തന്നെ വിഷം തന്ന് കൊല്ലാനുള്ള പദ്ധതിക്ക് ഭാര്യയെ സഹായിച്ചത് ചാറ്റ്ജിപിടി; ഓപ്പൺഎഐക്കെതിരെ കേസുമായി യുവാവ്

Published : Nov 10, 2026, 08:26 AM IST
ChatGPT

Synopsis

ഭർത്താവിന്റെ ശരീരഭാരത്തിന് അനുയോജ്യമായ വിഷത്തിന്റെ അളവ്, അത് നൽകേണ്ട രീതികൾ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വിവരങ്ങൾ ചാറ്റ്ജിപിടി നൽകിയെന്നാണ് ഹർജിയിൽ പറയുന്നത്.

തന്നെക്കൊല്ലാൻ ഭാര്യ നടത്തിയ ​ഗൂഢാലോചനയിൽ ചാറ്റ്ജിപിടിക്കും പങ്കുണ്ടെന്ന് കാണിച്ച് ഓപ്പൺഎഐക്കെതിരെ കേസ് കൊടുത്ത് യുവാവ്. കൊല്ലാനുള്ള ഗൂഢാലോചനയ്ക്ക് സാങ്കേതിക സഹായം നൽകിയത് ഓപ്പൺഎഐയുടെ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ആണെന്ന് ആരോപിച്ചാണ് വടക്കൻ കരോലിന സ്വദേശിയായ ജെയിംസ് ഗേറ്റ്സ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഓപ്പൺഎഐക്കും കമ്പനി സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെ സാൻ ഫ്രാൻസിസ്കോ കൗണ്ടി സുപ്പീരിയർ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.

കഴിഞ്ഞ വർഷം ഭാര്യ വിഷം നൽകി കൊല്ലാൻ ശ്രമിച്ചെങ്കിലും ജെയിംസ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ജെയിംസിന്റെ ഭാര്യ ഷെറിൽ ഗേറ്റ്സിനെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

'പെട്ടെന്ന് അവൾ എനിക്ക് തീർത്തും അപരിചിതയായ ഒരാളായി മാറി. ഒടുവിൽ ഞാൻ അവൾക്ക് കൊല്ലേണ്ട ഒരാളായും മാറി. ഏകദേശം ഒരു വർഷത്തോളം അവൾ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. എന്നാൽ, അവളുടെ ചാറ്റ് ഹിസ്റ്ററി വായിച്ചു നോക്കിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. അവൾ ഒറ്റയ്ക്കായിരുന്നില്ല ഇതൊക്കെ ചെയ്തത്' എന്നാണ് ജെയിംസ് തന്റെ അഭിഭാഷകർ വഴി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.

കേസ് വിവരങ്ങൾ അനുസരിച്ച്, 2025 -ൽ ഷെറിൽ ചാറ്റ്ജിപിടിയുമായി നൂറുകണക്കിന് സംഭാഷണങ്ങൾ നടത്തിയിരുന്നു. ജോലി, കുട്ടികളുടെ കാര്യങ്ങൾ, മരുന്നുകളുടെ അളവ്, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയിലെല്ലാം ചാറ്റ്ജിപിടിയുടെ ഉപദേശം തേടിയ ഷെറിൽ, ക്രമേണ ഇതിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായി കാണാൻ തുടങ്ങി. ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ പിന്നീട് ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുന്നതിനുള്ള കൃത്യമായ പദ്ധതികളിലേക്ക് വഴിമാറുകയായിരുന്നു. ചാറ്റ്ജിപിടി ഷെറിലിന്റെ ഭയങ്ങളെ ന്യായീകരിക്കുകയും തെറ്റിദ്ധാരണകൾ വർദ്ധിപ്പിക്കുകയും ചെയ്ത് കൊലപാതകത്തിനുള്ള പദ്ധതിക്ക് രൂപം നൽകാൻ സഹായിച്ചതായി അഭിഭാഷകർ ആരോപിക്കുന്നു.

ഭർത്താവിന്റെ ശരീരഭാരത്തിന് അനുയോജ്യമായ വിഷത്തിന്റെ അളവ്, അത് നൽകേണ്ട രീതികൾ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വിവരങ്ങൾ ചാറ്റ്ജിപിടി നൽകിയെന്നാണ് ഹർജിയിൽ പറയുന്നത്. 2025 ജൂലൈയിൽ ജെയിംസിന് കടുത്ത ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളും വയറുവേദനയും തളർച്ചയും അനുഭവപ്പെട്ടിരുന്നു. പിന്നീട് ഭാര്യ എഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയതോടെയാണ് തനിക്ക് വിഷം തന്നിരിക്കുന്നതായി ജെയിംസ് തിരിച്ചറിയുന്നത്. അരളി, വിവിധ മരുന്നുകൾ, ചാറ്റ്ജിപിടി ലോഗ് ഔട്ട് ചെയ്യാനും സംഭാഷണങ്ങൾ മായ്ക്കാനുമുള്ള നിർദ്ദേശങ്ങൾ എന്നിവയെല്ലാം ഈ കുറിപ്പിൽ ഉണ്ടായിരുന്നു.

നെ​ഗ്ലിജെന്റ് ഡിസൈൻ, മുന്നറിയിപ്പ് നൽകുന്നതിൽ വന്ന പരാജയം, മാനസിക പീഡനം എന്നിവയടക്കം ഒമ്പത് പ്രധാന ആരോപണങ്ങളാണ് കേസിൽ ഓപ്പൺഎഐയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ, സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ആരോപണവിധേയയായ ഉപയോക്താവിനെ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കിയിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും ഓപ്പൺഎഐ വക്താവ് അറിയിച്ചു.

തെറ്റായ മറുപടികളും ഉപദേശങ്ങളും മൂലം മുൻപും ഓപ്പൺഎഐ സമാനമായ നിയമനടപടികൾ നേരിട്ടിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പസഫിക് സമുദ്രത്തിൽ 9 മണിക്കൂർ; വീണത് ക്രൂയിസ് ഷിപ്പില്‍ നിന്ന്? പിയാനിസ്റ്റിനെ രക്ഷപ്പെടുത്തി മത്സ്യത്തൊഴിലാളികൾ
മകളുടെ ജീവനെടുത്ത അപകടം; നിയമം ലംഘിക്കുന്നവരെ പിടികൂടാൻ ദിവസവും റോഡിൽ കാവലിരുന്ന് പിതാവ്