
ഓടിക്കൊണ്ടിരിക്കുന്ന ട്രാമിനടിയിലേക്ക് വീഴാൻ പോയ യുവതിയെ രക്ഷിച്ച് സുരക്ഷാ ജീവനക്കാരൻ. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. തുർക്കിയിലെ കെയ്‌സേരിയിൽ ഒക്ടോബർ 14 -നാണ് സംഭവം നടന്നത്. റോഡ് മുറിച്ച് കടക്കുകയായിരുന്നു യുവതി . ആ നേരത്താണ് ഒരു ട്രാം വന്നതും യുവതിയെ അത് ശ്രദ്ധിക്കാതെ അതിന് മുന്നിലേക്ക് ചെല്ലുന്നതും. എന്നാൽ, സുരക്ഷാ ജീവനക്കാരന്റെ തക്കസമയത്തുള്ള ധീരമായ ഇടപെടൽ സ്ത്രീയെ രക്ഷിച്ചു. ഹെഡ്ഫോൺ ഉപയോഗിച്ചുകൊണ്ടാണ് യുവതി റോഡിലേക്കിറങ്ങുന്നത്. അതിനാൽ തന്നെ ട്രാം വരുന്നത് അവർ അറിയുന്നുണ്ടായിരുന്നില്ല. സുരക്ഷാ ജീവനക്കാരൻ ഇടപെട്ടില്ലായിരുന്നെങ്കിൽ അവരുടെ ജീവൻ തന്നെ അപകടത്തിലായേനെ.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പിന്നീട് വ്യാപകമായി പ്രചരിക്കുകയായിരുന്നു. തക്കസമയത്ത് ഇടപെട്ട് യുവതിയുടെ ജീവൻ രക്ഷിച്ച സുരക്ഷാ ജീവനക്കാരനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകളിട്ടത്. തുർക്കി വാർത്താ സൈറ്റായ ഹേബർലറിന്റെ റിപ്പോർട്ട് അനുസരിച്ച്, കുംഹുരിയറ്റ് സ്‌ക്വയർ ട്രാം സ്റ്റോപ്പിൽ രാവിലെ 8.30 -നാണ് സംഭവം നടന്നത്. ഇവിടെയുള്ള സെക്യൂരിറ്റി ക്യാമറകളിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
പിന്നീട്, തന്റെ ജീവൻ രക്ഷിച്ചതിന് സെക്യൂരിറ്റി ജീവനക്കാരനോട് യുവതി നന്ദി പറയുകയും ശ്രദ്ധയില്ലാതെ നടന്നതിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു. മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റിയുടെ ഒരു യൂണിറ്റ് സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച് പോസ്റ്റിട്ടിരുന്നു. 'ഇന്ന് രാവിലെ, ഹെഡ്‌ഫോൺ വച്ച് ഒരു യാത്രക്കാരി ചുറ്റും നോക്കാതെ തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടാൻ പോവുകയും ഞങ്ങളുടെ സുരക്ഷാ ജീവനക്കാരൻ അപകടത്തിൽ നിന്നും അവരെ രക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്ക് നന്ദി, ഈ സംഭവം നമുക്കെല്ലാവർക്കുമുള്ള ഓർമ്മപ്പെടുത്തലാണ്' എന്നാണ് പോസ്റ്റിൽ പറയുന്നത്.
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ യുവതി ശ്രദ്ധയില്ലാതെ നടക്കുന്നതും ട്രാമിന്റെ തൊട്ടുമുന്നിലേക്ക് വീഴാനായുന്നതും കാണാം. എന്നാൽ, ഒരു നിമിഷം പോലും പാഴാക്കാതെ സുരക്ഷാ ഉദ്യോഗസ്ഥൻ അവരെ വലിച്ച് പിന്നോട്ടിടുകയുമാണ് ചെയ്യുന്നത്.