ബാല്യകാലം മുതൽ സുഹൃത്തുക്കൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഒളിച്ചോടി വിവാഹിതരായി

Published : Jul 15, 2023, 02:51 PM IST
ബാല്യകാലം മുതൽ സുഹൃത്തുക്കൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഒളിച്ചോടി വിവാഹിതരായി

Synopsis

വീട്ടുകാർ തങ്ങളെ ഉപദ്രവിക്കും എന്നും അതുകൊണ്ട് വീട്ടിലേക്ക് തിരികെ പോകാൻ ഭയമാണ് എന്നുമാണ് പെൺകുട്ടികൾ പറഞ്ഞത്. പ്രിയാകുമാരി പെൺകുട്ടികളുടെ വീട്ടുകാരോട് സംസാരിക്കുകയും ഇരുവരെയും ഉപദ്രവിക്കില്ല എന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു.

ബിഹാറിൽ ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്ന പെൺകുട്ടികൾ ഒളിച്ചോടി വിവാഹിതരായി. ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ല. റോഹ്താസ് ജില്ലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുവരും വളരെ ചെറുപ്പം മുതൽ തന്നെ ഉറ്റസുഹൃത്തുക്കളായിരുന്നു. സ്കൂളിലും ട്യൂഷൻ ക്ലാസുകളിലും എല്ലാം ഇരുവരും ഒരുമിച്ചായിരുന്നു പോയ്‍ക്കൊണ്ടിരുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ഒളിച്ചോടി വിവാഹിതരാവുകയുമായിരുന്നു. 

ഇരുവരും അയൽക്കാരാണ്. വീട്ടുകാർ തമ്മിലും നല്ല സൗഹൃദത്തിലാണ്. എന്നാൽ, പെൺകുട്ടികൾ എന്നുമുതലാണ് പ്രണയത്തിലായത് എന്ന് വീട്ടുകാർക്ക് അറിയില്ല. തങ്ങൾ ആഴത്തിലുള്ള സ്നേഹത്തിലാണ് എന്നും ഒരുമിച്ച് കഴിയാൻ ആ​ഗ്രഹിക്കുന്നു എന്നും പെൺകുട്ടികൾ പറഞ്ഞു. 

ജൂൺ ഒന്നിന് പെൺകുട്ടികളിൽ ഒരാൾ വിവാഹിതയായിരുന്നു. എന്നാൽ, ഭർത്താവിന്റെ വീട്ടിൽ വളരെ കുറച്ച് നാളുകൾ മാത്രമാണ് അവൾ താമസിച്ചത്. പിന്നീട് അവിടെ നിൽക്കാൻ താല്പര്യമില്ല എന്ന് അറിയിച്ച് കൊണ്ട് സ്വന്തം വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. പിന്നീട് രണ്ടു പെൺകു‌ട്ടികളും ഒളിച്ചോടി. സിദ്ധ ശക്തിപീഠം ഭാലൂനി ഭവാനി ധാമിൽ വച്ച് ഇരുവരും വിവാഹിതരായി. 

അതേ സമയം ഇരുവരു‌ടേയും വീട്ടുകാർ പെൺകുട്ടികളെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സൂര്യപുര പൊലീസ് സ്റ്റേഷനിലെത്തി. പെൺകുട്ടികളിൽ ഒരാൾ അണ്ടർ​ഗ്രാജ്വേറ്റ് വിദ്യാർത്ഥിയാണ്. ഒരാൾ മെട്രിക്കുലേഷൻ പാസായിട്ടുണ്ട്. സൂര്യപുര പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് പ്രിയാകുമാരി പെൺകുട്ടികളോട് കാര്യങ്ങൾ വിശദീകരിച്ചു. ഒരുമിച്ച് താമസിക്കണമെങ്കിൽ ഇരുവർക്കും പ്രായപൂർത്തിയാകേണ്ടതുണ്ട് എന്നും ഇരുവരേയും ബോധ്യപ്പെടുത്തി. 

എന്നാൽ, വീട്ടുകാർ തങ്ങളെ ഉപദ്രവിക്കും എന്നും അതുകൊണ്ട് വീട്ടിലേക്ക് തിരികെ പോകാൻ ഭയമാണ് എന്നുമാണ് പെൺകുട്ടികൾ പറഞ്ഞത്. പ്രിയാകുമാരി പെൺകുട്ടികളുടെ വീട്ടുകാരോട് സംസാരിക്കുകയും ഇരുവരെയും ഉപദ്രവിക്കില്ല എന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു. ശേഷം ഇരു പെൺകുട്ടികളെയും വീട്ടുകാർക്കൊപ്പം അയക്കുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇവിടെ വൈദ്യുതിയും ശുദ്ധവായുവും വരെ ആഡംബരം; വിദേശത്ത് നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ കുറിപ്പ്
അമ്മയുടെ അന്ത്യകർമ്മങ്ങൾക്കിടയിലെ വേദനിപ്പിക്കുന്ന ആ നിമിഷം, 160 -ൽ നിന്നും 85 കിലോയിലേക്ക്, യുവാവിന്‍റെ യാത്രയുടെ തുടക്കമിങ്ങനെ