Luo Yingjiu : ലോകത്തേറ്റവും കരുണയുള്ള മനുഷ്യന്‍ ഇതാണ്!

Web Desk   | Asianet News
Published : Mar 10, 2022, 08:02 PM IST
Luo Yingjiu : ലോകത്തേറ്റവും കരുണയുള്ള മനുഷ്യന്‍ ഇതാണ്!

Synopsis

'ലോകത്തിലെ ഏറ്റവും ഏകാന്തമായ മൃഗശാല'. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഫീനിക്‌സ് മൗണ്ടന്‍ ഫോറസ്റ്റ് പാര്‍ക്കിലാണ് മൂന്ന് പതിറ്റാണ്ടുകളായി ഈ മൃഗശാല ഉള്ളത്. ഇത് നടത്തുന്നത് ലുവോ യിംഗ്ജിയു എന്ന ഒരു 81 കാരനാണ്.   

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചൈനയില്‍ 81 വയസ്സുള്ള ഒരാള്‍ ഒറ്റയ്ക്ക് ഒരു മൃഗശാല നടത്തി വരികയാണ്. അതേസമയം നമ്മള്‍ ഇതുവരെ കണ്ടു പരിചയിച്ച ഒരു സാധാരണ മൃഗശാലയല്ല അത്. മറിച്ച്, തെരുവില്‍ നിന്നോ, അറവ് ശാലകളില്‍ നിന്നോ രക്ഷപ്പെടുത്തി കൊണ്ടുവന്നിട്ടുള്ള ജീവികളാണ് അവിടെയുള്ളത്. 

'ലോകത്തിലെ ഏറ്റവും ഏകാന്തമായ മൃഗശാല'. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഫീനിക്‌സ് മൗണ്ടന്‍ ഫോറസ്റ്റ് പാര്‍ക്കിലാണ് മൂന്ന് പതിറ്റാണ്ടുകളായി ഈ മൃഗശാല ഉള്ളത്. ഇത് നടത്തുന്നത് ലുവോ യിംഗ്ജിയു എന്ന ഒരു 81 കാരനാണ്. 

എന്തു കൊണ്ടാണ് ഇതിനെ ഏകാന്തമൃഗശാല എന്നു വിളിക്കുന്നത്? 

അതറിയാന്‍ അവിടെയുള്ള മൃഗങ്ങളെ അറിയണം. തെരുവില്‍ നിന്നോ, അറവ് ശാലകളില്‍ നിന്നോ രക്ഷപ്പെടുത്തി കൊണ്ടുവന്നിട്ടുള്ള ജീവികളാണ് അവിടെയുള്ളത്. ലുവോ യിംഗ്ജിയു എന്ന വൃദ്ധനാണ് അവയെ രക്ഷിച്ചു കൊണ്ടുവന്ന് താമസിപ്പിക്കുന്നത്. 

അസുഖം ബാധിച്ചതും, അംഗവൈകല്യമുള്ളതുമായ മൃഗങ്ങളാണ് ഇവയിലേറെയും. നായ്ക്കളെയും, പൂച്ചയും ഒക്കെ വളര്‍ത്താന്‍ ആഗ്രഹിക്കുന്നവരില്‍ ചിലരെങ്കിലും അതിന് ഏതെങ്കിലും അപകടം സംഭവിച്ചാല്‍ വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിക്കാറുണ്ട്. അതുവരെ വിശ്വസ്തതയോടെ കൂടെ നിന്ന മൃഗങ്ങളെ അല്പം പോലും ദയവില്ലാതെ തെരുവിലേയ്ക്ക് വലിച്ചെറിയാന്‍ അത്തരക്കാര്‍ക്ക് ഒരു പ്രയാസവും ഉണ്ടാകില്ല. രോഗം മൂലവും, പട്ടിണി കിടന്നും അത് എവിടെയെങ്കിലും കിടന്ന് ചാവും. 

ഇത്തരം മൃഗങ്ങളെയലാണ് ലുവോ എടുത്തു വളര്‍ത്തുന്നത്. വളര്‍ത്ത് മൃഗങ്ങള്‍ക്കൊപ്പം വന്യമൃഗങ്ങളെയും അദ്ദേഹം അവിടെ പാര്‍പ്പിച്ചിരിക്കുന്നു. 

