ഭാരതത്തിലെ ഹിന്ദുക്കളെക്കൊണ്ട് 'ഞങ്ങൾ പാകിസ്ഥാനികളാണ്' എന്ന് പറയിപ്പിക്കാൻ കേന്ദ്രം ശ്രമിക്കുന്നു; കെജ്‌രിവാൾ

By Web TeamFirst Published Mar 14, 2020, 6:32 PM IST
Highlights

നമ്മുടെ നാട്ടിലെ ഹിന്ദുക്കളെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കാൻ ശ്രമിക്കുകയാണ് 'ഞങ്ങൾ പാകിസ്താനികളാണ്' എന്ന്. എന്തിന് പറയണം ഞങ്ങൾ 'പാകിസ്താനികളാണ്' എന്ന്. ഞങ്ങൾ പറയില്ല. ഞങ്ങൾ ദേശഭക്തരാണ്. മരിച്ചുപോയാലും, നിങ്ങൾ തലകൊയ്യും എന്ന് പറഞ്ഞാലും ഞങ്ങൾ പറയില്ല

നിയമസഭാ പ്രസംഗത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കഴിഞ്ഞ ദിവസം ദില്ലി നിയമസഭയിൽ കേന്ദ്രം എൻപിആർ നടപ്പിലാക്കുന്നതിനെതിരെയുള്ള പ്രമേയത്തെ പിന്തുണച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു കെജ്‌രിവാൾ ഇങ്ങനെ പറഞ്ഞത്. കെജ്‌രിവാൾ തന്റെ പ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിയെയും എൻആർസിയെയും എൻപിആറിനെയും പറ്റി നടത്തിയ പരാമർശങ്ങൾ ഇങ്ങനെ. 

NPR और NRC के तहत जनता से अपनी नागरिकता साबित करने को कहा जाएगा। 90% लोगों के पास ये साबित करने के लिए कोई सरकारी जन्म प्रमाण पत्र नहीं है। क्या सबको डिटेंशन सेंटर भेजा जाएगा? ये डर सबको सता रहा है। केंद्र से मेरी अपील है की NPR और NRC को रोक दिया जाए। https://t.co/6ymx21Fmc7

— Arvind Kejriwal (@ArvindKejriwal)

 

"കേന്ദ്രം ഇപ്പോൾ പറയുന്നത് എൻപിആർ വേറെയാണ്, എൻആർസി വേറെയാണ്, സിഎഎ വേറെയാണ് എന്നാണ്. നിങ്ങൾ പറഞ്ഞതുകൊണ്ട് അങ്ങനെ ആവില്ലല്ലോ. ഈ സംഭവങ്ങൾ എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഇപ്പോൾ ഡെപ്യൂട്ടി സിഎം സാർ പറഞ്ഞുവല്ലോ. എൻപിആർ ഇതിനുമുമ്പ് 2010 -ലും നടന്നതല്ലേ? 2015 -ൽ ബിജെപി ഇരുന്നപ്പോഴും നടത്തിയില്ലേ? അന്നൊന്നും ആരും ഇങ്ങനെ എതിർത്തിരുന്നില്ലല്ലോ? അന്നില്ലാത്ത എതിർപ്പ് ഇന്ന് എന്തുകൊണ്ടാണ് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിനു കാരണം ബഹുമാനപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയാണ്. അദ്ദേഹം പറഞ്ഞത് അതേപടി ഞാൻ ഉദ്ധരിക്കുകയാണ്, " നിങ്ങൾ ക്രോണോളജി മനസ്സിലാക്കണം. ആദ്യം  സിഎഎ വരും, പിന്നെഎൻപിആർ വരും, പിന്നെ എൻആർസി വരും"  എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം തന്നെയാണ് പറഞ്ഞത് മൂന്നും തമ്മിൽ ബന്ധമുണ്ട് എന്ന്. ഞാൻ അല്ല പറഞ്ഞത്. ആളുകൾ ആശങ്കപ്പെടാൻ കാരണമുണ്ട്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് അസമിലെ ഡിറ്റൻഷൻ സെന്ററുകളിൽ ആളുകൾ അനുഭവിച്ചത് എല്ലാവരും കണ്ടതാണ്. അസമിൽ എൻആർസി നടപ്പിലാക്കിയ ശേഷം പത്തൊമ്പതു ലക്ഷം പേരെ  പൗരന്മാർ അല്ലെന്നു കണ്ട് ഡിറ്റൻഷൻ സെന്ററിലേക്ക് വിട്ടു. അവരെ ജയിലിലേക്ക് അയച്ചു. ആ ജയിലുകളിൽ അവർക്ക് എന്തു ദുർഗതിയാണ് ഉണ്ടായത് എന്ന് എല്ലാവർക്കും അറിയാം. അതാണ് ഇപ്പോൾ നാട്ടിൽ സിഎഎയെപ്പറ്റി ഇത്രക്ക് ആശങ്ക പടരാൻ കാരണം. അവനവന്റെ പേര് എൻആർസിയിൽ പെടാതെ പോയാലോ, അവർ പിടിച്ച് ഡിറ്റൻഷൻ സെന്ററിൽ അടച്ചാലോ എന്ന പേടിയാണ് എല്ലാവർക്കും. 

