ചൈനയിലെ ഏറ്റവും പ്രശസ്തനായ പന്നിക്ക് അന്ത്യം; അന്തിമാഭിവാദ്യങ്ങളുമായി ലക്ഷങ്ങള്‍!

By Web TeamFirst Published Jun 17, 2021, 5:08 PM IST
Highlights

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 36 ദിവസം കുടുങ്ങിക്കിടന്ന ശേഷം അത്ഭുതകരമായി രക്ഷപ്പെട്ട് ചൈനയുടെ കണ്ണിലുണ്ണിയായി മാറിയ പന്നി 13 വര്‍ഷത്തിനു ശേഷം മരണത്തിന് കീഴടങ്ങി
 

ബീജിംഗ്: മഴവെള്ളം മാത്രം കുടിച്ച് 36 ദിവസം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മരണവുമായി മല്ലിട്ട ശേഷം രക്ഷപ്പെട്ട ചൈനയിലെ ഏറ്റവും പ്രശസ്തനായ പന്നി ഒടുവില്‍ മരണത്തിനു കീഴടങ്ങി. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചൈനയുടെ കണ്ണിലുണ്ണിയായി മാറിയ പന്നി 13 വര്‍ഷത്തിനു ശേഷമാണ് വിടപറഞ്ഞത്. ഴു ജിയാന്‍ക്വിയാങ് അഥവാ ഉരുക്കുമനസ്സുള്ള പന്നി എന്നറിയപ്പെടുന്ന പന്നിയാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്. 

മരണസമയത്ത് ഇതിന് 14 വയസ്സായിരുന്നു. ഭൂകമ്പത്തിനുശേഷം, പന്നിയെ താമസിപ്പിച്ചിരുന്ന സിചുവാന്‍ പ്രവിശ്യയിലെ ജിയാന്‍ചുവാന്‍ മ്യൂസിയം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.  ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ചൈനയ്ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കിയ സംഭവമായിരുന്നു ഈ പന്നിയുടെ അതിജീവനം. 
 
ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയില്‍ ലക്ഷക്കണക്കിനാളകുളാണ് ഈ പന്നിക്ക് അന്തോ്യാപചാരം അര്‍പ്പിച്ചത്. 43 ലക്ഷം പേര്‍ പന്നിക്ക് അന്തിമാഭിവാദ്യം അര്‍പ്പിക്കുന്ന ഹാഷ്ടാഗ് ഉപയോഗിച്ചു. രാജ്യത്തിന്റെ ഇച്ഛാശക്തിയുടെയും പ്രതീക്ഷയുടെയും ചിഹ്‌നമായിരുന്നു ഈ പന്നിയെന്ന് ചൈനീസ് സോഷ്യല്‍ മീഡിയ വാഴ്ത്തി. 

2008-ലാണ് ചൈനയില്‍ കനത്ത നാശമുണ്ടാക്കിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പമാപിനിയില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 90,000 പേര്‍ കൊല്ലെപ്പടുകയോ കാണാതാവുകയോ ചെയ്തതായാണ് കണക്ക്. ഭീകരമായ ഈ ദുരന്തത്തിനിടയ്ക്കാണ് ഈ പന്നിയുടെ അതിജീവന ഗാഥ പുറത്തുവരുന്നത്. 

 

 

തകര്‍ന്നടിഞ്ഞ ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന നിലയിലായിരുന്നു ഈ പന്നി. മഴവെള്ളം കുടിച്ച് 36 ദിവസമാണ് ഇത് പിടിച്ചുനിന്നത്. രക്ഷാപ്രവര്‍ത്തകരുടെ കൈയിലെത്തുമ്പോള്‍ കോലാടിനെ പോലെ മെലിഞ്ഞുണങ്ങിയ നിലയിലായിരുന്നു ഈ പന്നിയെന്നാണ് അന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.  തുടര്‍ന്നാണ് ഈ പന്നിയെമ്യൂസിയത്തിലേക്ക് മാറ്റിയത്. ഭൂകമ്പത്തില്‍ രക്ഷപ്പെട്ട പന്നി മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശകരുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു. ഇതിന്റെ ആരോഗ്യം ദുര്‍ബലമാവുന്നതായി ഈയടുത്ത് മ്യൂസിയം അധികൃതര്‍ അറിയിച്ചിരുന്നു. 

2011-ല്‍ ശാസ്ത്രജ്ഞര്‍ ക്ലോണിംഗിലൂടെ ഈ പന്നിയുടെ ആറു കുട്ടികളെ സൃഷ്ടിച്ചിരുന്നു. ഈ പന്നിയുടെ അതേ രൂപസാദൃശ്യങ്ങളുള്ള പന്നിക്കുട്ടികള്‍ മ്യൂസിയത്തില്‍ വളര്‍ന്നുവരികയാണ്.

click me!