
കാലം മാറുകയാണ്. അതിനനുസരിച്ച് പരമ്പരാഗതമായ ജോലിയൊക്കെ വിട്ട് തികച്ചും വ്യത്യസ്തമായ ജോലികളിലൂടെ ആളുകൾ ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ട്. നായകളെ നടത്താൻ കൊണ്ടുപോവുന്നതൊക്കെ അങ്ങനെയുള്ള ജോലികളാണ്. അതുപോലെ, ചൈനയിൽ ഒരു യുവാവ് പുതുവത്സര അവധിക്കാലത്ത് പൂച്ചകളെ പരിപാലിക്കുന്നതിലൂടെ സമ്പാദിച്ചത് ഏകദേശം 1.6 ലക്ഷം യുവാൻ അതായത്, ഏകദേശം 20 ലക്ഷം ഇന്ത്യൻ രൂപയാണ്. ഷാങ്ഹായിൽ നിന്നുള്ള ഹുവാൻ കോങ് എന്ന 33 -കാരനാണ് ഇപ്പോൾ വേറിട്ട ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച് ശ്രദ്ധ നേടുന്നത്.
ഉത്സവ സീസണുകളിൽ നാട്ടിലേക്ക് മടങ്ങുന്നവർക്കും വിനോദയാത്ര പോകുന്നവർക്കും ഒക്കെ പലപ്പോഴും തങ്ങളുടെ പൂച്ചകളെ എന്ത് ചെയ്യും എന്ന് ആശങ്കയുണ്ടാവാറുണ്ട്. അവിടേക്കാണ് യുവാവിന്റെ കടന്നുവരവ്. തങ്ങളുടെ വളർത്തുമൃഗങ്ങളെ വിശ്വസ്തതയോടെ ഏൽപ്പിക്കാൻ ആളില്ലാത്തവർക്ക് ഹുവാൻ ഒരു ആശ്രയമായി മാറുകയായിരുന്നു. ചൈനീസ് പുതുവത്സരത്തോടനുബന്ധിച്ചുള്ള 20 ദിവസത്തിനുള്ളിൽ ഹുവാനും ഹുവാനൊപ്പമുള്ള നാലംഗ സംഘവും ചേർന്ന് ഏകദേശം 2,000 വീടുകളിലാണ് തങ്ങളുടെ സേവനം എത്തിച്ചത്.
ഇതിൽ ആയിരത്തോളം വീടുകളിൽ ഹുവാൻ ഒറ്റയ്ക്കാണ് പോയത്. തിരക്കേറിയ ദിവസങ്ങളിൽ പുലർച്ചെ 3 മണിക്ക് ആരംഭിക്കുന്ന ജോലി രാത്രി 11 മണി വരെ തുടരും. ദിവസവും ശരാശരി 3-4 മണിക്കൂർ മാത്രമാണ് അതിനിടയിൽ ഉറങ്ങിയിരുന്നത്. ഓരോ വീട്ടിലും 10 മുതൽ 15 മിനിറ്റ് വരെയാണ് ചെലവഴിക്കുക. പൂച്ചയ്ക്ക് തീറ്റയും വെള്ളവും നൽകുക, ലിറ്റർ ബോക്സ് വൃത്തിയാക്കുക, പൂച്ചകളുടെ ആരോഗ്യം പരിശോധിക്കുക ഇവയൊക്കെയാണ് ചെയ്യേണ്ടത്. കൂടാതെ, ആളില്ലാത്തതിനാൽ വീടിന്റെ ജനലുകളും ഇലക്ട്രിക് ഉപകരണങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
പൂച്ചകളുടെ നഖം മുറിക്കുക, മരുന്നുകൾ നൽകുക തുടങ്ങിയ കാര്യങ്ങളും ഈ സേവനത്തോടൊപ്പം സൗജന്യമായി ചെയ്ത് നൽകുന്നുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി ഈ രംഗത്ത് സജീവമാണത്രെ ഹുവാൻ. സ്ഥിരം ഹുവാന്റെ സർവീസ് തേടിയെത്തുന്ന ഉപഭോക്താക്കളുടെ വലിയൊരു നിര തന്നെയുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.