'ചൈനക്കാരെ കുറിച്ച് കേട്ടതെല്ലാം നുണ'; സ്വന്തം അനുഭവം വിവരിച്ച് ജാപ്പനീസ് യുവതി

Published : Dec 26, 2025, 06:05 PM IST
woman in Bejing

Synopsis

ചൈനയിലേക്കുള്ള യാത്രയ്ക്കിടെ ഗുരുതരമായ അപകടത്തിൽപ്പെട്ട ഒരു ജാപ്പനീസ് വിനോദ സഞ്ചാരി, തനിക്കുണ്ടായ ദുരനുഭവത്തെയും അതിൽ നിന്ന് കരകയറാൻ സഹായിച്ച അപരിചിതരായ ചൈനക്കാരുടെ സ്നേഹത്തെയും കുറിച്ച് പങ്കുവെക്കുന്നു.  

 

ചൈനാ യാത്രയ്ക്കിടെയുണ്ടായ ഗുരുതരമായ അപകടം തന്‍റെ ചിന്താഗതിയിൽ വരുത്തിയ മാറ്റത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഒരു ജാപ്പനീസ് വിനോദ സഞ്ചാരി. ചൈനയിലെ അപരിചിതരായ മനുഷ്യർ കാണിച്ച സ്നേഹവും കരുണയും ചൈനയെക്കുറിച്ചുള്ള മുൻധാരണകളെ പൂർണ്ണമായും മാറ്റുന്നതായിരുന്നുവെന്ന് യുവതി എഴുതുന്നു. ടകോമൻമാരു എന്ന ജാപ്പനീസ് യുവതിയാണ് തന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചത്. ജപ്പാനിലെ ഒസാക്കയിൽ ലഘുഭക്ഷണ കട നടത്തുന്ന ഇവർ ചൈനീസ് ഗായിക സു റൂയിക്കിയുടെ കടുത്ത ആരാധകയായിരുന്നു. ഗായികയുടെ സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ഇവർ ചൈനയിലെ ബെയ്ജിംഗിലെത്തിയത്.

ചൈനക്കാരുടെ സ്നേഹം

മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നട്ടെല്ലിനും മൂക്കിനും പല്ലുകൾക്കും സാരമായി പരിക്കേറ്റ ടകോമൻമാരുവിന് യാത്ര റദ്ദാക്കി ഉടൻ തന്നെ ചികിത്സ തേടേണ്ടി വന്നു. ചികിത്സാ ചിലവ് മുഴുവൻ നൽകാൻ തന്‍റെ ക്രെഡിറ്റ് കാർഡ് അപര്യാപ്തമായപ്പോൾ ആശുപത്രിയിലെ ഒരു ജീവനക്കാരനാണ് ബാക്കി തുക അടച്ചത് എന്നവർ വെളിപ്പെടുത്തി. ചൈനയിലെത്തുന്ന സന്ദർശകർ തങ്ങൾക്ക് സുഹൃത്തുക്കളെപ്പോലെയാണെന്നും, അതിനാൽ പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ വേഗത്തിൽ സുഖം പ്രാപിക്കാൻ ശ്രദ്ധിക്കണമെന്നും അവളെ ആശ്വസിപ്പിച്ചു.

പ്രയാസകരമായൊരു സാഹചര്യത്തിൽ ഈ നല്ല വാക്കുകൾ എത്രത്തോളം ആശ്വാസം പകർന്നുവെന്നവൾ തുറന്നു പറഞ്ഞു. തന്‍റെ കുറിപ്പിലൂടെ ചൈനീസ് പോലീസ്, ആശുപത്രി ജീവനക്കാർ, പരിഭാഷകർ, വിമാനത്താവള ജീവനക്കാർ എന്നിവർക്ക് ടകോമൻമാരു നന്ദി പറഞ്ഞു. ചികിത്സയിൽ പോരായ്മകൾ ഉണ്ടാകാതിരിക്കാൻ ആശയവിനിമയ തടസ്സങ്ങൾ മറികടക്കാൻ ആശുപത്രി ജീവനക്കാർ പരിഭാഷാ ആപ്പുകൾ ഉപയോഗിച്ചു. ആശുപത്രിയിലെ സേവനം അങ്ങേയറ്റം മികച്ചതായിരുന്നുവെന്നും ജീവനക്കാരുടെ പെരുമാറ്റം ആത്മാർത്ഥതയുള്ളതാണെന്നും ടകോമൻമാരു കൂട്ടിച്ചേർക്കുന്നു.

ദയയുള്ള മനുഷ്യർ

വിമാനത്താവളത്തിൽ എത്തിയപ്പോൾ ജീവനക്കാർ വീൽചെയർ നൽകി സഹായിക്കുകയും വിമാനത്തിനുള്ളിൽ കയറുന്നത് വരെ കൂടെ നിൽക്കുകയും ചെയ്തു. മടക്കയാത്രയിലുടനീളം വിമാനത്തിലെ ജീവനക്കാർ ആരോഗ്യനില അന്വേഷിച്ച് കൊണ്ടിരുന്നു. ഈ പ്രവൃത്തികൾ ഔദ്യോഗികമായ കടമയ്ക്കപ്പുറം മാനുഷികമായ പരിഗണനയായാണ് അവൾക്ക് അനുഭവപ്പെട്ടത്. എന്തായാലും ഈ അനുഭവം ചൈനയെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റിയതായി ടകോമൻമാരു പറയുന്നു. മാധ്യമ റിപ്പോർട്ടുകൾ പലപ്പോഴും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാറുണ്ടെങ്കിലും ചൈനയിൽ താൻ കണ്ട മനുഷ്യർ ദയയും സ്നേഹവും ഉള്ളവരാണെന്നും ടകോമൻമാരു സാക്ഷ്യപ്പെടുത്തുന്നു

 

PREV
Read more Articles on
click me!

Recommended Stories

'ചൊറിഞ്ഞ് വൈറലാകാം' ; 2025-ലെ ഓക്സ്ഫോർഡ് വേർഡ് ഓഫ് ദി ഇയർ 'റേജ് ബെയ്റ്റ്'!
പങ്കാളികൾ പരീക്ഷിക്കുന്ന സ്കാൻഡിനേവിയൻ ഉറക്കരീതി; നല്ല ഉറക്കം തരുമോ?