ചൈനയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ നാല് വയസുകാരനെ രക്ഷിക്കാന്‍ മുന്നുംപിന്നും നോക്കാതെ ഇറങ്ങി 13 വയസ്സുകാരി. പേരോ വിവരങ്ങളോ ഒന്നും നൽകാതെയാണ് ആ പെൺകുട്ടി മടങ്ങിയത്. അവളെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ചൈനയിലെ സോഷ്യല്‍ മീഡിയ.
തണുത്തുറഞ്ഞ തടാകത്തിൽ വീണ നാല് വയസുകാരനെ സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി രക്ഷിക്കാനിറങ്ങിയ 13 വയസ്സുകാരിയുടെ ധൈര്യത്തിന് കയ്യടിക്കുകയാണ് ഇപ്പോൾ ചൈനയിലെ ജനങ്ങൾ. വടക്കുപടിഞ്ഞാറൻ ചൈനയിലെ നിങ്‌സിയ ഹുയി സ്വയംഭരണ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ടോങ്‌സിൻ കൗണ്ടിയിലെ ഒരു പബ്ലിക് പാർക്കിൽ ഡിസംബർ 6 -നാണ് സംഭവം നടന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, തടാകം ആകെ മഞ്ഞുമൂടിയ നിലയിലായിരുന്നു. അതിന് മുകളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. ആ സമയത്താണ് അപകടം നടക്കുന്നത്.
കുട്ടി പെട്ടെന്ന് തടാകത്തിന് മുകളിൽ നിന്നും ഐസ് പാളി മാറി ഒരു കുഴിയിലൂടെ തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മ ആകെ ഭയന്നുപോയി. എന്തു ചെയ്യണമെന്നറിയാതെ ഞെട്ടിയും ഭയന്നും അവർ രക്ഷാപ്രവർത്തകരെയും കാത്ത് തടാകക്കരയിലിരിക്കുകയായിരുന്നു. എന്നാൽ, ആ സമയത്ത് ഒരു സ്കൂൾ വിദ്യാർത്ഥിനി മുന്നോട്ടുവന്ന് സഹായം വാഗ്ദാനം ചെയ്തു. പേടിച്ചരണ്ട അമ്മയുടെ അടുത്തേക്ക് ചെന്ന് അവൾ പറഞ്ഞത്, ആന്റി താൻ അവനെ രക്ഷിക്കാൻ വെള്ളത്തിലേക്കിറങ്ങട്ടെ എന്നാണ്. തനിക്ക് ഭാരം കുറവാണ് എന്നും അവൾ പറഞ്ഞു. അങ്ങനെ അടുത്തുള്ള താമസക്കാർ നൽകിയ പൈപ്പുമായി അവൾ ധൈര്യപൂർവം വെള്ളത്തിലേക്ക് ഇറങ്ങി.
ഒരു ഘട്ടത്തിൽ ഐസിന്റെ ഒരു ഭാഗം തകർന്ന് അവളും തണുത്തുറഞ്ഞ തടാകത്തിലേക്ക് വീഴുകയും രണ്ട് കുട്ടികളും മഞ്ഞുമൂടിയ വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും അഗ്നിശമന സേനാംഗങ്ങൾ എത്തി രണ്ട് കുട്ടികളെയും സുരക്ഷിതമായി പുറത്തെടുത്തു. ഉടനെ തന്നെ ഹൈപ്പോഥെർമിയ തടയാൻ രക്ഷാപ്രവർത്തകർ പെൺകുട്ടിക്ക് ഒരു പുതപ്പും നൽകി. എന്നാൽ, ഇത്രയൊക്കെ ചെയ്തിട്ടും പേരോ തന്റെ മറ്റ് വിവരങ്ങളോ ഒന്നും പങ്കുവെക്കാതെ നിശബ്ദമായി അവൾ അവിടെ നിന്നും പോവുകയായിരുന്നു. പിന്നീട് ആരോ പകർത്തിയ അവളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ അവളെ ആളുകൾ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയായിരുന്നു. അവളെ എന്നെങ്കിലും ഒരിക്കൽ കൂടി കാണുമെന്നും നേരിട്ട് നന്ദി പറയാൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു എന്ന് പറയുകയാണ് കുട്ടിയുടെ കുടുംബം.


