
മെഴ്സിഡസ് കാറിലെത്തി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ ആൾക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. റെഡ്ഡിറ്റിൽ turbulentrikhi1990 എന്ന പേരിൽ അറിയപ്പെടുന്ന യൂസർ ഇതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഗുരുഗ്രാമിൽ നിന്നുള്ള ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി.
ഗുരുഗ്രാമിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഗോൾഫ് കോഴ്‌സ് റോഡിലാണ് സംഭവം നടന്നത്. തൻ്റെ അനുഭവം പങ്കുവെച്ച യുവാവ് പറയുന്നതനുസരിച്ച്, ഒരു ആഡംബര കാർ സർവീസ് റോഡിൽ നിർത്തിയിട്ടിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഡ്രൈവിംഗ് സീറ്റിൽ ഒരു ഡ്രൈവറും പിന്നിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം, ആ സ്ത്രീ കാറിൽ നിന്ന് ഉപയോഗിച്ച നാപ്കിനുകളും പേപ്പർ പ്ലേറ്റുകളും റോഡിലേക്ക് വലിച്ചെറിഞ്ഞു. ഈ കാഴ്ച തനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കിയെന്നാണ് റെഡിറ്റ് ഉപയോക്താവ് പോസ്റ്റിൽ കുറിക്കുന്നത്.
തുടർന്ന് മാലിന്യം ഇങ്ങനെ വലിച്ചെറിയരുതെന്ന് ആവശ്യപ്പെട്ടതും അവർ അടുത്ത് എവിടെയും വേസ്റ്റ് ബാസ്ക്കറ്റുകൾ ഇല്ലന്നും തന്റെ കാറിൽ മാലിന്യം വെക്കാൻ കഴിയില്ലെന്നും പ്രതികരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. കൂടാതെ തൻറെ വാഹനം പരിപാലിക്കാൻ ചെലവേറിയതാണെന്നും ഇൻറീരിയർകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ അവ നേരെയാക്കാൻ ഒരുപാട് പണം ചെലവാകുമെന്നും അവർ തന്നോട് പറഞ്ഞു എന്നും ഇദ്ദേഹം പറയുന്നു. തുടർന്ന് അവർ തന്നോട് സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും അവരുടെ ഡ്രൈവർ തന്നോട് അവിടെ നിന്നും പോകാൻ ആവശ്യപ്പെട്ടുവെന്നും ഇദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നു.
സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് ഈ കുറിപ്പ് വൈറലായത്. നിരവധി ആളുകൾ ഇത്തരത്തിൽ ഒരു പ്രവൃത്തി കണ്ടപ്പോൾ ചോദ്യം ചെയ്തതിന് റെഡ്ഡിറ്റ് ഉപയോക്താവിനെ അഭിനന്ദിച്ചു. അതേസമയം തന്നെ നിരവധി പേർ കാർ ഉടമയെ രൂക്ഷമായി വിമർശിക്കുകയും ഇത്തരം ആളുകളാണ് പ്രകൃതിയെ കൊലയ്ക്ക് കൊടുക്കുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.