രണ്ടുമാസം മുമ്പേ ക്ഷണിച്ചിട്ടും സഹപ്രവര്‍ത്തകര്‍ വിവാഹത്തിന് വന്നില്ല, യുവതി ജോലി രാജിവെച്ചു!

By Web TeamFirst Published Aug 23, 2022, 5:27 PM IST
Highlights

വല്ലാത്തൊരു രാജി! കേട്ടവര്‍ കേട്ടവര്‍ പറഞ്ഞു! കഴിഞ്ഞ ദിവസം ഡിയര്‍ സര്‍, ബൈ ബൈ സര്‍ എന്നുമാത്രം എഴുതിനല്‍കിയാണ് ഒരാള്‍ രാജിവെച്ചിരുന്നത്!
 

ജോലി രാജിവെക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണമുണ്ടാവും. എന്നാല്‍, ഈ ചൈനീസ് യുവതിയുടെ കാര്യത്തില്‍, ഇതല്‍പ്പം കടന്നുപോയി! 

ചൈനയിലെ ഒരു ഓഫീസില്‍നിന്നാണ് ഈ യുവതി രാജിവെച്ചത്. കാരണമോ, കല്യാണത്തിന് സ്വന്തം സഹപ്രവര്‍ത്തകര്‍ പങ്കെടുത്തില്ല എന്നതും! 70 സഹപ്രവര്‍ത്തകരെ കല്യാണത്തിന് ക്ഷണിച്ചിട്ടും ഒരൊറ്റയാള്‍ മാത്രമായിരുന്നു അവരുടെ കല്യാണത്തില്‍ പങ്കെടുത്തത്. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്. 

വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ തന്റെ ഓഫീസിലെ മുഴുവന്‍ ആളുകളെയും ജോലിക്ക് വിളിക്കാന്‍ ആ യുവതി തീരുമാനിച്ചിരുന്നു. കുറച്ചുപേരെ വിളിച്ചാല്‍ ബാക്കിയുള്ളവര്‍ക്ക് വിഷമമാവുമല്ലോ എന്ന് കരുതി അവള്‍ ഓഫീസിലെ 70 സഹപ്രവര്‍ത്തകരെയും തന്റെ വിവാഹത്തിന് വിളിച്ചു. 

പക്ഷെ അവളുടെ നല്ല മനസ്സ് കാണാന്‍ സഹപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരില്‍ നിന്ന് ഒരാള്‍ മാത്രമാണ് അവളുടെ വിവാഹത്തില്‍ പങ്കെടുത്തത്, ഇത് തെല്ലൊന്നുമല്ല അവളെ വിഷമിപ്പിച്ചത്.

രണ്ട് മാസം മുമ്പേ അവള്‍ സഹപ്രവര്‍ത്തകരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നിട്ടും ആരും വരാത്തതില്‍ അവള്‍ ആകെ ദേഷ്യത്തിലായി. മാത്രമല്ല അത്രയും പേര്‍ക്കുള്ള ഭക്ഷണവും അവള്‍ കരുതിയിരുന്നു. അത് മുഴുവന്‍ പാഴായിപ്പോയി. ഇതൊന്നും പോരാഞ്ഞിട്ട് ബന്ധുക്കളുടെ വക പരിഹാസവും കേള്‍ക്കേണ്ടിവന്നു പാവത്തിന്. തന്റെ സഹപ്രവര്‍ത്തകര്‍ എല്ലാവരും വന്ന് വിവാഹം ആഘോഷമാക്കുമെന്നായിരുന്നു അവള്‍ കരുതിയിരുന്നത്. പക്ഷെ  വന്നതാകട്ടെ അവളുടെ മെന്റര്‍ മാത്രവും.

കലിപ്പിലാകാന്‍ ഇതില്‍ കൂടുതല്‍ കാരണം വല്ലതും വേണോ? തന്നെ അവഗണിച്ചവര്‍ക്കൊപ്പം വീണ്ടും പോയി ജോലി ചെയ്യാന്‍ അവള്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ അവള്‍ അത് ചെയ്തു. 

വിവാഹം കഴഞ്ഞയുടന്‍ തന്നെ അവള്‍ ഓഫിസിലേക്ക് പുറപ്പെട്ടു. അവിടെയത്തിയ ഉടന്‍ രാജിക്കത്തും നല്‍കിയാണ് യുവതി മടങ്ങിയത്. ഏതായാലും യുവതിയുടെ പ്രതികാരം ഇത്തിരി കടുത്തു പോയി എന്നാണ് സോഷ്യല്‍ മീഡിയ കമന്റുകളില്‍ നിറയുന്നത്.

Simple. pic.twitter.com/JLGkqzVbP2

— Maphanga Mbuso (@MBSVUDU)

 

കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ മറ്റൊരു രാജിക്കത്തും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡിയര്‍ സര്‍, ബൈ ബൈ സര്‍ എന്നുമാത്രമാണ് അതില്‍ ഉണ്ടായിരുന്നത്.

click me!