
മെയ് ഒന്ന് തൊഴിലാളി ദിനമാണ്. ലോകമെമ്പാടുമുള്ള തൊഴിലാളികൾ അന്ന് തങ്ങളുടെ അവകാശത്തിന്റെയും ഉന്നമനത്തിന്റെയും സാമൂഹികമായ മെച്ചപ്പെടലുകളുടെയും ദിനമായി ആഘോഷിക്കുന്നു. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള തൊഴിലാളികളുടെ സഹനത്തിന്റെയും സമരത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് തൊഴിലാളി ദിനം.
ഇന്ന് ലോകത്തിലെ എല്ലായിടങ്ങളിലും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെട്ട് വരികയാണ്. അതുപോലെ തന്നെ തൊഴിൽ മേഖലകളിലും കാര്യമായ മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. അതോടൊപ്പം തന്നെ സമൂഹത്തിന്റെ സമസ്തമേഖലകളിലും സ്ത്രീകൾ തങ്ങളുടെ ചുവടുകളുറപ്പിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോഴും സ്ത്രീകളടങ്ങുന്ന പല തൊഴിലാളികളും പലതരം പ്രതിസന്ധികളെയും അതിജീവിച്ച് കൊണ്ടാണ് തൊഴിലിടങ്ങളിൽ പിടിച്ചുനിൽക്കുന്നത്. കാലമെത്ര മാറിയെന്ന് പറഞ്ഞാലും ഇന്നും അത്തരം പ്രയാസങ്ങൾ സ്ത്രീകൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
പുരുഷന്മാരേക്കാൾ ശമ്പളം കുറവ്: സ്ത്രീകളെ സ്ഥാപനത്തിൽ ജോലിക്കെടുക്കാൻ പല കമ്പനികൾക്കും മടിയാണ്. എന്നിരുന്നാലും സജീവമായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്ന മിക്കവാറും കമ്പനികൾ കണക്കാക്കുന്നത് പുരുഷന്മാരേക്കാൾ ശമ്പളം കുറവ് നൽകിയാൽ മതി സ്ത്രീകൾക്ക് എന്നാണ്. കൂലിപ്പണി തൊട്ട് മിക്ക തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് ഇന്നും പുരുഷന്മാരേക്കാൾ കുറവ് ശമ്പളമാണ് നൽകുന്നത്. തുല്യജോലിക്ക് തുല്യവേതനം എന്നതൊക്കെ അവിടെ വെറും കേട്ടുകേൾവി മാത്രമാണ്.
വിവേചനം: പല സ്ഥാപനങ്ങളിലും ഓഫീസുകളിലും വനിതാ ജീവനക്കാരോടുള്ള സഹപ്രവർത്തകരുടെ പെരുമാറ്റം പലപ്പോഴും വിവേചനം നിറഞ്ഞതാകാറുണ്ട്. അത് നേരിട്ടുള്ളതല്ലെങ്കിൽ കൂടിയും വിവിധ പരാമർശങ്ങളിലൂടെയും തമാശകളിലൂടെയും അടക്കം സ്ത്രീകളോട് വിവേചനം പ്രകടിപ്പിക്കുന്നവരും ഉണ്ട്. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതകൾ അതുപോലെ തൊഴിലിടങ്ങളിലും പ്രതിഫലിക്കാറുണ്ട്. ഇത് പലപ്പോഴും സ്ത്രീകളെ തങ്ങളുടെ തൊഴിലിടത്തോട് അടുപ്പമില്ലാത്തവരാക്കി മാറ്റുന്നു. എങ്കിലും, ഇതൊന്നും ഞങ്ങൾക്ക് ഒരു കാര്യമേയല്ല എന്ന രീതിയിൽ ഇതൊന്നും ഗൗനിക്കാതെ മുന്നേറുന്ന നിലയിലേക്ക് ഇന്ന് സ്ത്രീകളും മാറിയിരിക്കുന്നു എന്നത് പ്രതീക്ഷാനിർഭരമായ കാര്യമാണ്.