തീര്‍ത്തും ഏകാന്തമായ ഈ മൃഗശാലയില്‍ സന്ദര്‍ശകര്‍ തീരെ കുറവാണ്. മിക്ക മൃഗങ്ങളും ആരോഗ്യമില്ലാത്തവരാണ്. കാണാന്‍ കൗതുകമില്ലാത്ത, ആളുകളെ രസിപ്പിക്കാന്‍ കഴിവില്ലാത്ത അവയെ കാണാന്‍ ആര് വരാനാണ്!  

1980-കളിലാണ് ലുവോ മൃഗങ്ങളെ വളര്‍ത്താന്‍ തുടങ്ങുന്നത്. വെറുമൊരു കൗതുകത്തിന്റെ പേരിലായിരുന്നില്ല അത്. അംഗവൈകല്യമുള്ളതും, അസുഖമുള്ളതുമായ മൃഗങ്ങളെ കൂട്ടില്‍ പാര്‍പ്പിച്ച് തെരുവുകളില്‍ വില്‍ക്കുന്നത് കണ്ട് സഹിക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു അത്. കൈകാലുകള്‍ ഇല്ലാത്ത അനങ്ങാന്‍ പോലും കഴിയാത്ത വന്യമൃഗങ്ങളെ കൂട്ടിലിട്ട് മാര്‍ക്കറ്റില്‍ വില്‍പനയ്ക്കായി പാര്‍പ്പിച്ചിരിക്കുന്നത് കണ്ടപ്പോള്‍, ലുവോയ്ക്ക് സഹതാപം തോന്നി. അദ്ദേഹം അവയെ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി.

ആവശ്യമായ ചികിത്സ നല്‍കാനും, അവയെ ആരോഗ്യമുള്ളവരാക്കാനും അദ്ദേഹം പരമാവധി ശ്രമിച്ചു. പൂര്‍ണ്ണമായി സുഖം പ്രാപിച്ച മൃഗങ്ങളെ വീണ്ടും കാട്ടിലേക്ക് വിട്ടയച്ചു. എന്നാല്‍ ചിലതിന്റെ ആരോഗ്യ നില വളരെ മോശമായിരുന്നു. അവയ്ക്ക് നിരന്തരമായ പരിചരണവും ശ്രദ്ധയും ആവശ്യമായിരുന്നു. ആ മൃഗങ്ങളെ അദ്ദേഹം തന്നോടൊപ്പം പാര്‍പ്പിച്ചു. പതുക്കെ മൃഗങ്ങളുടെ എണ്ണം കൂടി വന്നു. അങ്ങനെ ഇരിക്കുപ്പോഴാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് കുറച്ച് സാമ്പത്തിക സഹായം നല്‍കി ഒരു മൃഗശാല തുറക്കാന്‍ നിര്‍ദ്ദേശിച്ചത്.

തുടര്‍ന്ന്, 1989 ല്‍ ലുവോ പാര്‍ക്ക് തുറന്നു. അക്കാലത്ത് നഗരത്തിലുണ്ടായിരുന്ന ഒരേയൊരു പാര്‍ക്ക് ഇതായിരുന്നു. തുടക്കത്തില്‍ വാല്‍ മുറിഞ്ഞ കടുവയും, അപൂര്‍വ രോമങ്ങളുള്ള സിംഹവും ഉള്‍പ്പെടെ ചില വലിയ മൃഗങ്ങള്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നു. എന്നാല്‍ മൃഗശാലയിലെ വൃദ്ധരും, ദുര്‍ബലരും, രോഗികളും, വികലാംഗരുമായ മൃഗങ്ങളെ കാണാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. അവിടെ സന്ദര്‍ശകര്‍ കുറവായിരുന്നു. ടിക്കറ്റ് വില വെറും 10 യുവാന്‍ (120 രൂപ) ആണെങ്കില്‍ പോലും, പല ദിവസവും തനിക്ക് ഒരു ടിക്കറ്റ് പോലും വില്‍ക്കാന്‍ സാധിക്കാറില്ലെന്ന് ലുവോ പറഞ്ഞു. അങ്ങനെയാണ് അക്ഷരാത്ഥത്തില്‍, അത് ലോകത്തെ ഏറ്റവും ഏകാന്തമായ മൃഗശാലയായി മാറി.

