വീടിനുള്ളിൽ ആരുമറിയാതെ വളർത്തിയത് 309 മലമ്പാമ്പുകളെ! യുവാവിനെ കുടുക്കിയത് ‌വൈദ്യുതി ബിൽ!

Published : Jun 25, 2026, 05:07 PM IST
python

Synopsis

ചൈനയിൽ ഫ്ലാറ്റിനുള്ളിൽ രഹസ്യമായി 309 മലമ്പാമ്പുകളെ വളർത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. വില കോടികള്‍. യുവാവിനെ പിടികൂടാന്‍ സഹായിച്ചത് വൈദ്യുതി ബില്‍!

ഫ്ലാറ്റിനുള്ളിൽ രഹസ്യമായി മുന്നൂറിലധികം മലമ്പാമ്പുകളെ വളർത്തിയ യുവാവിനെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലുള്ള തായ്ഷൗവിലാണ് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ സംഭവം. ചൈനയിൽ സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ജീവികളാണ് മലമ്പാമ്പുകൾ. ഔദ്യോഗിക അനുമതിയില്ലാതെ ഇവയെ വാങ്ങുന്നതും വിൽക്കുന്നതും വളർത്തുന്നതും കടത്തുന്നതുമെല്ലാം ചൈനീസ് നിയമപ്രകാരം കടുത്ത കുറ്റകൃത്യമാണ്.

തുമ്പ് ലഭിച്ചത് ഇങ്ങനെ

2024 മാർച്ചിൽ തായ്ഷൗവിലെ ഒരു മലയടിവാരത്തിൽ ഒരാൾ മനുഷ്യന്റെ കൈയുടെ വണ്ണമുള്ള വലിയൊരു പാമ്പിനെ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആ പ്രദേശത്ത് സാധാരണയായി കാണാത്ത ഈ ഇനം പാമ്പിനെക്കുറിച്ച് അദ്ദേഹം പോലീസിൽ വിവരമറിയിച്ചു. മാർച്ച് മാസത്തെ തണുപ്പുകാലത്ത് പാമ്പുകൾ സാധാരണയായി പുറത്തിറങ്ങാറില്ലാത്തതിനാലും ഇത് പ്രാദേശികമായി കാണപ്പെടുന്ന ഇനമല്ലാത്തതിനാലും, ആരെങ്കിലും രഹസ്യമായി വളർത്തിയ പാമ്പ് ചാടിപ്പോയതാകാമെന്ന് പോലീസ് സംശയിച്ചു.

തുടർന്ന് പോലീസ് ഒരു പ്രൊഫഷണൽ പാമ്പ് വളർത്തൽ വിദഗ്ദ്ധന്റെ സഹായം തേടി. മലമ്പാമ്പുകൾക്ക് ജീവിക്കാൻ എപ്പോഴും 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടും ഈർപ്പവുമുള്ള അന്തരീക്ഷം ആവശ്യമാണെന്നും, ഇതിനായി വലിയ തോതിൽ വൈദ്യുതി ഉപയോഗിക്കേണ്ടി വരുമെന്നും അദ്ദേഹം പോലീസിന് നിർണായക വിവരം നൽകി.

കെണിയൊരുക്കിയ 'വൈദ്യുതി ബിൽ'

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ താമസക്കാരുടെ വൈദ്യുതി ഉപഭോഗം പരിശോധിക്കാൻ തുടങ്ങി. അങ്ങനെയാണ് ജോലിയില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന 'ഗുഓ' എന്ന യുവാവ് പോലീസിന്റെ നിരീക്ഷണത്തിലാകുന്നത്. ഇയാളുടെ ഫ്ലാറ്റിൽ അസാധാരണമായ രീതിയിലാണ് വൈദ്യുതി ഉപയോഗിച്ചിരുന്നത്.

തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ ഇയാളുടെ സുഹൃത്തായ 'ഡി' എന്നയാൾ സ്ഥിരമായി കൊറിയർ വഴി ഓൺലൈനായി വാങ്ങിയ വെളുത്ത ചെറിയ എലികളെ (പാമ്പുകളുടെ ഭക്ഷണം) കൈപ്പറ്റുന്നതായി കണ്ടെത്തി. കൂടാതെ ഗുഓ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പാമ്പുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നതായും ഇവയെ വിൽക്കാനുള്ള സൂചനകൾ നൽകിയിരുന്നതായും വ്യക്തമായി.

