളയത്തിൽ തൊട്ട ആദ്യ വനിതക്ക് രാജകീയ യാത്രയയപ്പാണ് ഏവരും ചേർന്ന് നൽകിയത്. ഏഷ്യയിലെ ആദ്യത്തെ വനിത ലോക്കോ പൈലറ്റാണ് 36 വർഷങ്ങൾക്ക് ശേഷം ട്രെയിനിന്‍റെ വളയത്തിൽ നിന്ന് കയ്യെടുത്തത്. അത്രമേൽ മനോഹരമായൊരു കാഴ്ച, അല്ലെങ്കിൽ അതിമനോഹരമായൊരു ആദരവായിരുന്നു സഹ പ്രവർത്തകരും റെയിൽവേ ജീവനക്കാരും കുടുംബാംഗങ്ങളും യാത്രക്കാരും ചേർന്ന് സുരേഖക്കായി അവിടെ ഒരുക്കിയത്.

ഏഷ്യയിലെ ആദ്യ വനിത ലോക്കോ പൈലറ്റ്, ചരിത്രമെഴുതിയ സുരേഖ യാദവിന്റെ ജീവിത യാത്ര

തിരക്കേറിയ റെയിൽവേ ട്രാക്കുകൾക്കിടയിൽ ചങ്കുറപ്പുള്ള ആണുങ്ങൾ മാത്രമായിരുന്നു ട്രെയിൻ ഡ്രൈവറുടെ സീറ്റ് സ്വപ്നം കണ്ടിരുന്നത്. പെണ്ണുങ്ങൾ സ്വപ്നം പോലും കാണാൻ ധൈര്യപ്പെടാതിരുന്ന ആ ഡ്രൈവർ സീറ്റിലേക്കാണ് 24-ാം വയസ്സിൽ ചങ്കുറപ്പുള്ള പെണ്ണൊരുത്തി കയറിയിരുന്നത്. വർഷം1989, ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ അത് ഒരു പുതിയ അധ്യായം പിറന്ന വർഷമായിരുന്നു. മുംബൈയിലെ താനെ സ്വദേശിനിയായ സുരേഖ യാദവെന്ന യുവതി ഏഷ്യയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റ് എന്ന ചരിത്രം കൂടി സൃഷ്ടിച്ചുകൊണ്ടാണ് ട്രെയിൻ വളയത്തിൽ തന്‍റെ കയ്യൊപ്പ് പതിപ്പിച്ചത്. ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയുമായി 1989 ൽ അസിസ്റ്റന്റ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച സുരേഖ, പുരുഷ മേധാവിത്വമുള്ള ഒരു മേഖലയിൽ തന്റെ കഴിവുകൊണ്ട് വേറിട്ട വഴി തുറന്നെടുക്കുകയായിരുന്നു. സുരേഖയുടെ ആ ധൈര്യം, ഇന്ത്യൻ റെയിൽവേയിലെ വനിതകൾക്കാകെ തുറന്നുകൊടുത്തത് ഒരു സാധ്യതകളുടെ റെയിൽപാളങ്ങളായിരുന്നു.

വെല്ലുവിളികൾക്ക് മേൽ ചീറിപ്പാഞ്ഞ യാത്ര

സുരേഖയുടെ ലോക്കോ പൈലറ്റ് ജീവിത യാത്ര എളുപ്പമായിരുന്നില്ല. 1996 ൽ ഗുഡ്സ് ട്രെയിൻ ഡ്രൈവറായി സ്ഥാനക്കയറ്റം ലഭിച്ച അവർ, 2000 ത്തോടെ മറ്റ് തരം ട്രെയിനുകളും ഓടിക്കാൻ തുടങ്ങി. ഇന്ത്യയിലെ ഏറ്റവും കുത്തനെയുള്ള റെയിൽവേ പാതകളിലൊന്നായ മുംബൈ - പൂനെ ബോർഘട്ട് മേഖലയിലൂടെ ഡെക്കാൻ ക്വീൻ ട്രെയിൻ ഓടിച്ചതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് സുരേഖ എപ്പോഴും ഓർക്കാറുള്ളത്. ഈ ദുർഘടമായ പാതയിലൂടെ ട്രെയിനിന്റെ നിയന്ത്രണം കൈകാര്യം ചെയ്യാൻ ധൈര്യവും കൃത്യതയും ആവശ്യമായിരുന്നു. എന്നാൽ സുരേഖ ഈ വെല്ലുവിളിയെ അനായാസം മറികടന്നു, തന്റെ കഴിവിന്റെ മുദ്ര പതിപ്പിച്ച കയ്യടികൾ ഏറെ ഏറ്റുവാങ്ങി. 36 വർഷത്തെ തന്റെ തിളക്കമാർന്ന കരിയറിൽ, സെൻട്രൽ റെയിൽവേയിലെ ലോക്കോ പൈലറ്റ് സുരേഖ യാദവ്, ചരക്ക് ട്രെയിനുകൾ മുതൽ സബർബൻ ലോക്കൽ ട്രെയിനുകൾ, സാധാരണ ദീർഘദൂര ട്രെയിനുകൾ മുതൽ രാജധാനി, വന്ദേ ഭാരത് തുടങ്ങിയ പ്രീമിയം ട്രെയിനുകൾ വരെ ഓടിച്ച് ചരിത്രം സൃഷ്ടിച്ചു.

