നോവൽ സാമ്യ വിവാദത്തിൽ കെ. ആർ. മീരയുടെ വക്കീൽ നോട്ടീസിന് മറുപടിയുമായി ഹരിത സാവിത്രി. തനിക്കെതിരെ മാത്രം നിയമനടപടി സ്വീകരിക്കുന്നത് പാട്രിയാർക്കൽ മനോഭാവത്തിന്റെ ലക്ഷണമാണെന്നും, തന്റെ ശ്രദ്ധ എഴുത്തിൽ മാത്രമാണെന്നും ഹരിത സാവിത്രി.

നോവൽ സാമ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ. ആർ. മീരയുടെ വക്കീൽ നോട്ടീസിന് മറുപടിയുമായി ഹരിത സാവിത്രി. തന്റെ നോവലായ 'സിൻ'ഉം മീരയുടെ 'കലാച്ചി'യും തമ്മിൽ ഇതിവൃത്ത സാമ്യമുണ്ടെന്ന് ചില വായനക്കാർ ആരോപണം ഉന്നയിച്ചതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഹരിത സാവിത്രി. മുമ്പും 'വൺ ഡേ ഫ്രം എ ഹാങ്ങ്‌ മാൻസ് ലൈഫ്' എന്ന ഡോക്യുമെന്ററിയുമായും 'ശിലീഭൂതം' എന്ന നോവലുമായും ബന്ധപ്പെട്ട് ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. വാർത്തകളും ലേഖനങ്ങളും വന്നിട്ടുണ്ട്. ചർച്ചകൾ നടന്നിട്ടുണ്ട്. പക്ഷെ, തനിക്കെതിരെ മാത്രം നിയമനടപടിയിലേക്ക് നീങ്ങിയത് പാട്രിയാർക്കൽ മനോഭാവത്തിന്റെയും അരക്ഷിതബോധത്തിന്റെയും ലക്ഷണമാണ് എന്നും ഹരിത സാവിത്രി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപവാദ പ്രചാരണങ്ങൾ പിൻവലിച്ചില്ലെങ്കിൽ താൻ നേരിട്ട മനോവിഷമത്തിന് തനിക്കും നിയമനടപടിയിലേക്ക് നീങ്ങേണ്ടി വരും. തന്റെ ശ്രദ്ധ വിവാദങ്ങളിൽ അല്ലെന്നും എഴുത്തിൽ ആണെന്നും ഹരിത സാവിത്രി വ്യക്തമാക്കി. വക്കീൽ നോട്ടീസിന് മറുപടി നൽകിയിട്ടുണ്ട് എന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയും ഹരിത സാവിത്രി വിശദീകരിച്ചു. 'എനിക്ക് ധാരാളം ജോലിയുണ്ട്. ജീവിതം അനിശ്ചിതത്വം നിറഞ്ഞതും നൈമിഷികവും ആണെന്ന് നന്നായറിയാം. ഇതിൽ ഒന്നിലും എനിക്ക് ഒരു താൽപ്പര്യവുമില്ല. അനാവശ്യ കാര്യങ്ങൾക്ക് കളയാൻ സമയം ഇല്ലാത്തത് കൊണ്ടാണ് കോടതി നടപടി അർഹിക്കുന്ന പലരുടെയും പ്രവൃത്തികൾ അവഗണിച്ചത്. നന്നായി എഴുതുക എന്ന ലക്ഷ്യം മാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ' എന്നും ഹരിത സാവിത്രി കുറിച്ചു.