ശരീരദുർഗന്ധം വില്ലനായി, യുവാവിനെ ജിമ്മിൽ നിന്ന് പുറത്താക്കി; ഒപ്പം മറ്റൊരു ജിമ്മിലേക്ക് സൗജന്യ പാസും!

Published : Jul 03, 2026, 02:56 PM IST
gym

Synopsis

അസഹനീയമായ ശരീരദുർഗന്ധത്തിന്റെ പേരിൽ യുവാവിന്റെ ജിം മെമ്പർഷിപ്പ് റദ്ദാക്കി. മറ്റ് അംഗങ്ങളുടെ നിരന്തരമായ പരാതിയെ തുടർന്നായിരുന്നു നടപടി. മെമ്പർഷിപ്പ് തുക തിരികെ നൽകിയതിനൊപ്പം, മറ്റൊരു ജിമ്മിൽ ചേരാനായി മൂന്ന് മാസത്തെ സൗജന്യ പാസും നൽകി.

ശരീരത്തിലെ ദുർഗന്ധം അകറ്റി സുഗന്ധം പരത്താൻ വിലകൂടിയ പെർഫ്യൂമുകൾ വാങ്ങാൻ ആളുകൾ വൻതുക ചെലവഴിക്കാറുണ്ട്. എന്നാൽ, ചൈനയിൽ യുവാവിന്റെ ശരീരദുർഗന്ധം കാരണം മറ്റംഗങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയാതെ വന്നതോടെ ജിം അധികൃതർ അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കി. അടച്ച പണം തിരികെ നൽകിയതിന് പുറമെ, മറ്റേതെങ്കിലും ജിമ്മിൽ പോയി വ്യായാമം ചെയ്യാനായി മൂന്ന് മാസത്തെ സൗജന്യ പാസും നൽകിയാണ് ജിം അധികൃതർ ഇയാളെ യാത്രയാക്കിയത്.

കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ഹാങ്ഷൗവിൽ താമസിക്കുന്ന 'ഷി' എന്ന് പേരുള്ള യുവാവിനാണ് ഈ വിചിത്ര അനുഭവം ഉണ്ടായത്. 2025 മേയിൽ, 6,388 യുവാൻ (ഏകദേശം 89,900 ഇന്ത്യൻ രൂപ) നൽകി മൂന്ന് വർഷത്തെ ജിം മെമ്പർഷിപ്പ് ഷി എടുത്തിരുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 2028 ഏപ്രിൽ വരെയായിരുന്നു ഈ മെമ്പർഷിപ്പിന്റെ കാലാവധി.

10 വർഷം മുമ്പ് തന്റെ ശരീരഭാരം 125 കിലോഗ്രാമിൽ നിന്ന് 80 കിലോഗ്രാമായി കുറച്ചതായും, അതിനുശേഷം താനൊരു ഫിറ്റ്നസ് പ്രേമിയായി മാറിയെന്നും ഷി പറയുന്നു. പതിവായി വിവിധ കായിക വിനോദങ്ങളിൽ ഏർപ്പെടാറുള്ള ഷി, ഈ ജിമ്മിൽ ചേർന്നതിന് ശേഷം ആഴ്ചയിൽ അഞ്ച് ദിവസവും അവിടെ വ്യായാമം ചെയ്യാൻ എത്തിയിരുന്നു.

എന്നാൽ, ജൂൺ 20-ന് ജിമ്മിൽ നിന്ന് അദ്ദേഹത്തിന് ഒരു അപ്രതീക്ഷിത സന്ദേശം ലഭിച്ചു. ഷി കാരണം ജിമ്മിനുള്ളിൽ അനുഭവപ്പെടുന്ന കടുത്ത ദുർഗന്ധത്തെക്കുറിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മെമ്പർഷിപ്പ് റദ്ദാക്കുന്നു എന്നായിരുന്നു ആ സന്ദേശം.

