
2025 കഴിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ എല്ലാവരും കഴിഞ്ഞ വർഷത്തെ ലാഭ നഷ്ടങ്ങളുടെയും വളർച്ചയുടെയും വീഴ്ചയുടെയും കണക്കെടുപ്പിലാണ്. പുതിയ വർഷം എങ്ങനെ കൂടുതൽ മെച്ചപ്പെടുത്താമെന്ന അന്വേഷണത്തിന്‍റെ ഭാഗം കൂടിയാണ് ഈ കണക്കെടുപ്പ്. പതിവ് പോലെ ഡെലിവറി ആപ്പായ സ്വിഗ്ഗിയും തങ്ങളുടെ കഴിഞ്ഞ വർഷത്തെ ചില കണക്കുകൾ പുറത്ത് വിട്ടു. തങ്ങളുടെ ആപ്പ് വഴി കഴിഞ്ഞ വർഷം ഉപഭോക്താക്കൾ വാങ്ങിയ സാധനങ്ങളുടെ കണക്ക് വിവരങ്ങളാണ് സ്വിഗ്ഗി പുറത്ത് വിട്ടത്. 2025 ഇന്ത്യക്കാരെന്ത് എത്ര വാങ്ങിയെന്ന ചോദ്യങ്ങളുടെ ഉത്തരം തേടൽ കൂടിയായി സ്വിഗ്ഗിയുടെ കണക്കെടുപ്പ്.
2025 -ൽ ഇന്ത്യക്കാർ സ്വിഗ്ഗി ഇന്‍സ്റ്റാമാർട്ട് വഴി വാങ്ങിയ വസ്തുക്കളുടെ കണക്കുകളാണ് പുറത്ത് വിട്ടത്. ഇതിൽ ഐഫോണ്‍ മുതൽ പാലും സ്വർണവും പച്ചക്കറികളും ചിപ്സും എന്തിന് കറിവേപ്പില വരെ ഉൾപ്പെടുന്നു. അതേസമയം ചില ഉപഫോക്താക്കളുടെ ഓർഡറുകൾ പ്രത്യേക ശ്രദ്ധ നേടി. അതിൽ ഏറ്റവും ശ്രദ്ധനേടിയത് ചെന്നൈ സ്വദേശിയുടെ ഒരു ഓർഡറാണ്. പേരോ ലിംഗമോ വെളിത്തപ്പെടുത്താത്തയാൾ കഴിഞ്ഞ ഒരു വർഷം ഒരു ലക്ഷം രൂപയുടെ കോണ്ടമാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാർട്ട് വഴി ഓർഡർ ചെയ്തത്.
228 വ്യത്യസ്ത ഓർഡറുകളിലൂടെയാണ് ഈ ഉപഭോക്താവ് ഒരു ലക്ഷം രൂപയുടെ (കൃത്യമായി പറഞ്ഞാൽ 1,06,398 രൂപ) കോണ്ടങ്ങൾ വാങ്ങിയതെന്നും സ്വിഗ്ഗി വ്യക്തമാക്കുന്നു. ഇൻസ്റ്റാമാർട്ട് വഴി ഏറ്റവും കുടുതൽ വില്ക്കപ്പെടുന്ന ഒരു വസ്തുവും കോണ്ടമാണെന്ന് കണക്കുകൾ പറയുന്നു. 127 ഓർഡറുകളിൽ ഒരു ഓർഡർ കോണ്ടമാണെന്ന് ഇന്‍സ്റ്റാമാർട്ടിന്‍റെ കണക്കുകൾ പറയുന്നു. അതേസമയം 2025 സെപ്തംബർ മാസത്തിൽ മറ്റ് മാസങ്ങളെക്കാൾ 27 ശതമാനം അധിക കോണ്ടങ്ങൾ വിറ്റ് പോയെന്നും കണക്കുകൾ പറയുന്നു.
ഒരു ബെംഗളൂരു സ്വദേശിയാണ് ഒറ്റ ഓർഡറിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ചയൾ. അദ്ദേഹം മൂന്ന് ഐഫോണുകളാണ് ഒറ്റ ഓർഡറിൽ വാങ്ങിയത്. ഇതിനായി 4.3 ലക്ഷം രൂപ ഒറ്റയടിക്ക് ചെലവഴിച്ചു. നോയിഡയിൽ, ഒരു ടെക് പ്രേമി ഒറ്റയടിക്ക് 2.69 ലക്ഷം രൂപ ചെലവഴിച്ച് രണ്ടാം സ്ഥാനം നേടി. അതേസമയം ബെംഗളൂരു നിവാസികൾ നല്ല ഉപഭോക്താക്കൾ മാത്രമല്ല, ഉദാരമതികളുമാണെന്ന് കണക്കുകൾ പറയുന്നു. ഒരു ബെംഗളൂരുകാരൻ ടിപ്പുകൾക്ക് മാത്രം ചെലവഴിച്ചത് 68,600 രൂപ. ഒരു മുംബൈ സ്വദേശി റെഡ് ബുൾ ഷുഗർ ഫ്രീയ്ക്കായി ചെലവഴിച്ചത് 16.3 ലക്ഷം രൂപ. മറ്റൊരു ചെന്നൈ സ്വദേശി തന്‍റെ വളർത്തുമൃഗങ്ങൾക്കായി കഴിഞ്ഞ വർഷം മാത്രം 2.41 ലക്ഷം രൂപയുടെ വസ്തുക്കളാണ് വാങ്ങിയത്.