അഞ്ച് വർഷം സേവനം പൂർത്തിയാക്കാന്‍ തയ്യാറാകുന്ന ജീവനക്കാർക്ക് സൗജന്യമായി ഫ്ലാറ്റുകൾ സമ്മാനിച്ച് ചൈനയിലെ ഷെജിയാങ് ഗുഷെങ് ഓട്ടോമൊബൈൽ എന്ന കമ്പനി. കഴിവുള്ളവരെ ആകർഷിക്കാനും കമ്പനിയിൽ നിലനിർത്താനും ലക്ഷ്യമിട്ടാണത്രെ ഈ പദ്ധതി.
നല്ല കഴിവുള്ളവരെ ആകർഷിക്കാനും കമ്പനിയിൽ തന്നെ നിലനിർത്താനും വേണ്ടി ഒരു ചൈനീസ് കമ്പനി കണ്ടെത്തിയ മാർഗമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. അഞ്ച് വർഷം കമ്പനിയിൽ തുടരുന്ന ജീവനക്കാർക്ക് സമ്മാനമായി ഫ്ലാറ്റാണ് കമ്പനി വാഗ്ദ്ധാനം ചെയ്യുന്നത്. ഓട്ടോമോട്ടീവ് ഫാസ്റ്റനറുകൾ നിർമ്മിക്കുന്ന സ്ഥാപനമായ ഷെജിയാങ് ഗുഷെങ് ഓട്ടോമൊബൈൽ കമ്പനി ലിമിറ്റഡാണ് തങ്ങളുടെ കാമ്പസിനടുത്ത് 18 ഫ്ലാറ്റുകൾ വാങ്ങിയിരിക്കുന്നത്. അവ ജീവനക്കാർക്ക് പ്രതിഫലമായി നൽകാനാണത്രെ. ദി സ്റ്റാൻഡേർഡിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, രണ്ട് വർഷം മുമ്പാണ് ഈ ഫ്ലാറ്റുകൾ വാങ്ങിയത്. ഇന്നത്തെതിനേക്കാൾ കുറഞ്ഞ വിലയ്ക്കായിരുന്നു അന്ന് ഫ്ലാറ്റുകൾ വാങ്ങിയത്.
ഫ്ലാറ്റുകൾ വാങ്ങാനായി കമ്പനിയുടെ ഉടമ 10 ദശലക്ഷം യുവാൻ ആണ് (ഏകദേശം 12.7 കോടി) ചെലവഴിച്ചത്. വെൻഷോ ആസ്ഥാനമായുള്ള ഈ കമ്പനിയിൽ അഞ്ച് വർഷത്തേക്ക് തുടരുന്ന ജീവനക്കാർക്ക് സൗജന്യ ഫ്ലാറ്റിന് അർഹതയുണ്ടെന്നാണ് ഷെജിയാങ് ഗുഷെങ് ഓട്ടോമൊബൈൽ അടുത്തിടെ പുറത്തിറക്കിയ ഒരു ജോബ് പോസ്റ്റിൽ വെളിപ്പെടുത്തുന്നത്. കമ്പനിയിൽ ആകെ 450 ജീവനക്കാരാണുള്ളത്. ഈ വർഷം ഇതുവരെ അഞ്ച് ഫ്ലാറ്റുകൾ നൽകി കഴിഞ്ഞു. ഇതിൽ രണ്ടെണ്ണം എൻട്രി ലെവൽ സ്ഥാനങ്ങളിൽ നിന്നും മാനേജ്മെന്റ് റാങ്കിലേക്ക് ഉയർന്ന ജീവനക്കാർക്കാണ് ലഭിച്ചത്. ഫ്ലാറ്റ് ലഭിച്ച ശേഷം കമ്പനിയിൽ അഞ്ച് വർഷം കൂടി നിൽക്കും എന്നുള്ള കരാറിൽ ജീവനക്കാർ ഒപ്പിടണം.
കഴിവുള്ള ജോലിക്കാരെ അംഗീകരിക്കാനായിട്ടാണ് ഈ ഫ്ലാറ്റുകൾ നൽകുന്നത് എന്നാണ് കമ്പനിയുടെ ജനറൽ മാനേജർ വാങ് ജിയുവാൻ പറയുന്നത്. ഈ വർഷം അഞ്ച് ഫ്ലാറ്റുകൾ നൽകി. എട്ടെണ്ണം കൂടി നൽകാൻ പ്ലാനുണ്ട് എന്നും വാങ് പറഞ്ഞു. വാങ് പറയുന്നതനുസരിച്ച്, എല്ലാ ഫ്ലാറ്റുകളും കമ്പനിയിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിലാണ് ഉള്ളത്. 100 മുതൽ 150 സ്ക്വയർ മീറ്റർ വരെ വലിപ്പമുണ്ട്. ഈ പ്രദേശത്ത്, ഒരു സെക്കൻഡ് ഹാൻഡ് വീടിന്റെ ശരാശരി വില സ്ക്വയർ മീറ്ററിന് 7,000 മുതൽ 8,500 യുവാൻ (ഏകദേശം 88,681.58 മുതൽ 1,07,492) വരെയാണ്.