'വളരെ ആലോചിച്ച ശേഷമാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്. നിങ്ങളുടെ മെമ്പർഷിപ്പ് കാലാവധിയുടെ ബാക്കി തുക ഞങ്ങൾ തിരികെ നൽകും. സാമ്പത്തിക മാന്ദ്യത്തിനിടയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ഇതിനകം തന്നെ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എല്ലാ ഉപഭോക്താക്കളെയും നന്നായി പരിപാലിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ജിമ്മിലെ കടുത്ത ദുർഗന്ധം തങ്ങളെ ബാധിക്കുന്നു എന്ന് കാണിച്ച് നിരവധി ഉപഭോക്താക്കൾ ആവർത്തിച്ച് പരാതിപ്പെട്ടു. അതിനാൽ ഞങ്ങൾക്ക് നിങ്ങളുടെ മെമ്പർഷിപ്പ് അവസാനിപ്പിക്കേണ്ടി വരികയാണ്' ജിം അധികൃതർ ഷിക്ക് അയച്ച സന്ദേശത്തിൽ പറയുന്നു.

ബാക്കി തുകയായ 3,888 യുവാനും (ഏകദേശം 54,000 രൂപ) മറ്റൊരു ജിമ്മിലേക്ക് മൂന്ന് മാസത്തെ സൗജന്യ മെമ്പർഷിപ്പ് കാർഡും തനിക്ക് ലഭിച്ചതായി ഷി സ്ഥിരീകരിച്ചു.

ഷിക്ക് അമിതമായി വിയർക്കുന്ന സ്വഭാവമുണ്ടെന്നും കടുത്ത ശരീരദുർഗന്ധം ഉണ്ടായിരുന്നുവെന്നും ജിം അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഷി ഉപയോഗിച്ച മെഷീനുകളുടെ അടുത്തുകൂടി നടന്നുപോകുമ്പോൾ പോലും അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നതായി പലരും പരാതിപ്പെട്ടു. ഷി വ്യായാമം ചെയ്യുന്ന അല്ലെങ്കിൽ ഉപയോഗിച്ച് കഴിഞ്ഞ മെഷീനുകളുടെ അടുത്തുള്ള ട്രെഡ്മില്ലുകൾ പോലും മറ്റ് അംഗങ്ങൾ ഒഴിവാക്കാൻ തുടങ്ങി.

പ്രശ്നം പരിഹരിക്കാനായി ഷിക്ക് മാത്രമായി ജിമ്മിന്റെ ഒരു കോണിൽ പ്രത്യേക ഉപകരണങ്ങൾ മാറ്റിവെക്കാനും, ആളൊഴിഞ്ഞ സമയങ്ങളിൽ വരാൻ ആവശ്യപ്പെടാനും ജിം അധികൃതർ ശ്രമിച്ചിരുന്നു. എന്നാൽ പരാതികൾ തുടർന്നു കൊണ്ടേയിരുന്നു. തനിക്ക് അമിതമായി വിയർക്കുന്ന സ്വഭാവമുണ്ടെന്ന് ഷി സമ്മതിക്കുന്നുണ്ട്.

മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വിയർപ്പ് തുടയ്ക്കാനും ഉപകരണങ്ങൾ മൂടാനുമായി താൻ സാധാരണയായി ഒന്നിലധികം തോർത്തുകൾ കരുതാറുണ്ടെന്ന് ഷി പറഞ്ഞു. വീടിനോട് അടുത്തായതിനാൽ പഴയ ജിമ്മിൽ തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന് താല്പര്യം. ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയിൽ ഷി തന്റെ അനുഭവം സെജിയാങ് ടിവിയിലെ പ്രശസ്തമായ ഒരു പരിപാടിയിലൂടെ പങ്കുവെക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്റർവ്യൂവിന് വൈകിയെത്തിയിട്ടും ക്ഷമ ചോദിച്ചില്ല; പ്രമുഖ കമ്പനിയുടെ ജോലി ഓഫർ വേണ്ടെന്നുവെച്ചതായി യുവാവ്
'ഇന്ത്യ ഞങ്ങളെ തിരികെ വിളിച്ചു, മക്കൾ ഇന്ത്യൻ സംസ്കാരവുമറിയണം'; ജർമ്മനിയിലെ സുഖജീവിതമുപേക്ഷിച്ച് നാട്ടിലേക്ക്