ഇപ്പോഴത്തെ സ്ഥിതി ഇതാണ്. രേഖകൾ കാണിച്ചാൽ നിങ്ങൾ ഏത് മതക്കാരനാണെങ്കിലും പൗരത്വം കിട്ടും. നിങ്ങളുടെ കയ്യിൽ അവർ ആവശ്യപ്പെടുന്ന രേഖ ഇല്ലെങ്കിൽ, നിങ്ങൾ മുസ്ലിം ആണെങ്കിൽ നേരെ ഡിറ്റൻഷൻ സെന്ററിൽ അടക്കും. നിങ്ങൾ ഹിന്ദുവാണെങ്കിൽ ആദ്യം നിങ്ങളോട് ചോദിക്കും നിങ്ങൾ പാകിസ്ഥാനിൽ നിന്ന് വന്നതാണോ എന്ന്? ആണ് എന്നാണുത്തരം എങ്കിൽ നിങ്ങളോട് പിന്നെ ഒന്നും ചോദിക്കില്ല. വേണ്ട രേഖയൊക്കെ അവർ ഉണ്ടാക്കും, നിങ്ങൾക്ക് പൗരത്വം നൽകുകയും ചെയ്യും.  ഞാൻ പാകിസ്ഥാനിൽ നിന്ന് വന്നതല്ല, ഇന്ത്യയിൽ തന്നെ ജനിച്ച ഹിന്ദുവാണ് എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, നിങ്ങളോട് പറയും, നിങ്ങളുടെ പക്കൽ വേണ്ട രേഖകളില്ല അതുകൊണ്ട് നിങ്ങളെ ഡിറ്റൻഷൻ സെന്ററിൽ അയക്കാൻ പോവുകയാണ് എന്ന്.

ഇനി നിങ്ങൾ തന്നെ പറയൂ, ഇന്ത്യയിലെ ഹിന്ദുക്കൾ ചെയ്ത കുറ്റമെന്താണ്? ഇന്ത്യയിൽ ജനിച്ചു പോയി എന്നതോ? ഈ നിയമം കൂടുതൽ പഠിക്കും തോറും എനിക്ക് മനസ്സിലാകുന്നത്, ഇത് പാക്കിസ്ഥാനിലെ ഹിന്ദുക്കൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്, ഇന്ത്യയിലെ ഹിന്ദുക്കൾക്ക് എതിരെ ഉണ്ടാക്കിയതാണ് എന്നാണ്. കയ്യിൽ അവർ ചോദിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇല്ലാത്ത ഇന്ത്യയിലെ ഹിന്ദുക്കളോട്, (തൊണ്ണൂറു ശതമാനം പേരുടെയും കയ്യിൽ അവർ പറയുന്ന രേഖ ഉണ്ടായി എന്ന് വരില്ല) അവർ പറയാതെ പറയുന്നത്, 'പൗരത്വം വേണമെങ്കിൽ നിങ്ങൾ പാകിസ്താനികളാണ് എന്ന് പറഞ്ഞോളൂ' എന്നാണ്. നമ്മുടെ നാട്ടിലെ ഹിന്ദുക്കളെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിക്കാൻ ശ്രമിക്കുകയാണ് 'ഞങ്ങൾ പാകിസ്താനികളാണ്' എന്ന്. എന്തിന് പറയണം ഞങ്ങൾ 'പാകിസ്താനികളാണ്' എന്ന്. ഞങ്ങൾ പറയില്ല. ഞങ്ങൾ ദേശഭക്തരാണ്. മരിച്ചുപോയാലും, നിങ്ങൾ തലകൊയ്യും എന്ന് പറഞ്ഞാലും ഞങ്ങൾ പറയില്ല ഞങ്ങൾ പാകിസ്താനികളാണ് എന്ന്. "

  
 

click me!