ഇപ്പോള്‍ അദ്ദേഹത്തിന് മാസംതോറും കിട്ടുന്ന പെന്‍ഷന്‍ തുകയായ 3,000 യുവാന്‍ (36,000 രൂപ) ഉപയോഗിച്ചാണ് മൃഗശാല പ്രവര്‍ത്തിപ്പിക്കുന്നത്. പലരും മൃഗശാല അടച്ചുപൂട്ടാന്‍ അദ്ദേഹത്തെ ഉപദേശിക്കുന്നുവെങ്കിലും, അദ്ദേഹം അതിന് തയ്യാറല്ല. 'ഇത് വെറുമൊരു മൃഗശാലയല്ല, മറിച്ച് അവയുടെ ആവാസകേന്ദ്രമാണ്. മൃഗശാല അടച്ചു പൂട്ടിയാല്‍ ഈ മൃഗങ്ങള്‍ എവിടെ പോകും? അവയ്ക്ക് കാട്ടില്‍ അതിജീവിക്കാന്‍ കഴിയില്ല, നാട്ടിലും ജീവിക്കാന്‍ പ്രയാസമാണ്' അദ്ദേഹം പറഞ്ഞു.  

അവിടെ എത്തുന്ന ഓരോ മൃഗങ്ങള്‍ക്കും വേദനിപ്പിക്കുന്ന ഓരോ കഥകളുണ്ട്, മനുഷ്യന്റെ ക്രൂരതയുടെ, സ്വാര്‍ത്ഥയുടെ പൊള്ളുന്ന അനുഭവങ്ങള്‍. ഏകദേശം 30 വര്‍ഷമായി മൃഗശാലയില്‍ കഴിയുന്ന ഒരു കുരങ്ങുണ്ട്. സന്ദര്‍ശകരുടെ അമിതമായ ക്യാമറ ഫ്‌ലാഷുകള്‍ അവന്റെ കണ്ണുകളെ ഏതാണ്ട് അന്ധമാക്കി. കാഴ്ചയില്ലാത്തതിനാല്‍ അവന് സ്വന്തമായി ആഹാരം കഴിക്കാന്‍ പോലും കഴിയാതായി. ലുവോ ഇപ്പോള്‍ അവന് ഭക്ഷണം കൈയില്‍ വച്ച് കൊടുക്കുന്നു. 

അതുപോലെ ഡയന്‍സി എന്ന നായയെ അതിന്റെ യജമാനന്‍ കൊന്നുതിന്നാന്‍ തീരുമാനിച്ചപ്പോഴാണ് ലുവോ അവനെ രക്ഷപ്പെടുത്തുന്നത്. ഡിയാന്‍സിക്ക് ചെറുപ്പമായിരുന്നെങ്കിലും, തന്നെ കൊല്ലാന്‍ നോക്കിയ യജമാനനെ അവന് ഇപ്പോഴും ഓര്‍മ്മയുണ്ട്. അതിനാല്‍ തന്റെ മുന്‍ ഉടമയെ കാണാന്‍ അവന്‍ ഇഷ്ടപ്പെടുന്നില്ല. അതേസമയം നായയ്ക്ക് ലുവോയെ ജീവനാണ്. എല്ലാ രാത്രിയിലും ലുവോ സുരക്ഷിതനാണെന്ന് ഉറപ്പാക്കാന്‍ രണ്ടോ മൂന്നോ തവണ അവന്‍ മുറിക്ക് സമീപം വന്ന് നോക്കുന്നു. 

ജനുവരിയില്‍, ലുവോ തന്റെ കൊച്ചുമകളുടെ സഹായത്തോടെ ബിലിബിലി എന്ന വെബ്‌സൈറ്റില്‍ ഒരു അക്കൗണ്ട് ആരംഭിച്ചു. ഇതുവരെ 126,000 ഫോളോവേഴ്സിനെ അദ്ദേഹത്തിന് ലഭിച്ചു.  തനിക്ക് ആരോഗ്യമുള്ള കാലം വരെ മൃഗങ്ങളെ എങ്ങനെയും താന്‍ പരിപാലിക്കുമെന്ന് അദ്ദേഹം പറയുന്നു.  
 

PREV
click me!

Recommended Stories

ഇന്ത്യ ഇഷ്ടമല്ലാത്തതു കൊണ്ടല്ല, കോടികളുണ്ടെങ്കിലും മടങ്ങി വരാത്തത്; ചർച്ചയായി കുറിപ്പ്
സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി