
കിഴക്കൻ ചൈനയിലെ ഒരു സെക്കൻഡറി സ്കൂൾ പുതുതായി ചേർന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ശേഖരിച്ചതിനെത്തുടർന്ന് വിവാദത്തിലായിരിക്കുകയാണ്. രക്ഷിതാക്കൾ ഏത് ബ്രാൻഡ് കാറാണ് ഓടിക്കുന്നത്, കാറിന്റെ വില എത്രയാണ് എന്നിവ ഉൾപ്പടെയുള്ള വിവരങ്ങളാണ് സ്കൂൾ ആവശ്യപ്പെട്ടത്. ഷാൻഡോങ് പ്രവിശ്യയിലെ ഡോങ്യിംഗിലുള്ള 'ഡോങ്യിംഗ് നമ്പർ 1 മിഡിൽ സ്കൂൾ' ജൂൺ അവസാന വാരത്തിലാണ് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ വിവരശേഖരണ ഫോം വിതരണം ചെയ്തതെന്ന് ചൈന ന്യൂസ്‌വീക്ക് റിപ്പോർട്ട് ചെയ്തു.
രക്ഷിതാക്കളുടെ പേര്, ജോലി ചെയ്യുന്ന സ്ഥലം, പദവി, മൊബൈൽ നമ്പർ എന്നിവ ഫോമിൽ പൂരിപ്പിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനൊപ്പം രക്ഷിതാക്കളുടെ കാറിന്റെ ബ്രാൻഡ്, നമ്പർ പ്ലേറ്റ്, വാങ്ങിയ വില തുടങ്ങിയ വിവരങ്ങളും നൽകാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയായിരുന്നു. കാറുകളെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ച ഭാഗത്ത് സ്കൂൾ അധികൃതർ പ്രത്യേകം ഒരു കുറിപ്പും ചേർത്തിരുന്നു: 'ഇത് സ്കൂളിന്റെ ആഭ്യന്തര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. രക്ഷിതാക്കൾക്ക് യാതൊരു ആശങ്കയും കൂടാതെ ഈ വിവരങ്ങൾ പൂരിപ്പിക്കാം'. ചില ഇൻ്റർനെറ്റ് ഉപയോക്താക്കൾ ഈ ഫോം ഓൺലൈനിൽ പങ്കുവെച്ചതോടെ, വിവരശേഖരണം പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
'അപ്പോൾ രക്ഷിതാക്കളുടെ പശ്ചാത്തലം നോക്കിയാണോ അധ്യാപകർ കുട്ടികളോട് പെരുമാറുന്നത്? അങ്ങനെയല്ലെങ്കിൽ സ്കൂൾ എന്തിനാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത്?' എന്ന് ഒരാൾ ചോദിച്ചു. മറ്റൊരാൾ കുറിച്ചത് ഇങ്ങനെയാണ്: 'ഞാൻ തൊഴിൽരഹിതനാണെന്ന് എഴുതിയാൽ, എന്റെ കുട്ടിയെ ക്ലാസ് റൂമിലെ അവസാന ബെഞ്ചിലാണോ ഇരുത്തുക?'.
പൊതുജനങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെത്തുടർന്ന്, ഡോങ്യിംഗ് മുനിസിപ്പൽ എജ്യുക്കേഷൻ ബ്യൂറോ ജൂൺ 30 -ന് ഒരു പ്രസ്താവന പുറത്തിറക്കി. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതായും, ഡാറ്റ ശേഖരണം ഉടനടി നിർത്താനും ഇതുവരെ ശേഖരിച്ച എല്ലാ വിവരങ്ങളും ഇല്ലാതാക്കാൻ സ്കൂളിനോട് ഉത്തരവിട്ടതായും അധികൃതർ സ്ഥിരീകരിച്ചു.
വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു മുൻ വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞത്, താൻ പഠിക്കാൻ ചേർന്നപ്പോഴും ഇത്തരം വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടിരുന്നു എന്നാണ്. എന്നാൽ, രക്ഷിതാക്കൾ കാറിന്റെ നമ്പർ പ്ലേറ്റ് വിവരങ്ങൾ നൽകിയാൽ, കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വരുമ്പോൾ ഈ വാഹനങ്ങൾ സ്കൂളിന് സമീപം പാർക്ക് ചെയ്യാൻ അനുവദിക്കുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു സ്കൂൾ വക്താവ് പറഞ്ഞത്.
കഴിഞ്ഞ മെയ് മാസത്തിൽ, മധ്യ ഹുബെയ് പ്രവിശ്യയിലെ ഒരു പ്രൈമറി സ്കൂൾ രക്ഷിതാക്കളുടെ ജോലിയെക്കുറിച്ച് ഒരു ചോദ്യാവലി പൂരിപ്പിച്ചു നൽകാൻ കുട്ടികളോട് ആവശ്യപ്പെട്ടതും വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.