കോർപ്പറേറ്റ് ജോലിയിലെ കടുത്ത സമ്മർദ്ദം മൂലം 33-കാരിയായ റിയ, 18 മാസം കൊണ്ട് 7.2 ലക്ഷം രൂപയുടെ 'ഫ്രീഡം ഫണ്ട്' ഉണ്ടാക്കി ജോലി ഉപേക്ഷിച്ചു. അനാവശ്യ ചെലവുകൾ ഒഴിവാക്കി പ്രതിമാസം 40,000 രൂപ ലാഭിച്ച റിയയുടെ സാമ്പത്തിക ആസൂത്രണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.
കോർപ്പറേറ്റ് ജോലിയുടെ കടുത്ത മാനസിക - ശാരീരിക സമ്മർദ്ദങ്ങളിൽ നിന്ന് മോചനം നേടാൻ ദൈനംദിന ജീവിതത്തിലെ അനാവശ്യ ചെലവുകൾ വെട്ടിക്കുറച്ച് കൃത്യമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കിയ 33 -കാരിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിയ എന്ന യുവതിയാണ് തുടർച്ചയായി 18 മാസം കൊണ്ട് പ്രതിമാസം 40,000 രൂപ വീതം ലാഭിച്ച് 7.2 ലക്ഷം രൂപയുടെ 'ഫ്രീഡം ഫണ്ട്' രൂപീകരിച്ച വിവരം പങ്കുവെച്ചത്.
30 -ാം വയസ്സിൽ കടുത്ത മാനസിക സമ്മർദ്ദവും ആരോഗ്യ പ്രശ്നങ്ങളും കാരണം ആശുപത്രിയിലായതാണ് ജീവിതത്തിൽ നിർണായക തീരുമാനമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് റിയ പറയുന്നു. പെട്ടെന്ന് ജോലി രാജിവെക്കാതെ, വ്യക്തമായ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമായിരുന്നു കോർപ്പറേറ്റ് ലോകത്തോടുള്ള റിയയുടെ വിടപറയൽ.
റിയ ഒഴിവാക്കിയ 5 കാര്യങ്ങൾ
പുറത്ത് നിന്നുള്ള ഭക്ഷണവും കോഫിയും ഓൺലൈൻ ഓർഡറുകളും പൂർണ്ണമായും നിർത്തി. വീട്ടുഭക്ഷണത്തിലേക്ക് മാറിയതിലൂടെ പ്രതിമാസം 20,000 രൂപയോളം ലാഭിക്കാൻ സാധിച്ചെന്ന് റിയ അവകാശപ്പെട്ടുന്നു. 18 മാസത്തേക്ക് പുതിയ വസ്ത്രങ്ങളോ അനാവശ്യ സാധനങ്ങളോ വാങ്ങാതെ പഴയവ ഉപയോഗിച്ച് മാസം 10,000 രൂപയോളം മാറ്റിവെച്ചു. ആപ്പുകളും സ്ട്രീമിംഗ് സേവനങ്ങളും റദ്ദാക്കി മാസം 5,000 രൂപ അങ്ങനെയും മിച്ചം പിടിച്ചു. ഇടയ്ക്കിടെയുള്ള ബർത്ത്ഡേ ഡിന്നറുകളും ആഘോഷങ്ങളും ഒഴിവാക്കിയതിലൂടെ മാസം 3,000 രൂപ ലാഭിക്കാൻ സാധിച്ചു. വാരാന്ത്യ യാത്രകൾ നിയന്ത്രിച്ച് പ്രതിമാസം 2,000 രൂപ അധികമായി കണ്ടെത്തി.
വിട്ടുവീഴ്ച ചെയ്യാത്ത മുൻഗണനകൾ
അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കിയപ്പോഴും വ്യായാമം, ആരോഗ്യം , പങ്കാളിയുമൊത്തുള്ള സമയം, ഗുണനിലവാരമുള്ള ഭക്ഷണം, വീട്ടുചെലവുകൾ എന്നിവയിൽ റിയ യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. "ജീവിതത്തിൽ കാര്യങ്ങൾ ചുരുക്കുന്നത് ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് നമ്മുടെ മുൻഗണനകൾ തിരിച്ചറിയാനാണ്," റിയ കുറിച്ചു. അതോടൊപ്പം ജോലിയിലിരിക്കെ തന്നെ സ്വന്തമായി ചില പാർട്ട് ടൈം വരുമാന മാർഗ്ഗങ്ങളും റിയ കണ്ടെത്തിയിരുന്നു. 18 -ാം മാസത്തിൽ ഈ ഇതര വരുമാനം അവരുടെ പ്രതിമാസ ശമ്പളമായ 1.6 ലക്ഷം രൂപയെക്കാൾ ഉയർന്നതോടെയാണ് റിയ ഔദ്യോഗികമായി കമ്പനിയിൽ നിന്ന് രാജി വെച്ചത്.
സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
റിയയുടെ പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴി തുറന്നത്. അച്ചടക്കത്തോടെയുള്ള സാമ്പത്തിക ആസൂത്രണത്തെ ഒരു വിഭാഗം ആളുകൾ പ്രശംസിച്ചപ്പോൾ, വ്യക്തിബന്ധങ്ങളും സാമൂഹിക ജീവിതവും തീർത്തും ഒഴിവാക്കിയുള്ള ജീവിതരീതി പ്രായോഗികമല്ലെന്ന് മറുവിഭാഗം വാദിച്ചു.


