അന്തരിച്ച കവി അനിൽ പനച്ചൂരാനെ 'ഒന്നും ആവാതെ പോയൊരാൾ' എന്ന് വിശേഷിപ്പിക്കുന്നത് വേദനിപ്പിക്കുന്നുവെന്ന് ഭാര്യ മായ പനച്ചൂരാൻ. തന്‍റെ നൃത്താധ്യാപികയുമായുള്ള സംഭാഷണം പങ്കുവെച്ചാണ് മായ ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്.
മലയാളിയുടെ കവിതാ ലോകത്ത് എന്നും ഉയർന്നു കേൾക്കുന്ന പേരാണ് അനിൽ പനച്ചൂരാൻ. അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ കവിതകൾ ഇന്നും മലയാളി കേൾക്കുന്നു. എന്നാൽ, ഇന്നും ആളുകൾ അനിൽ പനച്ചൂരാനെ സ്നേഹത്തോടെയാണെങ്കിലും 'ഒന്നും ആവാതെ പോയൊരാൾ' എന്ന് വിശേഷിപ്പിക്കുമ്പോൾ വല്ലാത്തൊരു വിഷമം തോന്നുന്നെന്നും അദ്ദേഹം ചെറിയ ജീവിതം കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തെന്നും എന്നാൽ അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്ന് ചോദിച്ചാൽ ഇല്ലായിരിക്കാമെന്നും എഴുതിയ ഭാര്യ മായ പനച്ചൂരാന്‍റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.
അർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ലായിരിക്കാം
തന്നെ കുറേക്കാലം ഭരതനാട്യം പഠിപ്പിച്ചിരുന്ന പ്രശസ്ത നൃത്താധ്യാപികയായ കലാമണ്ഡലം ശ്രീദേവി ടീച്ചറുമായുള്ള വാട്സാപ്പ് സംഭാഷണത്തിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ടാണ് മായ പനച്ചൂരാൻ, കുറിപ്പെഴുതിയത്. ഇരുവരും തമ്മിലുള്ള സംഭാഷണത്തിൽ ശ്രീദേവി ടീച്ചർ അനിൽ പനച്ചൂരാനെ 'ഒന്നും ആവാതെ പോയൊരാൾ' എന്ന് വിശേഷിപ്പിച്ചിരുന്നു. ശ്രീദേവി ടീച്ചറുടെ മകൾ വൈലോപ്പിള്ളി സംസ്കൃതി ഭവൻ സംഘടിപ്പിക്കുന്ന ചിലങ്ക ഫെസ്റ്റിവൽ കുച്ചിപ്പുടി അവതരിപ്പിക്കുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള സംഭാഷണമധ്യ അനിൽ പനച്ചൂരാൻ വൈസ് ചെയർമാൻ ആയിരുന്ന കാലത്താണ് ചിലങ്ക ഫെസ്റ്റിവൽ തുടങ്ങിയതെന്ന് മായ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ടീച്ചറുടെ പ്രതികരണം.
ടീച്ചർ സ്നേഹത്തോടെ പറഞ്ഞതാണെങ്കിലും പലരും പറയാറുള്ള ആ വാക്കുൾ തന്നെ വിഷമമിപ്പിച്ചെന്ന് മായ കുറിക്കുന്നു. ചെറിയ ജീവിതം കൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്താണ് അനിൽ പനച്ചൂരാൻ പോയതെന്നും എന്നാൽ, അദ്ദേഹം അർഹിക്കുന്ന അംഗീകാരങ്ങൾ അദ്ദേഹത്തിന് കിട്ടിയില്ലായിരിക്കാമെന്നും മായ എഴുതുന്നു. ആരുടെ മുന്നിലും നട്ടെല്ല് വളക്കാതെ, മനസാക്ഷി പണയം വെക്കാതെ അദ്ദേഹം കടന്ന് പോയെന്നും മായ കുറിച്ചു. അനിൽ പനച്ചൂരാന്‍റെ ഫേസ് ബുക്ക് പേജിലാണ് മായ ഈ കുറിപ്പെഴുതിയത്.2021 ജനുവരി 3 ന് കൊവിഡ് ചികിത്സയിലായിരിക്കുമ്പോൾ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അനിൽ പനച്ചൂരാൻ എന്ന അനിൽ കുമാർ പി കെയുടെ മരണം.
മായ പനച്ചൂരാന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം:
ഇത് എന്‍റെ ടീച്ചറിന്‍റെ ഒരു മെസ്സേജും അതിനുള്ള എന്‍റെ മറുപടിയുമാണ്. കലാമണ്ഡലം ശ്രീദേവി ടീച്ചർ. ടീച്ചറിന്‍റെ ഭർത്താവ് കഥകളി ആർട്ടിസ്റ്റ് ശ്രീ. Fact മോഹനൻ. ടീച്ചറിന്‍റെ മകൾ വൈലോപ്പിള്ളി സംസ്കൃതി ഭവൻ നടത്തുന്ന ചിലങ്ക ഫെസ്റ്റിൽ കുച്ചിപ്പുടി അവതരിപ്പിക്കാൻ പോവുകയാണ്. കുറേക്കാലം ഞാൻ ടീച്ചറിൽ നിന്നും ഭരതനാട്യം പഠിച്ചിരുന്നു. അനിച്ചേട്ടൻ പോയപ്പോഴാണ് അത് നിന്നു പോയത്. ഇപ്പോൾ ഐശ്വര്യ ദിലീപ് ടീച്ചറിന്‍റെ അടുത്താണ് ഞാൻ പഠിക്കുന്നത്.
"ഒന്നും ആവാതെ പോയൊരാൾ " എന്നു പറഞ്ഞു കേൾക്കുമ്പോൾ വല്ലാത്തൊരു വിഷമമാണ്. ടീച്ചർ സ്നേഹം കൊണ്ട് ഇങ്ങനെ പറയുന്നതാവാം. മറ്റു പലരും അങ്ങിനെ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്... അദ്ദേഹം, തന്‍റെ ചെറിയ ജീവിതം കൊണ്ടു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്തു വെച്ചിട്ടു പോയൊരാൾ തന്നെയാണ്.. അതിനു അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടിയോ എന്നു ചോദിച്ചാൽ ഇല്ലെന്നാവാം ഒരു പക്ഷേ മറുപടി. അതൊന്നും സാരമില്ല. ആരുടെ മുന്നിലും നട്ടെല്ല് വളക്കാതെ, മനസാക്ഷി പണയം വെക്കാതെ കടന്നു പോകാൻ കഴിഞ്ഞല്ലോ, അതു മതി ❤️
മായ പനച്ചൂരാൻ.


