
തന്റെ മുൻ ഭാര്യമാരടക്കം 20 -ലധികം പേരിൽ നിന്നായി ഏകദേശം രണ്ട് മില്ല്യൺ യുവാൻ (2,44,16,830) കബളിപ്പിച്ച് കൈക്കലാക്കിയ 39 -കാരന് 13 വർഷം തടവ്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ലിയു എന്ന യുവാവിനെയാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള സിയാങ്ങിലെ ഒരു കോടതി ശിക്ഷിച്ചിരിക്കുന്നത്.
10 വർഷത്തിലധികമായി ഇയാൾ ഈ തട്ടിപ്പ് തുടങ്ങിയിട്ട് എന്നാണ് പറയുന്നത്. സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി പറയുന്നത് പ്രകാരം, 2009 -നും 2024 -നും ഇടയിൽ ലിയു ആറ് സ്ത്രീകളെ വിവാഹം കഴിച്ചു. പിന്നീട് ഇവരെ എല്ലാവരേയും വിവാഹമോചനം ചെയ്തു. അവസാനത്തെ അഞ്ച് പേരും അവരുടെ കുടുംബങ്ങളും അയാളുടെ തട്ടിപ്പിനിരയായി എന്നും റിപ്പോർട്ടുകൾ പറയുന്നു.
താനൊരു സക്സസ്ഫുൾ സംരംഭകനാണ് എന്നാണ് ലിയു സ്വയം പരിചയപ്പെടുത്തിയത്. വാടകയ്‌ക്കെടുത്ത ആഡംബര കാറുകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാനും മറന്നില്ല. ഇതാണ് സ്ത്രീകളെ ആകർഷിച്ചത്. അങ്ങനെ ഇയാളുമായി സൗഹൃദത്തിലാവുന്ന സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ച് പല കാരണങ്ങളും പറഞ്ഞ് പണം വാങ്ങിയെടുക്കുകയാണ് ചെയ്തത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ, ടോയ്‍സ് ബിസിനസ്സ് വിപുലീകരിക്കാൻ, പ്രോപ്പർട്ടി വാങ്ങാൻ എന്നൊക്കെ പറഞ്ഞാണ് പണം വാങ്ങിയെടുത്തത്.
സ്ത്രീകളെ പറ്റിക്കാൻ ഇയാൾ മിടുക്കനായിരുന്നു. പലരും ഇയാൾ സത്യസന്ധനാണ് എന്നും പണക്കാരനാണ് എന്നുമാണ് വിശ്വസിച്ചിരുന്നത്. 2021 -ൽ തന്നെ ഇയാൾക്കെതിരെ ഒരു സ്ത്രീ കേസ് കൊടുത്തിരുന്നെങ്കിലും ഇയാൾ ഇത്രയും വലിയ കള്ളനാണ് എന്ന് പുറത്തറിയുന്നത് 2023 -ലാണ്. ആറാമത്തെ ഭാര്യയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. എന്തായാലും ഇയാൾ സ്ത്രീകളെ പറ്റിച്ചതായും പണം കൈക്കലാക്കിയതായും തെളിഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ തടവുശിക്ഷ വിധിച്ചിരിക്കുന്നത്.