അതിക്രമങ്ങൾ: സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ സമൂഹത്തിന്റെ വികാസമില്ലായ്മയെയാണ് കാണിക്കുന്നത്. തൊഴിലിടങ്ങളിലും ഇതിന് കുറവില്ല എന്ന് വേണം കരുതാൻ. വിവിധ സ്ഥാപനങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കുന്നതിന് കമ്മിറ്റികളടക്കം നിലവിലുണ്ടെങ്കിൽ പോലും പലപ്പോഴും പുരുഷന്മാരായ സഹപ്രവർത്തകരുടേയും മേൽജീവനക്കാരുടേയും മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ സ്ത്രീകൾക്ക് നേരെ ഉണ്ടാവാറുണ്ട്. പലരെ സംബന്ധിച്ചും ട്രോമ കൊണ്ട് പലതും തുറന്ന് പറയാൻ സാധിക്കാറും ഇല്ല. ഇത് അവരുടെ തൊഴിൽപരമായ വളർച്ചയേയും ആത്മവിശ്വാസത്തേയും ബാധിക്കാറുണ്ട്.
പ്രസവാവധി: സ്ത്രീകളെ ജോലിയിൽ നിയമിക്കാതിരിക്കാനുള്ള കാരണമായി പലപ്പോഴും പ്രസവാവധി മാറാറുണ്ട്. പല കമ്പനികളും അടുത്തിടെ വിവാഹിതരായതോ, വിവാഹിതരാവാൻ പോവുന്നതോ ആയ സ്ത്രീകളെ ജോലിക്ക് നിയമിക്കാൻ തന്നെ തയ്യാറാവാറില്ല. പ്രസവാവധിയിൽ സ്ത്രീകൾ പ്രവേശിക്കുന്നതോടെ തൊഴിലിടത്തിൽ ഒരാളുടെ കുറവ് വരും എന്നത് തന്നെ കാരണം. ആർത്തവം, പ്രസവം തുടങ്ങിയവയെല്ലാം സ്വാഭാവികമായി പ്രക്രിയയായി കാണുകയും ആ സമയങ്ങളിൽ അവർക്ക് വേണ്ടുന്ന അവകാശങ്ങൾ നൽകുകയും ചെയ്യാത്തിടത്തോളം കാലം തൊഴിൽ സാഹചര്യത്തെ മെച്ചപ്പെട്ടത് എന്ന് പറയാൻ സാധിക്കില്ല.
വീടും തൊഴിലിടവും: വീടും തൊഴിലിടവും ഒരുപോലെ ശ്രദ്ധിക്കേണ്ടി വരുന്ന വിഭാഗമാണ് സ്ത്രീകൾ എന്ന് പറയേണ്ടി വരും. എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ഏതൊക്കെ മേഖലകളിൽ സ്ത്രീകൾ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചു എന്ന് പറഞ്ഞാലും ഇന്നും വീട്ടിലെ കാര്യങ്ങൾ തുല്യഉത്തരവാദിത്തമായി കരുതാൻ പുരുഷന്മാരോ പുരുഷാധിപത്യ സമൂഹമോ തയ്യാറാവാറില്ല. അതിനാൽ തന്നെ സ്ത്രീകൾക്ക് ഇരട്ടിഭാരമാണ് ഇതുമൂലം ചുമക്കേണ്ടി വരുന്നത്. പലപ്പോഴും കുടുംബവും കുട്ടികളും ഒക്കെ ആയിക്കഴിയുമ്പോൾ ജോലി രാജി വയ്ക്കുന്നവരും കുറവല്ല.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് സ്ത്രീകളിന്ന് സമസ്ത മേഖലകളിലും തങ്ങളുടെ ഇടം ഉറപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട്. പുരുഷന്മാർക്ക് മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് കരുതിപ്പോന്നിരുന്ന തൊഴിലുകളിലും ഇന്ന് സ്ത്രീകൾ സധൈര്യം കയറി വരുന്നുണ്ട്. എങ്കിൽ പോലും അസംഘടിത മേഖലകളിലടക്കം നമ്മുടെ സ്ത്രീ തൊഴിലാളികൾ കൂടി അനുഭവിക്കുന്ന അവകാശനിഷേധങ്ങൾ ചോദ്യം ചെയ്യപ്പെടുകയും പരിഹരിക്കപ്പെടുകയും വേണം. അങ്ങനെ എല്ലാത്തരം തൊഴിലിടങ്ങളും മനുഷ്യത്വപരമായി മാറുമ്പോഴാണ് സമൂഹത്തിന് വികാസമുണ്ടാകുന്നത്.