ഹാം എന്ന ചിമ്പാൻസിയുടെ ബഹിരാകാശ യാത്ര, മനുഷ്യനും മുമ്പേ കുതിച്ചവൻ തിരികെയെത്തിയത് ഇങ്ങനെ...

Published : May 01, 2021, 03:10 PM IST
ഹാം എന്ന ചിമ്പാൻസിയുടെ ബഹിരാകാശ യാത്ര, മനുഷ്യനും മുമ്പേ കുതിച്ചവൻ തിരികെയെത്തിയത് ഇങ്ങനെ...

Synopsis

ഹാമിന്റെ യാത്ര 16 മിനിറ്റ് നീണ്ടുനിന്നു. ഏകദേശം 5800 മൈൽ വേഗതയിൽ, ഭൂമിയിൽ നിന്ന് 157 മൈൽ ഉയരത്തിൽ അവൻ സഞ്ചരിച്ചു. 

ബഹിരാകാശത്ത് കാലുകുത്തിയ ആദ്യത്തെ അമേരിക്കക്കാരനാണ് അലൻ ഷെപ്പേർഡ്. എന്നാൽ, അതിന് മൂന്ന് മാസം മുമ്പ് ഒരു ചിമ്പാൻസി ബഹിരാകാശത്തേയ്ക്ക് യാത്ര പോയി. അവന്റെ പേര് ഹാം. 60 വർഷം മുമ്പാണ് നാസ അവനെ ബഹിരാകാശത്തേയ്ക്ക് അയച്ചത്. അവനെ 65 -ാം നമ്പർ എന്നാണ് വിളിച്ചിരുന്നത്. യാത്രക്കുള്ള തയ്യാറെടുപ്പ് മാസങ്ങൾക്ക് മുൻപേ ആരംഭിച്ചു. അവന് ന്യൂ മെക്സിക്കോയിലെ ഹോളോമാൻ എയർഫോഴ്സ് ബേസിൽ തീവ്ര പരിശീലനം നൽകി. മിന്നുന്ന നീല വെളിച്ചം കണ്ട് അഞ്ച് സെക്കൻഡിനുള്ളിൽ ഒരു ലിവർ വലിക്കാൻ അവനെ അവർ പഠിപ്പിച്ചു.

അവന്റെ ജനനം ഏകദേശം 1957 -ലാണ് എന്ന് വിശ്വസിക്കുന്നു. കാമറൂണിൽ ജനിച്ച ഹാമിനെ പിടികൂടി ഫ്ലോറിഡയിലെ Miami Rare Bird Farm എന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. പ്രോജക്ട് മെർക്കുറിയുടെ ഭാഗമായി ബഹിരാകാശ യാത്ര പരിശീലനത്തിനായി 1959 ജൂലൈയിൽ ഹാമിനെ എൻ‌എമ്മിലെ അലാമോഗോർഡോയിലെ ഹോളോമാൻ എയർഫോഴ്‌സ് ബേസിലേക്ക് മാറ്റി. ഹാമും അവനെ പോലുള്ള ചിമ്പാൻസികളും ഒരു കസേരയിൽ വളരെക്കാലം തടവിലാക്കപ്പെട്ടു. ലൈറ്റ് കാണുന്നതിനനുസരിച്ച് ലിവർ പ്രവർത്തിപ്പിക്കാൻ അവയ്ക്ക് പരിശീലനം നൽകി. 18 മാസത്തെ പരിശീലനത്തിന് ശേഷം, ജീവൻ അപകടത്തിലാകുന്ന ബഹിരാകാശ പറക്കലിനായി അവനെ തിരഞ്ഞെടുത്തു. 1961 ജനുവരി 31 -ന്, ഫ്ലോറിഡയിലെ കേപ് കനാവറലിലെ ലോഞ്ച് പാഡിൽ മണിക്കൂറുകളോളം കാത്തിരുന്ന ശേഷം മിനി സ്പെയ്സ് സ്യൂട്ട് ധരിപ്പിച്ച്  3 ½ വയസ്സുള്ള ഹാമിനെ ബഹിരാകാശത്തേക്ക് അയച്ചു.

പറക്കലിനിടെ, അവൻ നല്ല രീതിയിൽ തന്റെ ദൗത്യത്തെ നിയന്ത്രിച്ചു. ഹാമിന്റെ യാത്ര 16 മിനിറ്റ് നീണ്ടുനിന്നു. ഏകദേശം 5800 മൈൽ വേഗതയിൽ, ഭൂമിയിൽ നിന്ന് 157 മൈൽ ഉയരത്തിൽ അവൻ സഞ്ചരിച്ചു. ഏകദേശം 6 ½ മിനിറ്റ് കഴിഞ്ഞപ്പോൾ അവന് ഭാരക്കുറവ് അനുഭവപ്പെട്ടു. തീവ്രമായ വേഗത, ഗുരുത്വാകർഷണം, ഭാരക്കുറവ് എന്നിവ ഉണ്ടായിരുന്നിട്ടും, ഹാം തന്റെ ചുമതലകൾ കൃത്യമായി നിർവഹിച്ചു. അതിനിടെ മെർക്കുറി കാപ്സ്യൂളിന് സമ്മർദ്ദം നഷ്ടപ്പെട്ടു. എന്നാൽ, ഹാം തന്റെ സ്പെയ്സ് സ്യൂട്ട് ഉപയോഗിച്ച് രക്ഷിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിൽ അവന്റെ ക്യാപ്‌സ്യൂൾ സുരക്ഷിതമായി എത്തി. എന്നാൽ, മണിക്കൂറുകൾക്ക് ശേഷമാണ് അവനെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. മൂക്ക് മുറിഞ്ഞു എന്നതൊഴിച്ചാൽ, പരിക്കുകൾ ഒന്നും ഏൽക്കാതെ അവൻ അത്ഭുതകരമായി രക്ഷപ്പെട്ടു. അല്പം മന്ദഗതിയിലാണ് അവൻ ലിവർ വലിച്ചതെങ്കിലും, ബഹിരാകാശത്ത് മനുഷ്യന്റെ മോട്ടോർ നിയന്ത്രണം സാധ്യമാണെന്ന് ഈ നേട്ടം തെളിയിച്ചു. ബഹിരാകാശത്തെ ആദ്യത്തെ ചിമ്പാൻസിയായി അങ്ങനെ ഹാം മാറി.  

ബഹിരാകാശത്തേയ്‌ക്ക് യാത്ര പോയ പരീക്ഷണ മൃഗങ്ങളുടെ പട്ടികയിൽ അവനും ഇടം നേടി. 1983 -ൽ മരിക്കുന്നതുവരെ ഹാം യുഎസ് മൃഗശാലകളിൽ സുഖപ്രദമായ ജീവിതം നയിച്ചു. കൂടാതെ മറ്റൊരു ദേശീയ നായകനായ എവെൽ നീവെലിനൊപ്പം സിനിമയിൽ പ്രത്യക്ഷപ്പെടാൻ പോലും അവന് അവസരം ലഭിച്ചു. ചരിത്രപരമായ ബഹിരാകാശ യാത്രയ്ക്ക് 22 വർഷത്തിനുശേഷം, 1983 ജനുവരി 18 -ന് 26 വയസ്സുള്ളപ്പോൾ അവൻ ഈ ലോകത്തോട് യാത്ര പറഞ്ഞു.


 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!