ക്രിസ്മസ് പ്ലാനൊക്കെ റെഡിയല്ലേ? ഈ ക്രിസ്മസ് ആഘോഷങ്ങളിൽ തിളങ്ങാൻ ഇതാ 4 കിടിലൻ മേക്കപ്പ് ലുക്കുകൾ!

Published : Dec 24, 2025, 01:18 PM IST
christmas

Synopsis

നാളെ ക്രിസ്മസ് ആണ്, വസ്ത്രമൊക്കെ മിക്കവാറും നേരത്തെ തന്നെ സെറ്റ് ചെയ്തിട്ടുണ്ടാകും. പക്ഷേ, ഒരു ഡ്രാമ ക്വീനാകാനൊന്നും താൽപ്പര്യമില്ലാത്ത, എന്നാൽ കുറച്ചു ട്രെൻഡി ആകാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള നാല് സൂപ്പർ മേക്കപ്പ് ലുക്കുകൾ ഇതാ. 

ഡിസംബർ 24! പുറത്ത് നക്ഷത്രങ്ങൾ തെളിഞ്ഞു കഴിഞ്ഞു, എങ്ങും ആ ക്രിസ്മസ് വൈബ് വന്നു തുടങ്ങി. നാളത്തെ ക്രിസ്മസ് ആഘോഷത്തിന് വസ്ത്രമൊക്കെ റെഡിയാക്കി കാണുമല്ലോ? ഇനി ലുക്ക് എങ്ങനെ വേണം എന്നതിനെക്കുറിച്ച് ഒരു ഐഡിയയും ഇല്ലെങ്കിൽ വിഷമിക്കണ്ട. ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങളിൽ തിളങ്ങാൻ സാധാരണ മേക്കപ്പ് രീതികളിൽ ഒതുങ്ങാതെ, ഇൻസ്റ്റാഗ്രാം ഫീഡുകളിലും റീൽസുകളിലും തരംഗമാകുന്ന 'ഏസ്‌തെറ്റിക്' ലുക്കുകൾ മിനിറ്റുകൾക്കുള്ളിൽ സെറ്റാക്കാൻ പറ്റിയ നാല് ട്രെൻഡി മേക്കപ്പ് ലുക്കുകൾ ഇതാ.

1. ദി ഡ്യൂയി ഗ്ലാസ് സ്കിൻ ലുക്ക്

മുഖത്ത് തിളക്കം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ലുക്ക്. ഇതിനായി ആദ്യം നിങ്ങളുടെ ചർമ്മം നല്ലതുപോലെ വൃത്തിയാക്കി ഹൈഡ്രേറ്റിംഗ് മോയ്സ്ചറൈസർ പുരട്ടി തുടങ്ങുക. ശേഷം ഒരു ഇല്യൂമിനേറ്റിംഗ് പ്രൈമർ ഉപയോഗിച്ച് ചർമ്മത്തിന് ഉള്ളിൽ നിന്നുള്ള തിളക്കം നൽകണം. ഹെവി ഫൗണ്ടേഷനുകൾ പൂർണ്ണമായും ഒഴിവാക്കി, പകരം സ്കിൻ ടിന്റുകൾ ഉപയോഗിച്ച് ചർമ്മത്തിലെ പാടുകൾ മറയ്ക്കാം. കവിൾത്തടങ്ങളിൽ പിങ്ക് അല്ലെങ്കിൽ പീച്ച് നിറത്തിലുള്ള ലിക്വിഡ് ബ്ലഷ് പുരട്ടി അത് വിരലുകൾ കൊണ്ട് മൃദുവായി ബ്ലെൻഡ് ചെയുക. ചുണ്ടുകളിൽ ന്യൂഡ് നിറത്തിലുള്ള ലിപ് ലൈനർ നൽകി അതിനു മുകളിൽ കട്ടിയുള്ള ക്ലിയർ ഗ്ലോസ്സ് പുരട്ടുന്നതോടെ ഈ ലുക്ക് പൂർണ്ണമാകും. പകൽ സമയത്തെ ക്രിസ്മസ് ഒത്തുചേരലുകൾക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.

2. ഫ്രോസ്റ്റഡ് വിന്റർ എൽഫ്

ക്രിസ്മസ് നൈറ്റ് പാർട്ടികൾക്ക് രാജകുമാരിയെപ്പോലെ തിളങ്ങാൻ ഈ സ്റ്റൈൽ സഹായിക്കും. ഇതിനായി കണ്ണുകൾക്ക് മുകളിൽ ഐസ് ബ്ലൂ അല്ലെങ്കിൽ സിൽവർ നിറത്തിലുള്ള ഐഷാഡോ ബേസ് ആയി നൽകണം. ശേഷം കണ്ണിന്റെ നടുവിലായി അല്പം സിൽവർ ഗ്ലിറ്ററുകൾ പതിപ്പിക്കുക. ഈ ലുക്കിനെ കൂടുതൽ ജെൻ സി സ്റ്റൈലാക്കാൻ കണ്ണിന്റെ അറ്റത്തും പുരികത്തിന് താഴെയും ചെറിയ ഫേസ് ക്രിസ്റ്റലുകൾ ഒട്ടിക്കാവുന്നതാണ്. കണ്പീലികളിൽ വോളിയം നൽകുന്ന മസ്കാര കൂടി പുരട്ടുന്നതോടെ കണ്ണുകൾക്ക് പ്രത്യേക ആകർഷണീയത ലഭിക്കും. ചുണ്ടുകളിൽ ഇളം പിങ്ക് നിറത്തിലുള്ള ഷിമ്മർ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഈ വിന്റർ വൈബിനെ പൂർണ്ണമാക്കും.

