'അവൾ ഒടുക്കത്തെ തീറ്റയാണ്, ആ പണം തിരികെ വേണം'; വിവാഹം നിശ്ചയിച്ചിരുന്ന സ്ത്രീക്കെതിരെ യുവാവ് കോടതിയിൽ

Published : Dec 21, 2025, 05:26 PM IST
food

Synopsis

ചൈനയിൽ വിവാഹ നിശ്ചയം കഴിഞ്ഞു പിരിഞ്ഞ യുവാവ്, പ്രതിശ്രുത വധുവിനെതിരെ കോടതിയില്‍. ഡേറ്റിങ്ങിനിടെ യുവതി തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ആ പണം തിരികെ വേണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം. 

ചൈനയിൽ നിന്നുള്ള ഒരു അസാധാരണമായ പ്രണയവിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും ചർച്ചയാകുന്നത്. വിവാഹ നിശ്ചയം കഴിഞ്ഞശേഷം ബന്ധം പിരിഞ്ഞതിനെ തുടർന്ന്, ഡേറ്റിങ്ങിനിടയിൽ ചെലവഴിച്ച പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി ഒരു യുവാവ് വിവാഹം തീരുമാനിച്ചിരുന്ന യുവതിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചതാണ് സംഭവം. യുവാവിന്റെ പ്രധാന ആരോപണം, യുവതി വളരെയധികം ഭക്ഷണം കഴിക്കുന്നു എന്നതും അതുവഴി തനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ്.

ഡിസംബർ 9 -ന് ചൈനീസ് മാധ്യമങ്ങളിൽ ഈ സംഭവം വാർത്തായായതിന് പിന്നാലെയാണ് മുൻപ് പ്രണയത്തിലായിരുന്ന ഈ ദമ്പതികളുടെ കേസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്. 'സോങ്‌ലാൻ ന്യൂസ്' റിപ്പോർട്ട് പ്രകാരം, 'ഹേ' എന്ന് സർനെയിമിലുള്ള യുവാവ് തന്റെ ബന്ധം തകർന്നതിന് പിന്നാലെ പ്രതിശ്രുത വധുവായ 'വാങ്ങി'നെതിരെ പരാതി നൽകുകയായിരുന്നു.

വാങ്ങിന്റെ കുടുംബത്തിന് നൽകിയ 20,000 യുവാൻ (ഏകദേശം 2.3 ലക്ഷം രൂപ) തിരികെ നൽകണമെന്ന് ഹേ ആവശ്യപ്പെട്ടു. കൂടാതെ, തങ്ങൾ പ്രണയത്തിലായിരുന്ന സമയത്ത് വാങ്ങിനായി ചിലവഴിച്ച 30,000 യുവാൻ കൂടി തിരികെ വേണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വസ്ത്രങ്ങൾ അടക്കമുള്ള വസ്തുക്കൾക്കായി ചിലവാക്കിയ തുക ഉൾപ്പെടെയാണ് ഇയാൾ കണക്കുപറഞ്ഞത്.

വടക്കുകിഴക്കൻ ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഹേയും വാങ്ങും. റിപ്പോർട്ടുകൾ പ്രകാരം, ഇരുവരും മാച്ച്‌മേക്കറുടെ സഹായത്തിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് വിവാഹനിശ്ചയം നടത്തി. തുടർന്ന് ഇവർ വടക്കൻ ചൈനയിലെ ഹെബെയ് പ്രവിശ്യയിലേക്ക് താമസം മാറുകയും ചെയ്തു. ഈ കാലയളവിൽ ഭക്ഷണം, സമ്മാനങ്ങൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി വലിയ തുക താൻ ചെലവഴിച്ചുവെന്നാണ് യുവാവിന്റെ വാദം. പ്രത്യേകിച്ച്, യുവതി തങ്ങളുടെ കുടുംബം നടത്തുന്ന റെസ്റ്റോറന്റിൽ നിന്ന് ദിവസേന ഭക്ഷണം കഴിച്ചെന്നും ജോലി കാര്യങ്ങളിൽ ഗൗരവം കാണിച്ചില്ലെന്നും ഇയാൾ ആരോപിച്ചു. റെസ്റ്റോറന്റിൽ വില്പനയ്ക്കുള്ള ഭക്ഷണം യുവതിയുടെ വിശപ്പടക്കാൻ പര്യാപ്തമല്ലായിരുന്നു എന്നും ഇയാൾ ആരോപിച്ചു.

ബന്ധം പിരിഞ്ഞതോടെ, യുവാവ് കോടതിയെ സമീപിച്ച് ഏകദേശം 50,000 യുവാൻ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവതി ഈ ആവശ്യം ശക്തമായി എതിർത്തു. ബന്ധത്തിനിടെ നൽകിയ സമ്മാനങ്ങൾ സ്വമേധയാണെന്നും, അവ തിരികെ ആവശ്യപ്പെടാൻ നിയമപരമായ അവകാശമില്ലെന്നും അവൾ കോടതിയിൽ വാദിച്ചു.

കേസ് പരിഗണിച്ച കോടതി, ഡേറ്റിങ്ങിനിടയിൽ നൽകിയ സമ്മാനങ്ങളും ഭക്ഷണച്ചെലവും തിരികെ ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി. എന്നാൽ വിവാഹ നിശ്ചയവുമായി നേരിട്ട് ബന്ധപ്പെട്ട ചില പാരമ്പര്യ ചെലവുകളുടെ കാര്യത്തിൽ, ഭാഗികമായി തുക മടക്കിനൽകണമെന്ന് കോടതി വിധിച്ചു. ഇതോടെ, യുവാവിന്റെ മുഴുവൻ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കിലും, ചെറിയൊരു തുക തിരികെ ലഭിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി
5 വർഷം തുടർച്ചയായി നിൽക്കുന്ന ജീവനക്കാർക്ക് കമ്പനി വക സമ്മാനം ഫ്ലാറ്റ്..!