കോടികളുമായി തിരിച്ചുവരും; അഞ്ചുമാസം പ്രായമുള്ള കു‍ഞ്ഞിനെ ആയയുടെ അരികിലുപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി 

By Web TeamFirst Published Apr 15, 2024, 4:36 PM IST
Highlights

തങ്ങൾ ഉടൻ തിരികവരുമെന്നും അതുവരെ കുഞ്ഞിനെ സുരക്ഷിതമായി നോക്കണമെന്നും ഇവർ യുവിനോട് പറഞ്ഞിരുന്നു. കൂടെ കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള മാസശമ്പളമായി 7,000 യുവാൻ (US$1,000) വാ​ഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 

അഞ്ച് മാസം പ്രായമുള്ള കു‍ഞ്ഞിനെ ജോലിക്കാരിയുടെ അരികിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ കടന്നു കളഞ്ഞു. വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിനിൽ നിന്നുള്ള ദമ്പതികളാണ് തങ്ങളുടെ കുഞ്ഞിനെ ആയയുടെ അരികിൽ  ഉപേക്ഷിച്ചുപോയത്. 

കടന്നുകളയുന്നതിന് മുൻപായി ദമ്പതികൾ തന്റെ കയ്യിൽ നിന്ന് 50,000 യുവാൻ തട്ടിയെടുത്തതായും യു എന്ന പേരിൽ അറിയപ്പെടുന്ന ആയ ആരോപിച്ചു. താൻ തട്ടിപ്പിനിരയായ കാര്യം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോ‌ടെ സംഭവം വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ ദമ്പതികൾ കുട്ടിയുടെ യഥാർത്ഥ മാതാപിതാക്കൾ ആയിരിക്കില്ല എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.

കുഞ്ഞിന്റെ അമ്മയായ യുവതിയുടെ മരിച്ചുപോയ മുൻപങ്കാളിയുടെ പാരമ്പര്യസ്വത്തായി തങ്ങൾക്ക് 400 മില്യൺ യുവാൻ (55 മില്യൺ യുഎസ് ഡോളർ) ലഭിക്കാനുണ്ടെന്നും അതിന്റെ രേഖകൾ ശരിയാക്കുന്നതിനായി തങ്ങൾക്ക് കുറച്ച് ദിവസത്തേക്ക് മാറിനിൽക്കണമെന്നും ആയയെ തെറ്റിദ്ധരിപ്പിച്ചാണ് ഇവർ നാടുവിട്ടത്. തങ്ങൾ ഉടൻ തിരികവരുമെന്നും അതുവരെ കുഞ്ഞിനെ സുരക്ഷിതമായി നോക്കണമെന്നും ഇവർ യുവിനോട് പറഞ്ഞിരുന്നു. കൂടെ കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള മാസശമ്പളമായി 7,000 യുവാൻ (US$1,000) വാ​ഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. 

ഇതുകൂടാതെ യാത്രയുടെ പെട്ടന്നുള്ള ആവശ്യത്തിന് എന്ന് പറഞ്ഞ് ദമ്പതികൾ യുവിന്റെ കയ്യിൽ നിന്നും 50,000 യുവാൻ കടമായും വാങ്ങിയിരുന്നു. എന്നാൽ ഇവർ പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞതോ‌ടെ യുവിന് ഇവരെ ബന്ധപ്പെടാൻ കഴിയാതെ വന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ഇവർ മടങ്ങിവരികയോ തനിക്ക് ശമ്പളമായി വാ​ഗ്ദാനം ചെയ്ത പണമോ കടമായി വങ്ങിയ പണമോ നൽകിയിട്ടില്ലെന്നാണ് യു പറയുന്നത്.

ടിയാൻജിനിലേക്ക് എന്നു പറഞ്ഞാണ് ദമ്പതികൾ പോയതെന്നും തങ്ങളുടേതാകാൻ പോകുന്ന സ്വത്തുക്കൾ എന്നു പറഞ്ഞ് തന്നെ കാണിച്ച രേഖകളും വസ്തുക്കളുടെ ചിത്രങ്ങളും വ്യാജമായിരുന്നുവെന്നും യു പറഞ്ഞു. 2023 നവംബറിലാണ് ഇത്തരത്തിൽ ദമ്പതികൾ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. 

സൗത്ത് ചൈന മോണിം​ഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കുഞ്ഞ് ഇപ്പോഴും യുവിന്റെ സംരക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെടാനുള്ള തീരുമാനത്തിലാണ് യു ഇപ്പോൾ.

tags
click me!