3. ഗ്രാഫിക് ലൈനർ & വിനൈൽ റെഡ്

അല്പം വ്യത്യസ്തമായ പരീക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ശൈലി തിരഞ്ഞെടുക്കാം. ആദ്യം മുഖം നല്ലതുപോലെ മാറ്റ് ഫിനിഷിൽ ഒരുക്കി തുടങ്ങാം. ഇതിൽ കണ്ണുകൾക്കാണ് ഏറ്റവും പ്രാധാന്യം. സാധാരണ രീതിയിൽ ഐലൈനർ വരയ്ക്കുന്നതിന് പകരം കണ്ണിന്റെ മുകളിൽ ഗ്രാഫിക് വിംഗ്സ് വരയ്ക്കുക. ഇതിനൊപ്പം ക്രിസ്മസിന്റെ പ്രിയപ്പെട്ട നിറമായ ചുവപ്പ് ലിപ്സ്റ്റിക് തന്നെ ഉപയോഗിക്കണം. ലിപ്സ്റ്റിക് ഇട്ട ശേഷം അതിനു മുകളിൽ ഒരു കട്ടി കൂടിയ ലിപ് ഗ്ലോസ്സ് കൂടി ഉപയോഗിച്ച് ചുണ്ടുകൾക്ക് ഒരു 'വിനൈൽ ഫിനിഷ്' നൽകുന്നത് ഈ വർഷത്തെ പ്രത്യേക ട്രെൻഡാണ്. ബോൾഡ് ആയ വ്യക്തിത്വമുള്ളവർക്ക് ഈ ലുക്ക് ഏറെ ഇണങ്ങും.

4. കോൾഡ് ഗേൾ വൈബ്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും തരംഗമായിക്കൊണ്ടിരിക്കുന്ന മേക്കപ്പ് രീതിയാണിത്. മുഖത്തുണ്ടാകുന്ന സ്വാഭാവിക ചുവപ്പ് മേക്കപ്പിലൂടെ സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി കടും പിങ്ക് അല്ലെങ്കിൽ ക്രാൻബെറി നിറത്തിലുള്ള ബ്ലഷ് കവിളുകളിലും മൂക്കിന്റെ തുമ്പിലും ധാരാളമായി പുരട്ടി പടർത്തണം. കണ്ണുകളിൽ വളരെ നേരിയ പേൾ വൈറ്റ് ഷിമ്മർ മാത്രം ഉപയോഗിക്കുക. ചുണ്ടുകളിൽ കടും ചുവപ്പ് ലിപ്സ്റ്റിക് പുരട്ടിയ ശേഷം അത് വിരലുകൾ കൊണ്ട് പതുക്കെ പുറത്തേക്ക് പടർത്തുന്ന 'ബ്ലേർഡ് ലിപ്' സ്റ്റൈൽ പരീക്ഷക്കാം. നെറ്റിയിലും മൂക്കിൻ തുമ്പിലും ഹൈലൈറ്റർ കൂടി ഉപയോഗിക്കുന്നതോടെ ഐശ്വര്യവും കുളിർമയും നിറഞ്ഞ ഒരു ലുക്ക് നിങ്ങൾക്ക് സ്വന്തമാക്കാം.

നാളത്തെ ആഘോഷങ്ങളിൽ ഈ ലുക്കുകൾ പരീക്ഷിച്ച് നിങ്ങളുടെ സോഷ്യൽ മീഡിയ ഫീഡുകൾ കളറാക്കൂ. മേക്കപ്പിന് മുൻപ് ചർമ്മം ഹൈഡ്രേറ്റ് ചെയ്യാനും അവസാനം സെറ്റിംഗ് സ്പ്രേ ഉപയോഗിക്കാനും മറക്കരുത്. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ!

PREV
Read more Articles on
click me!

Recommended Stories

ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ജെന്നി; സിയോളിലെ പുരസ്കാര വേദിയിൽ തിളങ്ങിയ 'ഹോബെയ്ക' ഗൗണിന്റെ വിശേഷങ്ങൾ
'റോൾ മോഡലല്ല, റീൽ സ്റ്റാർ'; ഫീസ് വർദ്ധനയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കലക്ടർക്കെതിരെ വിദ്യാർത്ഥികൾ