
ചൈനയിലെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നത്. സവാരിക്കാരെയും ചുമന്ന് കഠിനമായ വേദനയോടെ നിർത്താതെ കരയുന്ന ഒരു ഒട്ടകത്തിന്റെ ദൃശ്യങ്ങൾ ആണ് പുറത്തുവന്നത്. ജൂൺ 15 -ന് ഒരു വ്ലോഗർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണിത്. ക്ഷീണം കാരണം എഴുന്നേൽക്കാൻ പോലും കഴിയാതിരുന്ന ഒരു മെലിഞ്ഞുണങ്ങിയ ഒട്ടകത്തിന്റെ പുറത്തിരുന്ന് ഒരു വിനോദസഞ്ചാരി ഫോട്ടോയെടുക്കുന്നതും, ഒട്ടകത്തെ നിർബന്ധിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. ചൈനയിലെ 'ദി കവർ' എന്ന വാർത്താ പോർട്ടലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തുള്ള ഫുഹായ് കൗണ്ടിയിലെ 'ഡെവിൾ സിറ്റി ഓൺ ദി സീ' എന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം നടന്നത്. തടാകക്കരയിൽ ഫോട്ടോയെടുക്കാനെത്തുന്ന സഞ്ചാരികളെ ചുമക്കാൻ ഇവിടെ വ്യാപകമായി ഒട്ടകങ്ങളെയാണ് ഉപയോഗിക്കുന്നത്.
അകലെയാണ് നിന്നിരുന്നതെങ്കിലും ഒട്ടകത്തിന്റെ ദയനീയമായ കരച്ചിൽ തനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു എന്ന് വീഡിയോ പങ്കുവെച്ച വ്ലോഗർ പറഞ്ഞു. കടുത്ത തളർച്ച കാരണം ഒട്ടകം ഓരോ തവണയും നിലത്തേക്ക് മുട്ടുകുത്തുകയായിരുന്നു എന്നും, എന്നാൽ ആ മിണ്ടാപ്രാണിയുടെ ഉടമ അതിനെ ബലമായി വലിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു എന്നും അവർ വ്യക്തമാക്കി. ഒട്ടകത്തിന്റെ കരച്ചിൽ കേട്ട് അവിടെയുണ്ടായിരുന്ന മറ്റ് സഞ്ചാരികളും വലിയ സങ്കടത്തിലായെന്നും അവർ കൂട്ടിച്ചേർത്തു. വ്ലോഗർ നൽകിയ പരാതിയെ തുടർന്ന് പ്രാദേശിക ഭരണകൂടം സംഭവത്തിൽ ഇടപെട്ടു.
വൈറലായ ഈ വീഡിയോയ്ക്ക് താഴെ ഒട്ടകത്തിന്റെ ഉടമയ്ക്കെതിരെയും വിനോദസഞ്ചാര കേന്ദ്രത്തിലെ മാനേജ്‌മെന്റിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മൃഗങ്ങളെ പീഡിപ്പിച്ച് പണമുണ്ടാക്കുന്നത് അങ്ങേയറ്റം ക്രൂരമാണെന്നും, ഇത്തരം പാവം ജീവികളെ സംരക്ഷിക്കാൻ കർശനമായ നിയമങ്ങൾ വേണമെന്നും ഇന്റർനെറ്റ് ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഒരു മൃഗഡോക്ടറുടെ പരിശോധനയിൽ, ഒട്ടകത്തിന്റെ കാലിൽ ഉരഞ്ഞുണ്ടായ മുറിവുണ്ടെന്നും അത് കടുത്ത ക്ഷീണത്തിലാണെന്നും കണ്ടെത്തി. മൃഗങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നതിൽ ഒട്ടകത്തിന്റെ ഉടമയ്ക്ക് വീഴ്ച സംഭവിച്ചതായി അതോറിറ്റി വ്യക്തമാക്കി.
പ്രദേശത്തെ എല്ലാ ഒട്ടക സവാരികളും താൽക്കാലികമായി നിർത്തിവെക്കാനും പരിക്കേറ്റ ഒട്ടകങ്ങളെ അടിയന്തര ചികിത്സയ്ക്കായി അയക്കാനും ടൂറിസം അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രത്തിലെ മാനേജ്‌മെന്റ് രീതികൾ മെച്ചപ്പെടുത്താൻ നിർദ്ദേശിച്ച സർക്കാർ, ഇനി മുതൽ ഒട്ടകങ്ങളെ കൃത്യമായ ഇടവേളകളിൽ ശാരീരിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അവയ്ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഷിഫ്റ്റുകൾ തിരിച്ച് ജോലി ചെയ്യിക്കണമെന്നും കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.