4 മാസത്തിനുള്ളിൽ കാർ നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞത് 500 -ലധികം തവണ; പരാതിയുമായി ഉടമ

Published : Sep 20, 2025, 05:19 PM IST
licence plate reader camera, camera ,licence plate scans

Synopsis

ഒരു കേസിൽ പോലും പ്രതി ചേർക്കപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത തന്നെ ഇത്തരത്തിൽ നിരീക്ഷിക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇദ്ദേഹം വാദിച്ചു.

നിങ്ങൾ ഒരു നഗരത്തിലൂടെ സഞ്ചരിക്കുന്നു, ആ നഗരം ഓരോ നിമിഷവും നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നറിയുന്നതിനെ കുറിച്ച് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. വെറും നാല് മാസത്തിനുള്ളിൽ 500 -ലധികം തവണ ഇത്തരത്തിൽ നഗരത്തിലെ നിരീക്ഷണ ക്യാമറകൾ തന്റെ ഓരോ യാത്രകളും ഒപ്പിയെടുത്തു എന്നാണ് ഒരു വെർജീനിയക്കാരന്റെ പരാതി. ബന്ധപ്പെട്ട അധികൃതർക്കെതിരെ ഇദ്ദേഹം ഇത് സംബന്ധിച്ച കേസുമായി മുന്നിട്ടിറങ്ങിയതോടെ സംഭവം വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

പോളുകളിലും, ട്രാഫിക് ലൈറ്റുകളിലും, പൊലീസ് കാറുകളിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളായ ലൈസൻസ് പ്ലേറ്റ് റീഡറുകൾ (ALPRs) തൻ്റെ വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് വീണ്ടും വീണ്ടും സ്കാൻ ചെയ്ത് ഓരോ തവണയും താൻ സഞ്ചരിക്കുന്ന സ്ഥലവും സമയവും രേഖപ്പെടുത്തി എന്നാണ് ഇദ്ദേഹം പറയുന്നത്. ഒരു കേസിൽ പോലും പ്രതി ചേർക്കപ്പെടുകയോ സംശയിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത തന്നെ ഇത്തരത്തിൽ നിരീക്ഷിക്കുന്നത് തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇദ്ദേഹം വാദിച്ചു. ഇത് നിയമലംഘനമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. വാറണ്ടോ ന്യായമായ കാരണങ്ങളോ ഇല്ലാതെ ഈ നിരീക്ഷണ ക്യാമറകൾ പരാതിക്കാരന്റെ യാത്രകളുടെ ഒരു ഡിജിറ്റൽ ഡയറി തന്നെ ഉണ്ടാക്കി എന്ന് അദ്ദേഹത്തിൻറെ അഭിഭാഷകരും കോടതിയിൽ വാദിച്ചു.

മോഷ്ടിച്ച കാറുകളെയും കുറ്റവാളികളെയും കണ്ടെത്താൻ ഇത് സഹായിക്കുന്നുവെന്ന് പറഞ്ഞാണ് അധികാരികൾ ഈ സാങ്കേതികവിദ്യയെ ന്യായീകരിക്കുന്നത്. എന്നാൽ ഇത് നഗരങ്ങളെ നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും, സാധാരണക്കാരുടെ നീക്കങ്ങൾ ഓരോ ദിവസവും രഹസ്യമായി രേഖപ്പെടുത്തുകയാണെന്നും വിമർശകർ മുന്നറിയിപ്പ് നൽകുന്നു. നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ നിരീക്ഷണം നിയന്ത്രിക്കണമെന്നും കുറ്റകൃത്യങ്ങളിൽ പെടാത്ത നിരപരാധികളായ ആളുകളുടെ വിവരങ്ങൾ അനാവശ്യമായി ശേഖരിക്കുന്നത് നിയമം മൂലം അവസാനിപ്പിക്കണമെന്നും ഇദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
'എപ്പോഴും പുരികമുയർത്തി സംശയത്തോടെ നോക്കുന്ന പൂച്ച', ഭയം കാരണം ഏറ്റെടുക്കാൻ ആളില്ലാതെ മാർലി