സാമൂഹിക മാധ്യമങ്ങളിൽ വൈറലായ 'പഞ്ച്' എന്ന ജാപ്പനീസ് കുരങ്ങനെ ഉപയോഗിച്ച് സുരക്ഷാ അവബോധം വളർത്താന്‍ മുംബൈ, ഡെൽഹി പോലീസ് സേനകൾ. ദേശീയ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ 112-നെ ജനകീയമാക്കുകയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ 'പഞ്ച്' എന്ന ജാപ്പനീസ് കുട്ടി കുരങ്ങന്റെ വൈകാരികമായ കഥയെ ആസ്പദമാക്കി ജനങ്ങളിൽ സുരക്ഷാ അവബോധം വളർത്താൻ ഒരുങ്ങുകയാണ് മുംബൈ, ഡെൽഹി പോലീസ് സേനകൾ. ദേശീയ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ 112 -നെ ജനപ്രിയമാക്കുകയാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം. ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിൽ ജനിച്ച ഒരു 'ജാപ്പനീസ് മക്കാക്ക്' കുരങ്ങനാണ് പഞ്ച്. ജനിച്ചയുടനെ അമ്മ ഉപേക്ഷിച്ച പഞ്ചിന് കൂട്ടിനായി മൃഗശാല അധികൃതർ ഒരു ഒറാങ്ങുട്ടാൻ കളിപ്പാട്ടം നൽകി. ആ കളിപ്പാട്ടത്തെ മാറോട് ചേർത്ത് പിടിച്ചു കിടക്കുന്ന പഞ്ചിന്റെ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സ് കീഴടക്കിയിരുന്നു.

മുംബൈ പോലീസ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ മൂന്ന് കുരങ്ങന്മാരുടെ തത്വത്തെ ആസ്പദമാക്കി നാല് ചിത്രങ്ങൾ പങ്കുവെച്ചു. 'തിന്മ കാണരുത്, കേൾക്കരുത്, പറയരുത്' എന്ന സന്ദേശങ്ങൾക്കൊപ്പം പഞ്ചിന്റെ ചിത്രം ചേർത്ത് 'ബുര മത് കരോ' (തിന്മ ചെയ്യരുത്) എന്ന സന്ദേശമാണ് അവർ നൽകിയത്. 'ബുദ്ധിമാനായിരിക്കൂ, തിന്മകൾ റിപ്പോർട്ട് ചെയ്യൂ' (Be wise, report vice) എന്ന കുറിപ്പോടെ #JustPunchIn112 എന്ന ഹാഷ്‌ടാഗും അവർ ഇതിനായി ഉപയോഗിച്ചു.

ഡൽഹി പോലീസും ഈ ക്യാമ്പയിനിൽ പങ്കുചേർന്നു. ഒരു പോലീസ് ഉദ്യോഗസ്ഥൻ പഞ്ചിനൊപ്പം നടന്നുപോകുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, 'പഞ്ചിന്റെ കഥ നമ്മളെ ഒരു കാര്യം ഓർമ്മിപ്പിക്കുന്നു, എല്ലാവർക്കും ആരുടെയെങ്കിലും സഹായം ആവശ്യമാണ്. ഞങ്ങൾ എപ്പോഴും നിങ്ങൾക്കായി ഇവിടെയുണ്ട്' എന്ന് അവർ കുറിച്ചു.

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു എമർജൻസി നമ്പറാണ് 112. പോലീസ്, ആംബുലൻസ്, ഫയർ സർവീസ് എന്നീ സേവനങ്ങൾ ഒരൊറ്റ നമ്പറിലൂടെ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോൺ വിളികൾക്ക് പുറമെ SMS, ഇമെയിൽ, പാനിക് ബട്ടൺ, '112 India' മൊബൈൽ ആപ്പ് എന്നിവയിലൂടെയും ഈ സേവനം പ്രയോജനപ്പെടുത്താം.

View post on Instagram

മൃഗശാലയിൽ മറ്റ് കുരങ്ങന്മാർക്കിടയിൽ ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ് പഞ്ച് ഇപ്പോൾ. തുടക്കത്തിൽ മുതിർന്ന കുരങ്ങന്മാരിൽ നിന്ന് ചെറിയ തോതിലുള്ള അവഗണനയും ഉപദ്രവവും നേരിട്ടെങ്കിലും പഞ്ച് പതുക്കെ തന്റെ കൂട്ടത്തിലേക്ക് ചേരുകയാണെന്ന് മൃഗശാലാ കീപ്പർ കോസുകെ ഷിക്കാനോ പറഞ്ഞു.