കോടികളുടെ സമ്പാദ്യമുണ്ടായിട്ടും വിദേശത്ത് കഴിയുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്നതിന്റെ കാരണങ്ങൾ എന്തായിരിക്കാം? പോസ്റ്റ് ഷെയര്‍ ചെയ്ത് പേഴ്സണൽ ഫിനാൻസിൽ വിദഗ്ധനായ സ്വപ്നിൽ കൊമ്മാവാർ. ഇന്ത്യ ഇഷ്ടപ്പെടാത്തത് കൊണ്ടല്ലെന്നും യുവാവ്.
മാതൃരാജ്യത്തോടുള്ള വൈകാരികമായ അടുപ്പം നിലനിൽക്കുമ്പോഴും, വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരിൽ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങേണ്ടതില്ലെന്ന് തീരുമാനിക്കുകയാണ്. ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് അവരെ നയിക്കുന്നത് എന്താകാം. പേഴ്സണൽ ഫിനാൻസിൽ വിദഗ്ധനായ സ്വപ്നിൽ കൊമ്മാവാർ അടുത്തിടെ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഈ വിഷയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. ഇന്ത്യയെ അപേക്ഷിച്ച് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ ജീവിതം കുറച്ചുകൂടി മികച്ചതാണെന്ന് തോന്നുന്നു എന്നാണ് അദ്ദേഹം പറയുന്നത്. കാനഡയിലുള്ള തന്റെ ഒരു സുഹൃത്തുമായി ഫോണിൽ സംസാരിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു. അഞ്ചും ആറും കോടി രൂപയോളം സമ്പാദ്യമുള്ളവർ പോലും ഇന്ത്യയേക്കാൾ സൗകര്യപ്രദമായ ജീവിതം വിദേശത്താണെന്ന് കരുതുന്നു എന്നാണ് കൊമ്മാവാർ പറയുന്നത്.
മികച്ച തൊഴിൽ സാഹചര്യം, സുതാര്യമായ നിയമങ്ങൾ, കൃത്യമായ ഓവർടൈം പേയ്‌മെന്റ്, അഴിമതിയുടെ കുറവ് എന്നിവ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരെ പോലും വീണ്ടും ഒന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ത്യയോടുള്ള സ്നേഹം നിലനിൽക്കുമ്പോൾ തന്നെ കുറഞ്ഞ മാനസിക സമ്മർദ്ദവും ഉയർന്ന ജീവിത നിലവാരവും വിദേശത്ത് തുടരാൻ അവരെ പ്രേരിപ്പിക്കുന്നു എന്നും അദ്ദേഹം നിരീക്ഷിച്ചു. ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സാമൂഹിക മാധ്യമങ്ങൾ വഴി നിരവധി ആളുകളാണ് കാണുകയും പ്രതികരിക്കുകയും ചെയ്തത്.
ഇന്ത്യയിലെ ഗതാഗതക്കുരുക്ക്, മലിനീകരണം, ഉദ്യോഗസ്ഥതലത്തിലെ നൂലാമാലകൾ എന്നിവ സമാധാനപരമായ ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് പലരും കമന്റുകളിൽ ചൂണ്ടിക്കാട്ടി. സുരക്ഷാ പ്രശ്നങ്ങളും അപ്രതീക്ഷിതമായ നിയമ മാറ്റങ്ങളും വിദേശത്തെ ചിട്ടയായ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വെല്ലുവിളിയാണെന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. ചുരുക്കത്തിൽ ഇന്ത്യയോടുള്ള വൈകാരികമായ അടുപ്പം നിലനിൽക്കുമ്പോഴും വിദേശരാജ്യങ്ങൾ നൽകുന്ന മികച്ച ജീവിത സൗകര്യങ്ങളും കൂടുതൽ തൊഴിലവസരങ്ങളും പലരെയും അവിടെത്തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് എന്നും പലരും അഭിപ്രായപ്പെട്ടു.


