'നാമൊന്ന് നമുക്കൊന്ന്' നയം കാരണം വാർധക്യത്തിൽ ആരും നോക്കാനില്ലാതെ മരിക്കുന്ന ചൈനീസ് അച്ഛനമ്മമാർ

By Web TeamFirst Published Sep 27, 2021, 12:37 PM IST
Highlights

നിർബന്ധിത ഗർഭനിരോധനവും, ഒന്നിൽ കൂടുതലായുണ്ടാവുന്ന ഗർഭങ്ങൾ നിർബന്ധിതമായി അലസിപ്പിക്കലും അടക്കം ജനാധിപത്യ വിരുദ്ധമായ പല ഇടപെടലുകളും അന്ന് കമ്യൂണിസ്റ്റു സർക്കാർ ചൈനയിലെ കിടപ്പറകളിൽ നടത്തി. 

ബെയ്ജിങ്: അച്ഛനമ്മമാർ ജീവിച്ചിരിക്കെ കുഞ്ഞ് മരണപ്പെടുക എത്ര ഹൃദയഭേദകമായ അനുഭവമാണ്. അതിന്റെ തീവ്രത എന്തെന്നറിയണമെങ്കിൽ ചൈനയിലെ മാതാപിതാക്കളോട് ചോദിക്കണം. കാരണം അവരിൽ പലരും, ഗവണ്മെന്റ് ഒരു കാലത്ത് വളരെ കർക്കശമായി പിന്തുടർന്നിരുന്ന, 'നാമൊന്ന് നമുക്കൊന്ന്' എന്ന ഒറ്റക്കുട്ടി നയത്തിന്റെ പേരിൽ ഒരേയൊരു കുഞ്ഞിനെ മാത്രം പെറ്റുവളർത്താൻ നിർബന്ധിതരായവരാണ്. അവരെ സംബന്ധിച്ചിടത്തോളം കുഞ്ഞിന്റെ മരണം എന്നു വെച്ചാൽ, ജീവിതത്തിന്റെ ഒരേയൊരു അത്താണി ഇല്ലാതാവുക എന്നാണർത്ഥം. വാർധക്യത്തിൽ അവരെ പരിചരിക്കേണ്ട ഉത്തരവാദിത്തമുള്ള ഒരേയൊരു വ്യക്തിയാവും ആ അകാല മരണത്തോടെ ഇല്ലാതാവുക. അത് അവരിലുണ്ടാകുന്ന വൈകാരികാഘാതം പറഞ്ഞറിയിക്കാവതല്ല എന്നാണ് 2016 മുതൽക്കിങ്ങോട്ട് ചൈനയിൽ നടന്നിട്ടുള്ള മരണങ്ങളിൽ ഗവേഷണം നടത്തിയ കേസ് വെസ്റ്റേൺ സർവകലാശാലയിലെ നരവംശ ശാസ്ത്രജ്ഞനായ ഡോ. ലിഹോങ് ഷിയുടെ നിഗമനം. ജീവിത സായാഹ്നത്തിലേക്ക് കാലെടുത്തു വെക്കുന്ന കാലത്ത് ആ ഒറ്റക്കുഞ്ഞിനെ രോഗത്തിനോ, അപകടത്തിനോ, ആത്മഹത്യക്കോ, കൊലപാതകത്തിനോ ഒക്കെ നഷ്‌ടമായ നൂറിലധികം നിർഭാഗ്യവാന്മാരായ ദമ്പതികളുമായ അഭിമുഖം നടത്തിയാണ് ഡോ. ലിഹോങ് ഷി തന്റെ നിഗമനത്തിലേക്ക് എത്തിച്ചേരുന്നത്.

1985 മുതൽ 2015 വരെയുള്ള കാലത്താണ് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാർ രാജ്യത്തെ ദമ്പതികൾക്ക് ഒരൊറ്റ കുഞ്ഞുമാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്നൊരു നിയമം കൊണ്ടുവരുന്നത്. എഴുപതുകളുടെ അവസാനത്തോടെ ചൈനയിൽ ജനസംഖ്യാ വിസ്ഫോടനമുണ്ടായപ്പോൾ അതിനു തടയിടാനുള്ള മാർഗം എന്ന നിലയ്ക്കാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് വളരെ കർശനമായിത്തന്നെ ഒരു വീട്ടിൽ ഒരു കുഞ്ഞ് എന്നുള്ള സോഷ്യൽ എഞ്ചിനീയറിങ് നിബന്ധന പ്രഖ്യാപിക്കുന്നത്. 1949 -ൽ 54 കോടി മാത്രമുണ്ടായിരുന്ന ചൈനയിലെ ജനസംഖ്യ 1979 ആയപ്പോഴേക്കും 100 കോടി താണ്ടിയതാണ് ഗവണ്മെന്റിന്റെ പ്രതിരോധത്തിലാക്കിയതും, അവർ കടുത്ത നടപടികളിലേക്ക് നീങ്ങിയതും. നിർബന്ധിത ഗർഭനിരോധന നടപടികളും, അതിനെ മറികടന്നുണ്ടാവുന്ന ഗർഭങ്ങൾ നിർബന്ധിതമായി അലസിപ്പിക്കലും അടക്കം ജനാധിപത്യ വിരുദ്ധമായ പല ഇടപെടലുകളും അന്ന് സർക്കാർ ചൈനയിലെ കിടപ്പറകളിൽ നടത്തി. സർക്കാരിന്റെ വിലക്ക് ലംഘിച്ചു പ്രസവിക്കുന്നവർക്ക് കനത്ത പിഴകൾ  ചുമത്തി. അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റർ ചെയ്യാൻ ഗവണ്മെന്റ് വിസമ്മതിച്ചു. അവർക്ക് പൗരത്വം പോലും നിഷേധിച്ചു. ഗവൺമെന്റിൽ ഉദ്യോഗം ചെയ്തിരുന്ന പലർക്കും ഇങ്ങനെയുണ്ടായ ഗർഭങ്ങളുടെ തൊഴിൽ നഷ്ടപ്പെട്ടു. അക്കാലത്ത് ഈ ഗവണ്മെന്റ് നയവും അതിന്റെ പേരിലുള്ള വേട്ടയാടലുകളും ജനങ്ങളുടെ ഉള്ളിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയത്. അന്ന് കൂടുതൽ കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടായിരുന്ന പലർക്കും സർക്കാരിന്റെ ഉരുക്കുമുഷ്ടികളെ ഭയന്ന് ആ ആഗ്രഹങ്ങളെ കുഴിച്ചുമൂടി നെടുവീർപ്പിട്ടു കഴിയേണ്ടി വന്നു. ജനങ്ങളെ വല്ലാതെ പ്രയാസപ്പെടുത്തി എങ്കിലും, ഈ നിർബന്ധിത നയം രാജ്യത്തിന് 1982-2000 കാലത്തുണ്ടായ 15 % സാമ്പത്തിക വളർച്ചയ്ക്ക് കാരണമായി എന്ന് പറയപ്പെടുന്നു. 

