മക്കളെ ശിശുപീഡകരിൽ നിന്നും സംരക്ഷിക്കാൻ താൻ ചെയ്യുന്ന അഞ്ച് കാര്യങ്ങൾ, പൊലീസുദ്യോ​ഗസ്ഥയുടെ വീഡിയോ വൈറൽ

By Web TeamFirst Published Nov 28, 2022, 1:04 PM IST
Highlights

അവസാനമായി ടെറ പറയുന്നത്, കുട്ടികളോട് തങ്ങളുടെ സ്വകാര്യഭാ​ഗങ്ങൾക്ക് മറ്റ് പേരുകളിട്ട് വിളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്നതാണ്. പകരം യഥാർത്ഥത്തിൽ ആ ശരീരഭാ​ഗത്തിന്റെ പേര് എന്താണോ അത് മാത്രമേ ഉപയോ​ഗിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട് എന്നും ടെറ പറയുന്നു. 

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വലിയ തരത്തിൽ വർധിച്ച് കൊണ്ടിരിക്കുകയാണ്. അത് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ലോകത്തെല്ലായിടത്തും കുട്ടികൾക്ക് നേരെ അതിക്രമം നടക്കുന്നുണ്ട്. അടുത്തിടെ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈം​ഗികാതിക്രമങ്ങൾ‌ അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോ​ഗസ്ഥ ചെയ്ത ടിക്ടോക് വീഡിയോ വലിയ വൈറലായിരുന്നു. അതിൽ അവർ പറയുന്നത് തന്റെ മക്കളെ ശിശുപീഡകരിൽ നിന്നും സംരക്ഷിക്കാൻ താൻ ചെയ്യുന്ന അഞ്ച് കാര്യങ്ങൾ എന്തൊക്കെയാണ് എന്നതാണ്. 

അതിൽ ആദ്യത്തേതായി അവർ പറയുന്നത് കുട്ടികളെ സ്ലീപ്പ്ഓവറിന് (sleepovers) അനുവദിക്കില്ല എന്നതാണ്. മറ്റൊരാളുടെ വീട്ടിൽ രാത്രി കഴിയാൻ താൻ മക്കളെ അനുവദിക്കില്ല എന്നും അവിടെ ആരൊക്കെ ഉണ്ടാവും എന്ന് നമുക്ക് യാതൊരു ഉറപ്പുമില്ല എന്നും പൊലീസുദ്യോ​ഗസ്ഥയായ ടെറ അവില്ല പറയുന്നു. താൻ മക്കൾക്ക് സ്ലീപ്പ്ഓവേഴ്സ് അനുവദിക്കാത്തതു കൊണ്ടുതന്നെ തന്നെ വിമർശിക്കുന്നവർ ഒരുപാടുണ്ട്, എന്നാൽ താനത് കാര്യമാക്കുന്നില്ല എന്നും ടെറ പറയുന്നു. 

അടുത്തതായി ടെറ പറയുന്നത് താൻ മക്കളെ സ്നാപ്ചാറ്റ് ഉപയോ​ഗിക്കാൻ അനുവദിക്കില്ല എന്നതാണ്. ആ ആപ്പിൽ നല്ലതായി ഒന്നുമില്ല. ഒരുപാട് പീഡകർ ചെറിയ കുട്ടികളെ വലയിലാക്കുന്നതിനായി സ്നാപ്ചാറ്റ് ഉപയോ​ഗിക്കുന്നുണ്ട്. മാത്രമല്ല ലൊക്കേഷൻ മനസിലാക്കാനും അത് വഴി സാധിക്കും. കൂടാതെ ചിത്രങ്ങൾ അയച്ചു കൊടുത്താൽ ഡിലീറ്റ് ചെയ്യപ്പെടും എന്നാണ് കുട്ടികളെല്ലാം കരുതുന്നത്. എന്നാൽ, അത് അങ്ങനെയല്ല എന്നും ടെറ പറയുന്നു. 

മൂന്നാമതായി ടെറ പറയുന്നത്, ഒരാളെയും കെട്ടിപ്പിടിക്കാനോ ഉമ്മ വയ്ക്കാനോ താൻ തന്റെ മക്കളെ നിർബന്ധിക്കില്ല എന്നാണ്. കുട്ടികളുടെ ശരീരം അവരുടെ സ്വാതന്ത്ര്യമാണ്. അവർക്ക് കെട്ടിപ്പിടിക്കാൻ താൽപര്യമില്ലാത്ത ഒരാളെയും കെട്ടിപ്പിടിക്കാൻ താൻ ആവശ്യപ്പെടില്ല എന്നും ടെറ പറഞ്ഞു. 

അടുത്തതായി ടെറ പറയുന്നത് മുതിർന്ന ഒരാൾക്കും ഒരു കുട്ടിയോട് ഒരു രഹസ്യവും പറയേണ്ട കാര്യമില്ല എന്നത് കുട്ടികൾ മനസിലാക്കിയിരിക്കണം, അതവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നാണ്. കൂട്ടുകാർക്ക് വേണ്ടി അപകടകരമല്ലാത്ത രഹസ്യങ്ങൾ സൂക്ഷിക്കാം എന്നും ടെറ സമ്മതിക്കുന്നുണ്ട്. 

അവസാനമായി ടെറ പറയുന്നത്, കുട്ടികളോട് തങ്ങളുടെ സ്വകാര്യഭാ​ഗങ്ങൾക്ക് മറ്റ് പേരുകളിട്ട് വിളിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട് എന്നതാണ്. പകരം യഥാർത്ഥത്തിൽ ആ ശരീരഭാ​ഗത്തിന്റെ പേര് എന്താണോ അത് മാത്രമേ ഉപയോ​ഗിക്കാവൂ എന്ന് പറഞ്ഞിട്ടുണ്ട് എന്നും ടെറ പറയുന്നു. 

thegirlcop എന്ന ടിക്ടോക് ഐഡിയിൽ ടെറ ​ഗാർഹിക പീഡനത്തേയും, കുട്ടികളുടെ മേലുള്ള അതിക്രമങ്ങളെയും സംബന്ധിച്ച് നിരവധി കാര്യങ്ങൾ പങ്ക് വയ്ക്കാറുണ്ട്. അതിനെല്ലാം വലിയ സ്വീകാര്യതയാണ് കിട്ടാറുള്ളത്. ഈ വീഡിയോയ്ക്കും അതുപോലെ നിരവധി പൊസിറ്റീവായിട്ടുള്ള കമന്റുകളാണ് ലഭിച്ചത്. 

click me!