പ്രചോദനമായ ഒരു ജീവിതം

സുരേഖയുടെ ജീവിതം ഇന്ത്യൻ റെയിൽവേയിലെ മറ്റ് വനിതകൾക്കെല്ലാം വഴികാട്ടിയും പ്രചോദനവുമായിരുന്നു. ഇന്ന് ഇന്ത്യൻ റെയിൽവേയിൽ 1500 ലധികം വനിതാ ഡ്രൈവർമാർ ഉണ്ട്. അവർക്കെല്ലാം ഈ വഴി തുറന്നുകാട്ടിയത് സുരേഖയുടെ ആത്മ ധൈര്യമായിരുന്നു. സഹപ്രവർത്തകരിൽ നിന്ന് ലഭിച്ച പ്രോത്സാഹനവും ബഹുമാനവും തന്റെ യാത്രകളെ കൂടുതൽ എളുപ്പമാക്കിയെന്ന് സുരേഖ പറയുന്നു. 2018 ലെ വനിതാ ദിനത്തിൽ, സ്ത്രീകൾ മാത്രമുള്ള ഒരു പ്രത്യേക ട്രെയിൻ ഓടിച്ചുകൊണ്ടും സുരേഖ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്.

അവസാനമായൊരു വളയം പിടിക്കൽ

36 വർഷത്തെ സേവനത്തിനൊടുവിൽ ഈ മാസം സുരേഖ യാദവ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ലോക്കോ പൈലറ്റിന്‍റെ സീറ്റിലെ അവസാന യാത്രയാണ് മുബൈയിൽ വ്യാഴാഴ്ച എത്തിയത്. ഒരു ഡ്രൈവറുടെ ജോലി എന്നത് കേവലം ട്രെയിൻ ഓടിക്കുക മാത്രമല്ല, യാത്രക്കാരുടെ ജീവന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കലാണെന്ന് സുരേഖ വിശ്വസിക്കുന്നു. ഈ ഉത്തരവാദിത്തം ഏറ്റവും ആത്മാർത്ഥതയോടെ നിർവഹിക്കാനായി എന്ന ചാരിതാ‍ർത്ഥ്യത്തോടെയാണ് അവർ പടിയിറങ്ങുന്നത്. സെപ്തംബർ 30 ആണ് വിരമിക്കൽ ദിനം. അന്ന് ഇന്ത്യൻ റെയിൽവേ വലിയ നിലയിലുള്ള യാത്രയയപ്പും ആദരിക്കലുമാണ് പ്ലാൻ ചെയ്തിട്ടുള്ളത്. വരും തലമുറക്കായി ഇന്ത്യൻ റെയിൽവേയുടെ ട്രാക്കുകളിൽ സുരേഖയെന്ന പേര് എന്നും ഒരു പ്രചോദനമായി കൊത്തിവച്ച ശേഷമാണ് അത്രമേൽ സംഭവ ബഹുലമായ യാത്രയിൽ നിന്നും അവർ പടിയിറങ്ങുന്നത്. വരും തലമുറകൾക്ക്, ആ ജീവിതം ഒരു സന്ദേശമാണ്, 'ധൈര്യത്തോടെ മുന്നോട്ട് പോകൂ, പാതകൾ തുറക്കപ്പെടും' എന്ന സന്ദേശം.

'ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാവാത്ത ദിനമാണ്, ചരക്ക് ട്രെയിനിൽ അസിസ്റ്റന്റ് ഡ്രൈവറായി റെയിൽവേയിൽ ചേർന്ന ആദ്യ ദിനം ഇപ്പോഴും ഓർമ്മയുണ്ട്. ഈ തൊഴിൽ തിരഞ്ഞെടുക്കാൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിലും, ഇത് എനിക്ക് അതീവ തൃപ്തികരമായ അനുഭവമായി മാറി' - യാത്രയയപ്പിനിടെ അവർ വികാരാധീനയായി പറഞ്ഞതിങ്ങനെയാണ്. റെയിൽവേയിൽ ചേരാൻ യാതൊരു പദ്ധതിയും ഇല്ലായിരുന്നെങ്കിലും, രസത്തിന് എഴുത്തുപരീക്ഷയും അഭിമുഖവും നേരിട്ട അവർ, ഏതാനും ദിവസങ്ങൾക്കുള്ളിൽ നിയമനക്കത്ത് ലഭിച്ചതായി ഓർത്തെടുത്തു. 'അന്ന് വനിതകൾക്ക് ഈ ജോലി അപരിചിതമായിരുന്നു, പക്ഷേ കുടുംബം എല്ലാ ഘട്ടത്തിലും പിന്തുണച്ചു. ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നെങ്കിലും, അവയെല്ലാം ഞാൻ അതിജീവിച്ചു' - അവർ പറഞ്ഞു. വിരമിക്കലിന് ശേഷമുള്ള പദ്ധതികൾ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത സുരേഖ, സെപ്റ്റംബർ 19 ന് മുംബൈയിൽ നിന്ന് ഒരു അവധിക്കാല യാത്രയ്ക്ക് പുറപ്പെടുകയാണ്. അടുത്ത ആഴ്ചയുടെ മധ്യത്തിൽ മടങ്ങിയെത്തി, ആവശ്യമായ രേഖകൾ പൂർത്തിയാക്കി, സെപ്തംബർ 30 ന് അവസാനമായി ഒരു തവണ റോസ്റ്ററിൽ ഒപ്പിടും. ശേഷം ഔദ്യോഗിക വിരമിക്കൽ.

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി
രാത്രി അഴുക്കുചാലിൽ നിന്നും അവ്യക്തമായ ശബ്ദം, നിലവിളി, ഡെലിവറി ഏജന്റുമാരായ യുവാക്കളുടെ ഇടപെടലിൽ കുട്ടികൾക്ക് പുതുജീവൻ