
താജ്മഹൽ കാണാനായി ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഇന്ത്യയിലേക്ക് ആളുകൾ എത്താറുണ്ട്. വലിയ ടൂറിസ്റ്റ് അട്രാക്ഷൻ തന്നെയാണ് നമ്മുടെ താജ്മഹൽ. അതുപോലെ താജ്മഹൽ കാണാൻ ആഗ്രയിൽ എത്തിയതാണ് ആലിയ ഡെന്നിംഗ് എന്ന യുവതി. ഇവിടെ വച്ച് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുകയാണ് ആലിയ. ഇന്ത്യയിലെ ടൂറിസ്റ്റ് അട്രാക്ഷൻ കാണാൻ പോയി. ഒടുക്കം അവിടെ താൻ ഒരു ടൂറിസ്റ്റ് അട്രാക്ഷനായി മാറി എന്നാണ് ആലിയ പറയുന്നത്.
ആലിയ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണുന്നത് അവൾ ഒരു ഇന്ത്യൻ യുവാവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ്. യുവാവിന്റെ സുഹൃത്തുക്കൾ അവരുടെ ചിത്രങ്ങൾ പകർത്തുന്നതും കാണാം. 'ഇത് വളരെ രസകരമായിരുന്നു. നേരത്തെയും കുറച്ച് തവണ ഇതുപോലെ ഉണ്ടായിട്ടുണ്ട്. ഈജിപ്തിൽ വച്ച് ഇതിൽ നിന്നും എനിക്ക് രക്ഷപ്പെടാൻ തന്നെ പ്രയാസമായിരുന്നു. സെലിബ്രിറ്റി ആയാൽ ഇങ്ങനെയാണെങ്കിൽ, എനിക്കതാവണ്ട താങ്ക്സ്' എന്നും രസകരമായി അവൾ കുറിച്ചിരിക്കുന്നു.
താജ്മഹലിന്റെ മുന്നിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. താജ്മഹൽ കാണാനെത്തിയ അനേകങ്ങൾ അവിടെയുണ്ട്. അതിനിടയിലാണ് ആലിയയ്ക്കൊപ്പം യുവാക്കൾ ഫോട്ടോയെടുക്കുന്നത്. പലപ്പോഴും ഇന്ത്യയിലെത്തുന്ന വിദേശികൾ ഇത്തരം അനുഭവം ഉള്ളതായി പറയാറുണ്ട്. സമാനമായ അനുഭവം തന്നെയാണ് ഇവിടെ ആലിയയ്ക്കും ഉണ്ടായിരിക്കുന്നത് എന്ന് കാണാം. ഒരു സെലിബ്രിറ്റിയെ പോലെ ആലിയ യുവാവിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് കാണുന്നത്. എന്തായാലും വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇന്ത്യയിൽ വച്ച് സമാനമായ അനുഭവം ഉണ്ടായിട്ടുള്ളതായി കുറേപ്പേർ കമന്റ് ചെയ്തിരിക്കുന്നതായി കാണാം. പലരും വളരെ രസകരമായിട്ടാണ് ആലിയ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്.