
വീട് വൃത്തിയാക്കുക എന്നാൽ ഒരു പ്രത്യേകതരം ടാസ്കാണ്. ഇപ്പോഴിതാ ദീപാവലി സമയം ആയിരിക്കുന്നു. ആളുകൾ തങ്ങളുടെ വീടുകൾ വൃത്തിയാക്കുന്ന തിരക്കുകളിലാണ്. പല സ്ഥലങ്ങളിലും ആളുകൾ വീടിന്റെ മുക്കും മൂലയും ഒരിടം വിടാതെ വൃത്തിയാക്കുന്ന സമയമാണ് ദീപാവലി സമയം. ആ സമയത്താണ് പലപ്പോഴും കാലങ്ങളായി നാം കാണാത്ത പല സാധനങ്ങളും കണ്ടെത്തുന്നത്. അതുപോലെ ഒരു യുവാവിന്റെ അനുഭവമാണ് ഒരു ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
വളരെ രസകരമായ ഒരു വീഡിയോയാണ് ഇത്. ചിലയാളുകൾ തങ്ങളുടെ ചെറിയ ക്ലാസുകളിൽ നന്നായി പഠിക്കുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്യാറുണ്ട്. എന്നാൽ, ആ മാർക്ക് പിന്നീട് വാങ്ങാനാവണം എന്നില്ല. എന്തിനേറെ പറയുന്നു അങ്ങനെ നല്ല മാർക്ക് വാങ്ങി ജയിച്ചിരുന്ന കാര്യം പോലും നാം ചിലപ്പോൾ മറന്നു പോവും.
ഈ വീഡിയോയിൽ കാണുന്നത് ഒരു യുവാവ് ഒരു അലമാരയുടെ മുകളിൽ ചൂലും കൊണ്ട് ഇരിക്കുന്നതാണ്. അലമാരയ്ക്ക് മുകളിൽ അടിച്ചുവാരി വൃത്തിയാക്കാൻ കയറിയതാണ് എന്നാണ് തോന്നുന്നത്. എന്നാൽ, ആ സമയത്ത് യുവാവിന് ഒരു ഉത്തരക്കടലാസ് കിട്ടുന്നു. അത് യുവാവിന്റെ മൂന്നാം ക്ലാസിലെ ഉത്തരക്കടലാസാണ് എന്നാണ് പറയുന്നത്. ആ പരീക്ഷയ്ക്ക് 98.23% മാർക്ക് വാങ്ങിയിട്ടുണ്ടത്രെ. എന്നാൽ, അത് കാണുമ്പോഴുള്ള യുവാവിന്റെ പ്രതികരണമാണ് വൈറലാവുന്നത്. ഒരു കയ്യിൽ ചൂലും മറുകയ്യിൽ പേപ്പറുമായി യുവാവ് ഇരുന്ന് കരയുന്നതാണ് കാണുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. നിങ്ങളുടെ വേദന എനിക്ക് മനസിലാകും ബ്രോ എന്നാണ് ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. ഇതുപോലെ അനുഭവമുണ്ടായിട്ടുണ്ട് എന്നും ചെറിയ ക്ലാസുകളിൽ വലിയ മാർക്ക് വാങ്ങിയിട്ടുണ്ട് എന്നുമാണ് മറ്റ് ചിലർ കമന്റ് നൽകിയിരിക്കുന്നത്. അതേസമയം, ഇത് സത്യമാണോ അതോ തമാശയ്ക്ക് ചെയ്ത വീഡിയോയാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.