Latest Videos

ഒരേസമയം 8 രാജ്യങ്ങളിലെ 900 എസ്‌യുവികളുടെ കാറ്റഴിച്ചു, കാലാവസ്ഥാമാറ്റം ചെറുക്കാന്‍ ഗറില്ലാമുറ

By Web TeamFirst Published Dec 1, 2022, 7:04 PM IST
Highlights

ഒറ്റ ദിവസം കൊണ്ട് എട്ട് രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലുള്ള 900 എസ് യു വികളുടെ കാറ്റൊഴിച്ചാണ് സംഘടന പ്രതിഷേധിച്ചത്.

ഒറ്റ ദിവസം കൊണ്ട് ആയിരത്തോളം ആഡംബര വാഹനങ്ങളുടെ ടയറുകളിലെ കാറ്റഴിച്ച് സന്നദ്ധ സംഘടനയുടെ പ്രതിഷേധം. കാലാവസ്ഥാമാറ്റം ചെറുക്കുന്നതിന് ഗറില്ലാ സമരമുറ ആയുധമാക്കിയ ടയര്‍ എക്‌സ്റ്റിന്‍ഗ്വിഷേഴ്‌സ് എന്ന സംഘടനയാണ് അസാധാരണമായ പ്രതിഷേധവുമായി രംഗത്തു വന്നത്. ഒറ്റ ദിവസം കൊണ്ട് എട്ട് രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലുള്ള 900 എസ് യു വികളുടെ കാറ്റൊഴിച്ചാണ് സംഘടന പ്രതിഷേധിച്ചത്. കാലാവസ്ഥയ്ക്ക് ഭീമമായ ആഘാതമേല്‍പ്പിക്കുന്ന ട്രക്കുകള്‍ക്കും എസ്‌യുവികള്‍ക്കും എതിരായ പോരാട്ടത്തിന്റെ ഭാഗമാണ് ഇതെന്നാണ് സംഘടന പറയുന്നത്.  

തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലുമായാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ വിവിധ രാജ്യങ്ങളില്‍ ഒരേ സമയം എസ്‌യുവികളുടെ കാറ്റഴിച്ച് വിട്ടതെന്ന് ബ്രിട്ടീഷ് പത്രം ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നെതര്‍ ലാന്‍ഡ്‌സിശെ ആംസ്റ്റര്‍ഡാം, എന്‍ഷെദെ നഗരങ്ങള്‍, ഫ്രാന്‍സിലെ പാരീസ്, ലിയോണ്‍ നഗരങ്ങള്‍, ജര്‍മനിയിലെ ബെര്‍ലിന്‍, ബോണ്‍, എസെന്‍, ഹനോവര്‍, സാര്‍ബ്രക്കന്‍  നഗരങ്ങള്‍, ബ്രിട്ടനിലെ ബ്രിസ്റ്റല്‍, ലീഡ്‌സ്, ഡന്‍ഡി നഗരങ്ങള്‍, സ്വീഡനിലെ മാല്‍മോ, ഓസ്ട്രിയയിലെ ഇന്‍സ്ബ്രക്ക്, സ്വിസ് നഗരങ്ങളായ സൂറിച്ച്, വിന്റര്‍ഹൂര്‍, അമേരിക്കയിലെ ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് എസ് യുവികള്‍ക്കെതിരെയാണ് പ്രതിഷേധം അരങ്ങറേിയത് എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

നവംബര്‍ 28 -ന് രാത്രിയും 29-ന് പകലുമായി എട്ടു രാജ്യങ്ങളിലെ പൗരന്‍മാരുടെ മുന്‍കൈയില്‍ മലിനീകരണ കാരണമായ 9000 എസ്‌യുവികളുടെ കാറ്റഴിച്ചുവിട്ടതായാണ് സംഘടനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നത്. വലിയ തോതില്‍ കാര്‍ബണ്‍ ഉദ്‌വമനത്തിന് (Carbon Emission) കാരണമാവുന്ന എസ് യുവികള്‍ക്കെതിരെയാണ് നടപടി എന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് എതിരെ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ആഗോള സംഘടിത ആക്ഷനാണ് ഇതെന്നും സംഘടനയുടെ വാര്‍ത്താ കുറിപ്പ് അവകാശപ്പെട്ടു. തങ്ങളുടെ മുന്‍കൈയില്‍ മാര്‍ച്ച് മുതല്‍ ഇതുവരെയായി 10,000 എസ് യു വികളുടെ കാറ്റഴിച്ചു വിട്ടതായാണ് സംഘടനയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.  

എസ്‌യുവികള്‍ കാലാവസ്ഥാ ദുരന്തത്തിന് കാരണമാവുന്നതായാണ് സംഘടന കരുതുന്നത്. വലിപ്പം കൂടിയ ഇത്തരം ആഡംബര വാഹനങ്ങള്‍ വായുമലിനീകരണത്തിന് പ്രധാന കാരണമാവുന്നതായും സംഘടന പറയുന്നു. ''എസ്‌യുവികളും 4x4 വാഹനങ്ങളും നമ്മുടെ ആരോഗ്യത്തിനും പൊതുസുരക്ഷയ്ക്കും കാലാവസ്ഥയ്ക്കും വലിയ അപകടമാണ് സൃഷ്ടിക്കുന്നത്. പണക്കാരായ ചെറിയ ഒരു വിഭാഗം നമ്മുടെ നഗരങ്ങളും പട്ടണങ്ങളും വലിപ്പം കൂടിയ വാഹനങ്ങളെകൊണ്ട് നിറയ്ക്കുകയാണ്. ഈ ദുരന്തത്തില്‍നിന്നും നമ്മളെ രക്ഷിക്കുന്നതില്‍ അധികാരികളും രാഷ്ട്രീയക്കാരും പരാജയമാവുന്ന സാഹചര്യത്തില്‍ നമ്മള്‍ തന്നെ നമ്മെ സംരക്ഷിക്കേണ്ടതുണ്ട്.''-സംഘടനയുടെ വാര്‍ത്താ കുറിപ്പില്‍ ഇങ്ങനെ പറയുന്നു. 

click me!