
ചെർണോബിൽ ആണവ ദുരന്തം നടന്ന സ്ഥലത്തിന് സമീപത്തായി നിരവധി നീല നിറത്തിലുള്ള നായ്ക്കൾ. ഇവയുടെ ഞെട്ടിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഈ മാറ്റം സംഭവിച്ചതെന്നും അതിന്റെ കാരണമെന്താണെന്ന് തങ്ങൾക്ക് ഉറപ്പില്ലെന്നും പ്രദേശവാസികൾ പറയുന്നു. 'ഡോഗ്സ് ഓഫ് ചെർണോബിൽ' എന്ന ഓർഗനൈസേഷനാണ് ഇവിടെയുള്ള നായകളെ പരിചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഓർഗനൈസേഷൻ പറയുന്നതും എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് തങ്ങൾക്ക് ഉറപ്പില്ല എന്നാണ്.
'ഡോഗ്സ് ഓഫ് ചെർണോബിൽ' തന്നെയാണ് നായകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'ചെർണോബിലിൽ കണ്ടെത്തിയ നീലനിറത്തിലുള്ള നായ്ക്കൾ. നമ്മൾ ചർച്ച ചെയ്യേണ്ടുന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവമാണിത്. വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടുന്നതിനായി ഞങ്ങൾ അവിടെയുണ്ടായിരുന്നു. പൂർണമായും നീലനിറമായ മൂന്ന് നായ്ക്കളെയാണ് ഞങ്ങൾ കണ്ടുമുട്ടിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കും കൃത്യമായി അറിയില്ല' എന്നാണ് ഓർഗനൈസേഷൻ കുറിച്ചിരിക്കുന്നത്.
'ഇവിടെയുള്ള ആളുകളും ഞങ്ങളോട് നായകൾ നീലനിറമായതിന്റെ കാരണങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്നാൽ, ഞങ്ങൾക്കും അതേക്കുറിച്ചറിയില്ല. എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഞങ്ങൾ അവയെ പിടികൂടാൻ ശ്രമിക്കയാണ്. ഏതെങ്കിലും തരത്തിലുള്ള രാസവസ്തുക്കളായിരിക്കാം ഇതിന് കാരണം എന്നാണ് കരുതുന്നത്. അവ വളരെ ആക്ടീവായിട്ടാണ് നിൽക്കുന്നത്, അതിനാൽ തന്നെ ഇപ്പോൾ അവയെ പിടികൂടാൻ സാധിക്കില്ല' എന്നും കുറിപ്പിൽ പറയുന്നു.
വീഡിയോയിൽ നിരവധി നായ്ക്കളെ കാണാം. അതിൽ നീലനിറത്തിലുള്ള നായകളെയും കാണാം. വീഡിയോയുടെ താഴെ നിരവധിപ്പേരാണ് കമന്റ് നൽകിയിരിക്കുന്നത്. എന്താവാം നായകൾക്ക് നീലനിറം വരാൻ കാരണം എന്നാണ് മിക്കവരും ചോദിക്കുന്നത്. അതേസമയം, ചരിത്രത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ദുരന്തമാണ് 1986 -ലെ ചെർണോബിൽ ന്യൂക്ലിയർ ദുരന്തം. ഏപ്രിൽ 26 -ന് രാത്രി 01:23:40 -നായിരുന്നു അപകടം നടന്നത്. പ്രിപ്യാറ്റിലെ ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിന് കാരണമായത്.