കൊളംബിയൻ ഗായകൻ യെയ്‌സൺ ജിമെനെസ് ഉൾപ്പെടെ അഞ്ച് പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ്, താൻ വിമാനാപകടത്തിൽ മരിക്കുന്നത് മൂന്ന് തവണ സ്വപ്നം കണ്ടതായി അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
സംഗീത പരിപാടിക്കായി മെഡെലിനിലേക്ക് യാത്ര ചെയ്യുന്നതിനിടെ കൊളംബിയയിലെ പൈപ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്നുവീണു. വിമാന പൈലറ്റ് ക്യാപ്റ്റൻ ഹെർണാണ്ടോ ടോറസ്, യാത്രക്കാരായ ജുവാൻ മാനുവൽ റോഡ്രിഗസ്, ഓസ്കാർ മാരിൻ, ജെഫേഴ്സൺ ഒസോറിയോ, ജിമെനെസ് എന്നിവരുൾപ്പെടെ അഞ്ച് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരും അപകത്തിൽ കൊല്ലപ്പെട്ടു. അടുത്തിടെ സാധാരണമായ മറ്റൊരു വിമാനാപകടം പോലെ തോന്നാമെങ്കിലും മരിച്ച യാത്രക്കാരിലൊരാളും ഗായകനുമായ ജിമെനെസ് എന്ന യെയ്‌സൺ ഒർലാൻഡോ ജിമെനെസ് ഗലിയാനോ (34) മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ വെളിപ്പെടുത്തൽ വൈറലായി. അദ്ദേഹം സ്വന്തം മരണം അതും വിമാനാപകടത്തെ തുടർന്നുള്ള സ്വന്തം മരണം മൂന്ന് തവണ സ്വപ്നം കണ്ടെന്നായിരുന്നു വെളിപ്പെടുത്തിയത്.
സ്വപ്ന ദർശനം
മൂന്ന് ആഴ്ച മുമ്പ് യൂട്യൂബിൽ അപ്പ് ചെയ്ത ഒരു ഇന്‍റവ്യൂവിലാണ് ജിമെനെസ് തന്‍റെ സ്വപ്ന ദർശനങ്ങളെ കുറിച്ച് പറഞ്ഞത്. അതിന് പിന്നാലെ ജനുവരി 10 -നുണ്ടായ വിമാനാപകടത്തിൽ അദ്ദേഹവും സഹയാത്രക്കാരായ മറ്റ് നാല് പേരും കൊല്ലപ്പെട്ടു. കൊളമ്പിയൻ ഗായകനും പാട്ടെഴുത്തുകാരനും സംഗീത സംവിധായകനുമാണ് ജിമെനെസ്. മൂന്ന് തവണയാണ് ജിമെനെസ് വിമാനാപടത്തെ തുടർന്നുള്ള തന്‍റെ മരണം സ്വപ്നം കണ്ടത്. ഈ സ്വപ്നങ്ങൾ അടയാളങ്ങളാണെന്ന് തനിക്ക് തോന്നിയെങ്കിലും, ആ സമയത്ത് അവ മനസ്സിലായില്ലെന്നും ജിമെനെസ് വീഡിയോയിൽ പറയുന്നു. ഒരു സ്വപ്നത്തിൽ, വിമാനം കുലുങ്ങുന്നതും നിയന്ത്രണം നഷ്ടപ്പെടുന്നതും വായുവിൽ ശരിയായി ഉയരാത്തതുമായ സ്വപ്നമാണ് കണ്ടത്. തുടർച്ചയായുള്ള സ്വപ്നങ്ങൾ തന്നെ അസ്വസ്ഥനാക്കിയതിനാൽ ഒരു മനശാസ്ത്രജ്ഞനെ കണ്ടതായും അദ്ദേഹം പറയുന്നു.

വിഷാദ രോഗിയായി
ഡിസംബറിൽ കാരക്കോൾ ടെലിവിഷനുമായി സംസാരിക്കുമ്പോഴാണ് ജിമെനെസ് തന്‍റെ സ്വപ്നങ്ങളെ കുറിച്ച് വിശദീകരിച്ചത്, ഞങ്ങൾക്ക് ഒരു വിമാനാപകടം സംഭവിക്കാൻ പോകുന്നുവെന്ന് മൂന്ന് തവണ സ്വപ്നം കണ്ടു. ആദ്യത്തെ സ്വപ്നത്തിൽ പൈലറ്റിനോട് തിരിച്ച് പറക്കാൻ പറഞ്ഞതായും അപ്പോൾ പ്രശ്നം പരിഹരിച്ചെന്നുമായിരുന്നു പറഞ്ഞത്. എന്നാൽ മറ്റൊരു സ്വപ്നത്തിൽ വിമാനത്തിന്‍റെ ഒരു ചിറക് പൊട്ടിയതായും വിമാനത്തിലെ എല്ലാവരും മരിച്ച് പോയതായി സ്വപ്നം കണ്ടു. ആ സമയത്ത് തന്‍റെ കുഞ്ഞ് ജനിക്കാൻ പത്ത് ദിവസം ബാക്കിയുണ്ടായിരുന്നു. ഇത് തന്നെ വിഷാദ രോഗിയാക്കി. ഒരു സൈക്കോളജിസ്റ്റിനെ കാണേണ്ടിവന്നുവെന്നും ഡിസംബറിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
വിമാനാപകത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി കൊളംബിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. ബോയാക്കയിലെ പൈപയിലുണ്ടായ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ അധികൃതർ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.


