
ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ബെൽജിയത്തിലുള്ള ഈ ചൈനീസ് ദമ്പതികൾ. തങ്ങളുടെ ഫുഡ് സ്റ്റാളിന്റെ പേരിലാണ് ഇവരിപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ചോങ്‌കിംഗ് ശൈലിയിലുള്ള പീ നൂഡിൽസ് ആണ് ഇവർ ഇവിടെ വിൽക്കുന്നത്. ഒരു ദിവസം 1,200 യുഎസ് ഡോളറിലധികം (105,388 രൂപ) ഇവർ ഇതിലൂടെ സമ്പാദിക്കുന്നുവെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.
ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള പിഎച്ച്ഡി ബിരുദധാരിയാണ് 37 -കാരനായ ഡിംഗ്. മുപ്പതോളം അക്കാദമിക് പ്രബന്ധങ്ങളാണ് ഡിംഗ് പ്രസിദ്ധീകരിച്ചത്. ബെൽജിയത്തിൽ സോയിൽ മാനേജ്‌മെന്റിലും ക്രോപ് പ്രൊഡക്ഷനിലും പോസ്റ്റ്ഡോക്ടറൽ ഗവേഷണവും പൂർത്തിയാക്കി. എന്നാൽ, ഇത്രയൊക്കെ അക്കാദമിക് പശ്ചാത്തലം ഉണ്ടായിരുന്നെങ്കിലും സ്ഥിരതയുള്ളൊരു ജോലി കണ്ടെത്താൻ ഡിംഗിന് സാധിച്ചിരുന്നില്ല.
2015 -ലാണ്, ഡിംഗും ഭാര്യ വാങും ബെൽജിയത്തിൽ സ്ഥിരതാമസമാക്കുന്നത്. പിന്നീട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു നൂഡിൽസ് സ്റ്റാൾ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു ഇരുവരും. മെയ് മാസത്തിലാണ്, വാങിന്റെ ജന്മനാടായ ചോങ്‌കിംഗിൽ നിന്നുള്ള പ്രശസ്തമായ സ്ട്രീറ്റ് ഫുഡായ സ്പൈസി പീ നൂഡിൽസ് വിൽക്കാൻ തുടങ്ങിയത്. ഒരു പാത്രത്തിന് 7 മുതൽ 9 യൂറോ വരെയാണ് വില.
ആഴ്ചയിൽ രണ്ടുതവണയാണ് അവർ സ്റ്റാൾ തുറക്കുന്നത്. മിക്കവാറും നൂഡിൽസെല്ലാം വിറ്റുതീരും. ഇവരുടെ വിജയത്തിന്റെ കഥ അധികം വൈകാതെ തന്നെ ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. അതുപോലെ, ഇവരുടെ സ്റ്റാളിലെത്തുന്ന ആളുകൾ വലിയ അഭിപ്രായമാണ് ദമ്പതികൾ തയ്യാറാക്കുന്ന നൂഡിൽസിനെ കുറിച്ച് പറയുന്നത്. ഇത്രയും രുചിയുള്ള നൂഡിൽസ് കഴിച്ചിട്ടില്ല, വളരെ രുചികരമാണ് തുടങ്ങിയ കമന്റുകളാണ് പലരും പറയുന്നത്. എന്തായാലും, പിഎച്ച്ഡിക്കാരനും പങ്കാളിയും നടത്തുന്ന നൂഡിൽസ് സ്റ്റാളിന്റെ വിജയകഥ ആളുകളെ ആകർഷിച്ചിട്ടുണ്ട്.