
ചെറിയ വിഷമങ്ങൾ പോലും പിഞ്ചുകുട്ടികളുടെ മനസ്സിൽ വലിയ നൊമ്പരങ്ങളാണ് സൃഷ്ടിക്കുക. അപ്പോൾ പ്രിയപ്പെട്ട കൂട്ടുകാരൻ തങ്ങളെ വിട്ടുപോയി എന്നറിഞ്ഞാൽ അവർ എത്രത്തോളം വേദനിക്കും. ആ ഒരു ചിന്തയാണ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയെ കൊണ്ട് ചെറിയൊരു കള്ളം പറയാൻ പ്രേരിപ്പിച്ചത്. ചൈനയിലെ അൻഹുയി പ്രവിശ്യയിലുള്ള ഹുനാൻ സിറ്റിയിലെ ഒരു പ്രൈമറി സ്കൂളിലാണ് കണ്ണ് നനയിക്കുന്ന സംഭവം ഉണ്ടായത്. കഴിഞ്ഞ ഡിസംബർ 11-നാണ് അധ്യാപികയുടെ ക്ലാസിലെ മൂന്നാം ക്ലാസുകാരനായ ഒരു കുട്ടി അസുഖം ബാധിച്ച് മരിച്ചത്. രണ്ട് വർഷമായി അവനെ പഠിപ്പിച്ചിരുന്ന അധ്യാപികയ്ക്ക് ആ വിയോഗവാർത്ത മറ്റു കുട്ടികളോട് എങ്ങനെ പങ്കുവെക്കുമെന്നത് വലിയൊരു ചോദ്യ ചിഹ്നമായിരുന്നു. അധ്യാപിക അതിനെ മറികടന്നത്
പിഞ്ചു മനസ്സുകൾക്ക് ആ ദുഃഖം താങ്ങാനാകുമോ എന്നവർ സംശയിച്ചു. അവരുടെ മനസ്സിന് മുറിവേൽക്കാതിരിക്കാൻ അധ്യാപിക ഒരു കള്ളം പറഞ്ഞു. അവൻ അസുഖം കാരണം മറ്റൊരു സ്കൂളിലേക്ക് മാറിപ്പോയി എന്നാണ് കുട്ടികളെ അവർ അറിയിച്ചത്. സ്‌ട്രീറ്റ് ഡാൻസിലും ഇംഗ്ലീഷ് ഭാഷയിലും പ്രാവിണ്യം ഉണ്ടായിരുന്ന ആ കുട്ടി സഹപാഠികൾക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു. അവൻ സ്കൂൾ മാറിപ്പോയതാണെന്ന് വിശ്വസിച്ച കുട്ടികളോട് അവനുള്ള യാത്രയയപ്പ് കത്തുകൾ തയ്യാറാക്കാൻ അധ്യാപിക ആവശ്യപ്പെട്ടു.
തങ്ങളുടെ പ്രിയപ്പെട്ട ചങ്ങാതി മറ്റൊരിടത്തേക്ക് പോയതാണെന്ന് വിശ്വസിച്ച് സ്നേഹവും മനോഹരമായ ഓർമ്മകൾ നിറഞ്ഞ കത്തുകൾ ആ കൊച്ചു കുട്ടികൾ എഴുതി. അവയോടൊപ്പം പഴങ്ങളുടെ ആകൃതിയിലുള്ള ഇറേസറുകളും കാർഡുകളും അവർ അവനുള്ള സമ്മാനമായി ഒരുക്കി. പുതിയ സ്കൂളിൽ സന്തോഷമായി ഇരിക്കണമെന്നും വീണ്ടും നമുക്ക് ഒരുമിച്ച് കളിക്കണമെന്നും ആ കാർഡുകളിൽ അവർ ചെറിയ കുറിപ്പുകൾ എഴുതി. അധ്യാപിക എല്ലാം ശേഖരിക്കുകയും മനോഹരമായി പാക്ക് ചെയ്ത് പൂക്കൾക്കൊപ്പം ആ കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. ആ കുരുന്നു മനസ്സുകളിൽ ആഴത്തിൽ ഉണ്ടായേക്കാവുന്ന വേദന ഇല്ലാതാക്കിയ അധ്യാപികയ്ക്ക് കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