മകൻ ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടർമാർ, പാതിരാത്രി ​ഗൂ​ഗിളിൽ സെർച്ച് ചെയ്ത് അമ്മ, പിന്നാലെ...

Published : Sep 18, 2025, 11:10 AM IST
doctors, surgery, hospital, Representative image

Synopsis

കുട്ടി ജീവിച്ചിരുന്നാലും ഭാവിയിൽ അവന് എഴുന്നേറ്റ് നടക്കാൻ സാധിക്കില്ലെന്നും ജീവിതകാലം മുഴുവനും വെന്റിലേറ്ററിൽ കഴിയേണ്ടി വരുമെന്നും ഭക്ഷണം ട്യൂബ് വഴി നൽകേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ കേസിയോട് പറഞ്ഞത്.

തളർന്നുവീണുപോയ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ​ഗൂ​ഗിൾ സെർച്ച് സഹായിച്ചു എന്ന് അമ്മ. ടെക്സാസിൽ നിന്നുള്ള വിറ്റൻ ഡാനിയേലിന്റെ അമ്മയായ കേസി ഡാനിയേലാണ് തനിക്കുണ്ടായ അനുഭവം മാധ്യമങ്ങളോട് പങ്കുവച്ചത്. ആറു വയസുകാരനായ വിറ്റണിന് പെട്ടെന്നാണത്രെ വയ്യാതായത്. അവന് ചലിക്കാനോ സംസാരിക്കാനോ ശ്വസിക്കാനോ പോലും സാധിക്കാത്ത അവസ്ഥ വന്നു. ഡോക്ടർമാർ ആദ്യം കരുതിയത് കുട്ടിക്ക് ഫ്ലൂ ആണെന്നായിരുന്നു. എന്നാൽ, പിന്നീടാണ് കുട്ടി ​ഗുരുതരമായ ഒരവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് ‌ബോധ്യപ്പെട്ടത്.

ഏപ്രിൽ മാസത്തിലാണ് വിറ്റന് തലകറക്കവും തലവേദനയും അനുഭവപ്പെട്ടത്. ഉടനെ തന്നെ അവനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഡോക്ടർമാർ ആദ്യം പറഞ്ഞത് കുട്ടിക്ക് ഫ്ലൂ ആണെന്നാണ്. എന്നാൽ 24 മണിക്കൂറിനുള്ളിൽ, വിറ്റന്റെ നില വഷളായി. കുട്ടിക്ക് നടക്കാനോ സംസാരിക്കാനോ സ്വന്തമായി ശ്വസിക്കാനോ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. താമസിയാതെ, അവന് ബോധവും പൂർണമായും നഷ്ടപ്പെട്ടു.

ഡോക്ടർമാർ പെട്ടെന്ന് തന്നെ കുട്ടിയെ വിശദമായ പരിശോധനയ്ക്ക് വിധേയനാക്കി. അതിലാണ് അവന് ഫ്ലൂ അല്ല, മറിച്ച് കാവെർനോമ (cavernoma) എന്ന ​ഗുരുതരമായ അവസ്ഥയാണ് എന്ന് മനസിലാവുന്നത്. 'നിങ്ങളുടെ കുഞ്ഞിനെ അത്തരമൊരു അവസ്ഥയിൽ കാണുന്നത് എത്ര ഭയാനകമാണെന്ന് വിവരിക്കാൻ വാക്കുകളില്ല' എന്നാണ് വിറ്റന്റെ അമ്മയായ കേസി ഡാനിയേൽ പറയുന്നത്. ‌

കുട്ടി ജീവിച്ചിരുന്നാലും ഭാവിയിൽ അവന് എഴുന്നേറ്റ് നടക്കാൻ സാധിക്കില്ലെന്നും ജീവിതകാലം മുഴുവനും വെന്റിലേറ്ററിൽ കഴിയേണ്ടി വരുമെന്നും ഭക്ഷണം ട്യൂബ് വഴി നൽകേണ്ടി വരുമെന്നുമാണ് ഡോക്ടർമാർ കേസിയോട് പറഞ്ഞത്. എന്നാൽ, അന്നുരാത്രി കേസി ​ഗൂ​ഗിളിൽ മകന്റെ ഈ അവസ്ഥയെ കുറിച്ച് തിരഞ്ഞുനോക്കി. ആ സെർച്ചിലാണ് യു.ടി. ഹെൽത്ത് ഹ്യൂസ്റ്റണിലെ ന്യൂറോ സർജനും കാവെർനോമ ചികിത്സയിൽ വൈദഗ്ദ്ധ്യം നേടിയതുമായ ഡോ. ജാക്വസ് മോർക്കോസിന്റെ ഒരു ലേഖനം അവരുടെ ശ്രദ്ധയിൽ പെടുന്നത്. കേസി അദ്ദേഹത്തിന് മകന്റെ അവസ്ഥ പറഞ്ഞ് ഒരു മെയിൽ അയച്ചു. തീരെ പ്രതീക്ഷിക്കാതെ അദ്ദേഹം അതിന് മറുപടിയും നൽകി.

വിറ്റന്റെ ചിത്രങ്ങൾ കണ്ടപ്പോൾ ഇത് ചികിത്സിച്ച് മാറ്റാനാകുമെന്നാണ് കരുതുന്നത് എന്നും മകനുമായി ഹൂസ്റ്റണിലേക്ക് വരൂ എന്നുമാണ് അദ്ദേഹം കേസിയോട് പറഞ്ഞത്. ഉടനെ തന്നെ അവർ മകനുമായി ഹൂസ്റ്റണിലേക്ക് പറന്നു. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് അവിടെ നടന്നത്. അത് വിജയകരമായിരുന്നു. കേസിക്ക് തന്റെ മകനെ തിരിച്ചുകിട്ടി. ഇപ്പോഴും കേസി പറയുന്നത് അന്ന് ​ഗൂ​ഗിളിൽ സെർച്ച് ചെയ്തു നോക്കാൻ തോന്നിയതും അതുവഴി ഡോ. ജാക്വസ് മോർക്കോസിനെ ബന്ധപ്പെടാൻ സാധിച്ചതുമാണ് തന്റെ മകന്റെ ജീവൻ രക്ഷിച്ചത് എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്