വെള്ളിയാഴ്ച 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ 100 രൂപ പിഴ; കമ്പനിയുടെ നിയമത്തിനെതിരെ ജീവനക്കാരി

Published : Dec 21, 2025, 04:45 PM IST
indian woman

Synopsis

വെള്ളിയാഴ്ചകളിൽ 'ട്രഡീഷണൽ വസ്ത്രം' ധരിച്ചില്ലെങ്കിൽ ജീവനക്കാര്‍ക്ക് 100 രൂപ പിഴ. കമ്പനിയിലെ പുതിയ നിയമത്തെ കുറിച്ച് ജീവനക്കാരിയുടെ റെഡ്ഡിറ്റ് പോസ്റ്റ്. ഇത് നിയമവിധേയമാണോ എന്നും ചോദ്യം. 

റെഡ്ഡിറ്റിൽ ഒരു യുവതി തന്റെ ഓഫീസിലെ പുതിയ നിയമത്തെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അവരുടെ കമ്പനിയിലെ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് 'ട്രഡീഷണൽ ഫ്രൈഡേയ്സ്' (Traditional Fridays) എന്നൊരു പുതിയ നയം നടപ്പിലാക്കിയിരിക്കുകയാണ് എന്നാണ് യുവതി പറയുന്നത്. ഈ നിയമം പാലിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും പോസ്റ്റിൽ പറയുന്നു. ഓഫീസിലെ കൾച്ചറൽ പാർട്ടിസിപ്പേഷൻ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വെള്ളിയാഴ്ചകളിലും ഹെഡ് ഓഫീസിലെ ജീവനക്കാർ നിർബന്ധമായും ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണം എന്നതാണ് കമ്പനിയുടെ പുതിയ നയം. ഇതിൽ വീഴ്ച വരുത്തുന്ന ജീവനക്കാർ 100 രൂപ 'പിഴ' നൽകണം. അതേസമയം, സീനിയർ മാനേജ്‌മെന്റ് അംഗങ്ങൾ ഈ നിയമം ലംഘിച്ചാൽ 500 രൂപയാണ് പിഴയൊടുക്കേണ്ടി വരിക.

ഇത്തരത്തിൽ ശേഖരിക്കുന്ന പിഴത്തുക കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടിലേക്ക് നിക്ഷേപിക്കുമെന്നാണ് എച്ച് ആർ അയച്ച ഇമെയിലിന്റെ സ്‌ക്രീൻഷോട്ട് സൂചിപ്പിക്കുന്നത്. ഈ വിചിത്രമായ നിയമത്തിൽ ജീവനക്കാരി തന്റെ അമർഷം രേഖപ്പെടുത്തി. തന്റെ പക്കൽ പ്രധാനമായും കാഷ്വൽ വസ്ത്രങ്ങൾ മാത്രമാണുള്ളതെന്നും, ആഴ്ചയിലൊരിക്കലുള്ള ഈ നിയമം പാലിക്കാൻ വേണ്ടി മാത്രം പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പണം ചിലവാക്കാൻ തനിക്ക് താല്പര്യമില്ലെന്നും അവർ വ്യക്തമാക്കി.

യുവതിയുടെ റെഡ്ഡിറ്റ് പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ: 'ഞാൻ ഇവിടെ ജോലിക്ക് കയറിയ ആദ്യത്തെ 6 മാസം 'കാഷ്വൽ ഫ്രൈഡേ' ആയിരുന്നു. പിന്നീട് അവർ അത് വെള്ളിയാഴ്ചകളിൽ ഫോർമൽ അല്ലെങ്കിൽ ട്രഡീഷണൽ വസ്ത്രങ്ങൾ എന്നാക്കി മാറ്റി. അത് ഞാൻ സമ്മതിച്ചു. ഞാനുൾപ്പടെ മിക്കവരും ഫോർമൽ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത്. എന്റെ പക്കൽ ലളിതമായ ഇന്ത്യൻ വസ്ത്രങ്ങളില്ല, അത് വാങ്ങാൻ എനിക്ക് താല്പര്യവുമില്ല. എന്നാൽ, ഇന്ന് അവർ ഈ മെയിൽ അയച്ചു, അത് കണ്ടപ്പോൾ എനിക്ക് നിയന്ത്രണം നഷ്ടമായി . ഇത് നിയമപരമാണോ?.'

കമ്പനിയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഇന്ത്യയിൽ ഇത്തരമൊരു നയം നടപ്പിലാക്കുന്നതിന്റെ നിയമസാധുതയെക്കുറിച്ച് നിരവധി നിയമവിദഗ്ധരും എച്ച്ആർ പ്രൊഫഷണലുകളും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. 2019 -ലെ 'കോഡ് ഓൺ വേജസ്' പോലുള്ള ഇന്ത്യൻ തൊഴിൽ നിയമങ്ങൾ അനുസരിച്ച്, ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കൽ ജോലിക്ക് ഹാജരാകാതിരിക്കുക, പിഎഫ്/ഇഎസ്ഐ വിഹിതം, അല്ലെങ്കിൽ എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുക തുടങ്ങിയ പ്രത്യേക കാര്യങ്ങൾക്കായി മാത്രമേ അനുവദിക്കൂ. വസ്ത്രധാരണ രീതി ലംഘിക്കുന്നത് പിഴ ഈടാക്കാനുള്ള നിയമപരമായ കാരണമായി അംഗീകരിച്ചിട്ടില്ല.

 

 

സിഎസ്ആർ എന്നത് കമ്പനിയുടെ നിയമപരമായ ബാധ്യതയാണെന്നും അല്ലാതെ ജീവനക്കാരുടേതല്ലെന്നും പല റെഡ്ഡിറ്റ് ഉപയോക്താക്കളും ചൂണ്ടിക്കാട്ടി. പിഴയിലൂടെ പണം കണ്ടെത്താൻ ജീവനക്കാരെ നിർബന്ധിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കാം. ഒരു പിഴ നിയമപരമായി നിലനിൽക്കണമെങ്കിൽ, അത് ജീവനക്കാരൻ ഒപ്പിട്ട കരാറിലോ സാക്ഷ്യപ്പെടുത്തിയ സ്റ്റാൻഡിംഗ് ഓർഡറിലോ വ്യക്തമാക്കിയിരിക്കണം. കൂടാതെ, ഇവ അതാത് സംസ്ഥാനങ്ങളിലെ 'ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്' അനുസരിച്ചുള്ളതുമാകണമെന്നും വിമർശകർ ചൂണ്ടിക്കാട്ടി.

PREV
Read more Articles on
click me!

Recommended Stories

5 വർഷം തുടർച്ചയായി നിൽക്കുന്ന ജീവനക്കാർക്ക് കമ്പനി വക സമ്മാനം ഫ്ലാറ്റ്..!
10 വയസുകാരിയുടെ ഒറ്റയാള്‍ പ്രതിഷേധം, സ്കൂൾ യൂണിഫോമിൽ റോഡിൽ കുത്തിയിരുന്നത് 3 മണിക്കൂർ, ​ഗതാ​ഗതം സ്തംഭിച്ചു