വീട്ടിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

രണ്ട് മലമ്പാമ്പുകളെ ഇവർ 1,000 യുവാന് (ഏകദേശം 150 യു.എസ് ഡോളർ) മറ്റൊരാൾക്ക് വിറ്റതിന്റെ ഇടപാട് രേഖകൾ ലഭിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. ഗുഓയുടെ ഫ്ലാറ്റിൽ റെയ്ഡിനായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ അവിടെക്കണ്ട കാഴ്ചയിൽ ഞെട്ടിവിറച്ചുപോയി. ഫ്ലാറ്റിലെ ലിവിങ് റൂമും രണ്ട് കിടപ്പുമുറികളും നിറയെ പ്ലാസ്റ്റിക് ബോക്സുകൾ അടുക്കിവെച്ചിരിക്കുകയായിരുന്നു. ഇതിലെല്ലാം വലിയ മലമ്പാമ്പുകളായിരുന്നു. സ്വന്തം ഫർണിച്ചറുകളെല്ലാം ഒരൊറ്റ ചെറിയ കിടപ്പുമുറിയിലേക്ക് മാറ്റി സ്ഥാപിച്ചാണ് ഗുഓ ഈ 'പാമ്പ് സാമ്രാജ്യം' ഒരുക്കിയത്. ഇവിടെ നിന്നും ആകെ 309 മലമ്പാമ്പുകളെ പോലീസ് പിടിച്ചെടുത്തു. ഇവയെ പിന്നീട് പ്രാദേശിക മൃഗശാലയിലേക്ക് മാറ്റി.

കുട്ടിക്കാലം മുതൽ പാമ്പുകളോട് വലിയ താല്പര്യമുണ്ടായിരുന്ന ഗുഓ 2014-ലാണ് ആദ്യമായി 4 മലമ്പാമ്പുകളെ വാങ്ങിയത്. തുടർന്ന് നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ഇത്രയധികം പാമ്പുകളെ ഇയാൾ പ്രജനനം ചെയ്തെടുത്തത്.

കോടികളുടെ മൂല്യം

ഇതുവരെ 80 പാമ്പുകളെ ഇയാൾ വിറ്റഴിച്ചതായി പോലീസ് കണ്ടെത്തി. 2014-ൽ ഗുഓയ്ക്ക് ആദ്യമായി പാമ്പുകളെ വിറ്റ ഡെങ് എന്ന കടയുടമയെയും പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും 47 മലമ്പാമ്പുകളെ കണ്ടെടുത്തു. ഈ കേസിൽ ആകെ ഉൾപ്പെട്ടിരിക്കുന്നത് 436 മലമ്പാമ്പുകളാണ്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 30 മില്യൺ യുവാനിലധികം (ഏകദേശം 41.5 കോടി ഇന്ത്യൻ രൂപ) മൂല്യമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തായ്ഷൗവിലെ പ്രാദേശിക കോടതി പ്രതികളായ ഗുഓ, ഡി, ഡെങ് എന്നിവരെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ചൈനീസ് നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് പരമാവധി 5 വർഷം വരെ തടവുശിക്ഷ ലഭിക്കാം.

PREV
Read more Articles on
click me!

Recommended Stories

ഇത് വിനോദമല്ല, കൊടും ക്രൂരത, ദയനീയമായി കരഞ്ഞ് ഒട്ടകം, വലിച്ചെഴുന്നേല്പിച്ച് ഉടമ, ഫോട്ടോ പകർത്തി ടൂറിസ്റ്റ്
5 വയസ്സുകാരൻ കത്തിച്ചുചാമ്പലാക്കിയത് മുപ്പതോളം ഫോണുകൾ, ലക്ഷങ്ങളുടെ നഷ്ടം, ഒരു വഴക്കുപോലും പറയാതെ അച്ഛൻ