
ഷാങ്ഹായിലെ ഒരു റസ്റ്റോറന്റിൽ വച്ച് സൂപ്പിൽ മൂത്രമൊഴിച്ച രണ്ട് കുട്ടികളുടെ രക്ഷിതാക്കളോട് 2.2 മില്ല്യൺ യുവാൻ (ഏകദേശം 2.71 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ചൈനീസ് കോടതി. ഫെബ്രുവരിയിലാണ് ചൈനയിലെ ഏറ്റവും വലിയ ഹോട്ട്‌പോട്ട് ചെയിനായ ഹൈഡിലാവോയുടെ ഒരു റെസ്റ്റോറന്റിൽ സംഭവം നടന്നത്. 17 വയസ്സുള്ള കുട്ടികൾ മദ്യപിച്ച് സൂപ്പിൽ മൂത്രമൊഴിക്കുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് വ്യാപകമായ വിമർശനമുയരുകയായിരുന്നു.
ഈ സൂപ്പ് ആരെങ്കിലും കഴിച്ചതായി സൂചനയില്ലെങ്കിലും, 4,000 -ത്തിലധികം പേർക്ക് നഷ്ടപരിഹാരം നൽകാൻ റെസ്റ്റോറന്റ് തയ്യാറായിരുന്നു. മാർച്ചിലാണ്, ഹോട്ട്പോട്ട് ചെയിൻ സൂപ്പിൽ മൂത്രമൊഴിച്ച കൗമാരക്കാർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യുന്നത്. പരസ്യമായി മാപ്പ് പറയണമെന്നും 23 മില്ല്യൺ യുവാൻ നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ടാണ് കേസ് നൽകിയത്.
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ഷാങ്ഹായിലെ ഹുവാങ്‌പു ഡിസ്ട്രിക്റ്റ് പീപ്പിൾസ് കോടതി രണ്ടുപേരുടെ രക്ഷിതാക്കളോടും കമ്പനിക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യപ്പെടുകയായിരുന്നു. കമ്പനിയുടെ പേര് മോശമാക്കിയതായും കമ്പനിക്ക് നഷ്ടം വരുത്തിയതായും പറഞ്ഞ കോടതി അതിന് പുറമെ സംഭവം പൊതുജനങ്ങൾക്കുണ്ടാക്കിയ അസ്വസ്ഥതയെ കുറിച്ചും അവർ ഉയർത്തിയ വിമർശനങ്ങളെ കുറിച്ചും സൂചിപ്പിക്കാൻ മറന്നില്ല.
കുട്ടികളുടെ മാതാപിതാക്കൾ രക്ഷാകർത്താക്കളെന്ന നിലയിലുള്ള കടമ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്നും അതിനാൽ നഷ്ടപരിഹാരം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ഒപ്പം പത്രങ്ങളിലൂടെ പരസ്യമായി മാപ്പ് അപേക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കമ്പനി ആളുകൾക്ക് നൽകിയ നഷ്ടപരിഹാരം സ്വമേധയാ നൽകിയതാണ്, അത് കുട്ടികളിൽ നിന്നും ഈടാക്കില്ലെന്നും കോടതി അറിയിച്ചു.
സിചുവാൻ പ്രവിശ്യയിലെ ജിയാൻയാങ്ങിലാണ് ഹൈഡിലാവോ തങ്ങളുടെ ആദ്യത്തെ റെസ്റ്റോറന്റ് തുറന്നത്. ഇത് അതിവേഗം വികസിക്കുകയും ഇപ്പോൾ ലോകമെമ്പാടുമായി 1,000 -ത്തിലധികം ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഭക്ഷണത്തിനും കസ്റ്റമർ സർവീസിനും പേരുകേട്ട ഹോട്പോട് ചെയിനാണിത്.