ആഹാ, ജോലി കിട്ടാൻ ഇങ്ങനെയും മാർ​ഗമുണ്ടോ, ടി -ഷർട്ടിൽ റെസ്യൂമെ, വൈറലായി യുവാവ്

Published : Jul 17, 2024, 12:53 PM IST
ആഹാ, ജോലി കിട്ടാൻ ഇങ്ങനെയും മാർ​ഗമുണ്ടോ, ടി -ഷർട്ടിൽ റെസ്യൂമെ, വൈറലായി യുവാവ്

Synopsis

'ഒരു ജോലി കണ്ടെത്തുന്നത് ഒരു പങ്കാളിയെ കണ്ടെത്തുന്നത് പോലെ തന്നെ ബുദ്ധിമുട്ടാണ്, നമുക്ക് പരസ്പരം സഹായിക്കാം' എന്ന അഭ്യർത്ഥനയും ഇതിനോടൊപ്പം ചേർത്തിരുന്നു. 

റോഡുകളിലും മറ്റും പരസ്യം കാണിക്കുന്ന ബില്‍ ബോർഡുകൾ ധാരാളമായി കണ്ടിട്ടുണ്ടാകും. എന്നാൽ, കഴിഞ്ഞ ദിവസം ചൈനയിൽ നിന്നുള്ള ഒരു യുവാവ് എല്ലാവരെയും ഞെട്ടിച്ചത് സ്വയം ബില്‍ബോർഡ് ആയി മാറിക്കൊണ്ടായിരുന്നു. ബിരുദധാരിയായ ഈ യുവാവ് സ്വന്തം റെസ്യൂമെ ടി- ഷർട്ടിൽ പ്രിൻറ് ചെയ്ത് അത് ധരിച്ച് തിരക്കേറിയ നഗരങ്ങളിലൂടെ യാത്ര ചെയ്ത് തൊഴിൽ തേടിയ കാഴ്ച വലിയ കൗതുകമാണ് ആളുകളിൽ ഉണ്ടാക്കിയത്.
 
മധ്യ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് ജിയോമാറ്റിക്‌സിൽ നിന്ന് ബിരുദം നേടിയ 21 -കാരനായ സോംഗ് ജിയാലെ എന്ന യുവാവാണ് ഇത്തരത്തിൽ വേറിട്ടൊരു തൊഴിൽ അന്വേഷണം നടത്തിയത്. ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കുന്നതിനു മുൻപായി നിരവധി ഇടങ്ങളിൽ ഇൻ്റേൺഷിപ്പ് ചെയ്യാൻ ഇദ്ദേഹം അവസരം തേടിയെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് ഇത്തരത്തിൽ ഒരു മാർഗ്ഗം സ്വീകരിച്ചത്. തന്റെ ബയോഡാറ്റ ടി- ഷർട്ടിൽ പ്രിൻറ് ചെയ്ത് അത് ധരിച്ച് തിരക്കേറിയ നഗരങ്ങളിലൂടെ സഞ്ചരിച്ചാൽ തീർച്ചയായും ഏതെങ്കിലും കമ്പനികളിലെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുമെന്ന വിശ്വാസത്തിലാണ് ഇത്തരത്തിൽ സ്വയം ബിൽ‍ബോർഡ് ആകാൻ തീരുമാനിച്ചത് എന്നാണ് സോംഗ് ജിയാലെ പറയുന്നത്.

അദ്ദേഹത്തിൻ്റെ ടി- ഷർട്ടിൻ്റെ മുൻവശത്ത് എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: "ജോലി അന്വേഷിക്കുന്നു, ദയവായി പിൻവശം നോക്കൂ." ടി- ഷർട്ടിന്റെ പിൻഭാഗത്താകകട്ടെ പേര്, യൂണിവേഴ്സിറ്റി, പഠനമേഖല, വിദ്യാർത്ഥി പ്രവർത്തനങ്ങൾ, ഇൻ്റേൺഷിപ്പുകൾ എന്നിവ ഉൾപ്പെടുന്ന അദ്ദേഹത്തിൻ്റെ ബയോഡാറ്റയുടെ ഒരു പകർപ്പ് തന്നെ പ്രിൻറ് ചെയ്തു വച്ചിട്ടുണ്ട്. 

ആളുകൾക്ക് തന്നെ ബന്ധപ്പെടുന്നതിനായി ഫോട്ടോയ്ക്ക് മുകളിൽ ഒരു ക്യുആർ കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഒരു ജോലി കണ്ടെത്തുന്നത് ഒരു പങ്കാളിയെ കണ്ടെത്തുന്നത് പോലെ തന്നെ ബുദ്ധിമുട്ടാണ്, നമുക്ക് പരസ്പരം സഹായിക്കാം' എന്ന അഭ്യർത്ഥനയും ഇതിനോടൊപ്പം ചേർത്തിരുന്നു. 

ഏതായാലും അദ്ദേഹത്തിൻറെ ഈ പരീക്ഷണം വിജയിച്ചു എന്നുവേണം പറയാൻ. കാരണം നഗരത്തിലെ ഒരു പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയിൽ തന്നെ ഇൻ്റേൺഷിപ്പ് ചെയ്യാനുള്ള അവസരം സോംഗ് ജിയാലെയെ തേടി എത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?