വാർധക്യത്തിൽ അച്ഛനമ്മമാർ അസുഖബാധിതരാവുമ്പോൾ അവരെ സ്വന്തം കുഞ്ഞുങ്ങൾ പരിചരിക്കുന്നതാണ് ചൈനയിലെ പതിവ്. അങ്ങനെ ഒരു സമൂഹത്തിൽ, മക്കൾ അകാലത്തിൽ മരിച്ചുപോയവരെ നോക്കാൻ വേറെ സംവിധാനമില്ലാതെ അവർ വല്ലാതെ പാടുപെടുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരത്തിൽ ഒരേയൊരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വന്ന്,  കുഞ്ഞിന്റെ മരണം സംഭവിക്കുമ്പോഴേക്കും ഇനിയൊരു കുഞ്ഞിനെ പെട്ടുപോറ്റാനാവുന്ന തങ്ങളുടെ ജീവിതത്തിലെ യൗവ്വനകാലം പിന്നിട്ടു കഴിഞ്ഞിട്ടുണ്ടാകും എന്നതിനാൽ അവർ അവിടന്നങ്ങോട്ട് ഈ ലോകത്ത് വല്ലാതെ തനിച്ചായിപ്പോവുന്നു. തങ്ങളുടെ പഴയകാല നയത്തിലെ പാളിച്ച തിരിച്ചറിഞ്ഞുകൊണ്ടാവും, ഏറെ വൈകി 2021 -ൽ ചൈനീസ് ഗവണ്മെന്റ്, തങ്ങളുടെ പൗരന്മാർക്ക് മൂന്നു കുഞ്ഞുങ്ങൾ വരെ ആവാം എന്നു ഒരു ഇളവ് പ്രഖ്യാപിക്കുന്നത്. 

അന്ന് ഈ നിയമം അനുസരിച്ച ജനങ്ങളുടെ ഇന്നത്തെ ജീവിതം ഒരു ഞാണിന്മേൽ നടത്തമാണ്. ഏത് നിമിഷമാണ് ആകെയുള്ള കുഞ്ഞു മരിച്ച് ആ അച്ഛനമ്മമാർ ഈ ലോകത്ത് ആരോരുമില്ലാത്തവരായി മാറുക എന്നറിയില്ല. "ആകെയുള്ള ഒറ്റക്കുഞ്ഞു മരിച്ചു പോയ ഞങ്ങളിൽ പരം ഹതഭാഗ്യർ ഈ ലോകത്ത് മറ്റാരും കാണില്ല" എന്നാണ് ഡോ. ലിഹോങ്ങിനോട് പ്രതികരിച്ച പല അച്ഛനമ്മമാരും പറഞ്ഞത്. ചൈനയിൽ ചുരുങ്ങിയത് 10 ലക്ഷം ദമ്പതികൾക്കെങ്കിലും ആയുഷ്കാലത്തിനിടെ തങ്ങളുടെ ഏക സന്താനം നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് 2010 വരെയുള്ള കണക്കുകൾ  സൂചിപ്പിക്കുന്നത്. ഇങ്ങനെ സർക്കാരിന്റെ നയം പിന്തുടരാൻ നിർബന്ധിതമായതുകാരണം  വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയ അച്ഛനമ്മമാർ ഇപ്പോൾ, തങ്ങളെ അന്നത്തിനു നിർബന്ധിതരാക്കിയ സർക്കാരിനോടുതന്നെ തങ്ങളെ പരിചരിക്കാൻ വേണ്ടി ചെലവ് വഹിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ഏറെക്കാലത്തെ മൗനത്തിനും ഉദാസീനതയ്ക്കും ശേഷം 2013 മുതൽക്കിങ്ങോട്ട് ചൈനീസ് സർക്കാർ ഇങ്ങനെയുള്ള അച്ഛനമ്മമാരെ പരിചരിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി വരികയാണ്. 

'നാമൊന്ന് നമുക്കൊന്ന്'  എന്ന മുൻകാല നയം ഇന്ന് ചൈനയുടെ ഭൂതകാലത്തിന്റെ ഭാഗമാണ്. എന്നാൽ, അത് ചരിത്രത്തിൽ എങ്ങനെ ഇടം പിടിക്കുമെന്നത്, കുഞ്ഞുങ്ങൾ അകാലത്തിൽ പൊലിഞ്ഞ് ഒറ്റപ്പെട്ടുപോവുന്ന അച്ഛനമ്മമാരെ ഗവണ്മെന്റ് എങ്ങനെ പരിചരിക്കും എന്നതിനെക്കൂടി ആശ്രയിച്ചിരിക്കും. 

click me!