നോര്‍വേയുടെ ഭാവിരാജ്ഞിയായ മെറ്റെ മാരിറ്റ് രാജകുമാരി വിവാദക്കുരുക്കില്‍. ബലാല്‍സംഗം അടക്കമുള്ള കേസുകളില്‍ വിചാരണ നേരിടുന്ന അവരുടെ മകന്‍ വീണ്ടും അറസ്റ്റില്‍. Norway's Crown Princess Mette-Marit | Jeffrey Epstein,

കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിയില്‍ ആടിയുലയുകയാണ് നോര്‍വീജിയന്‍ രാജകുടുംബം. കിരീടാവകാശിയായ രാജകുമാരിയും അമേരിക്കന്‍ ലൈംഗിക കുറ്റവാളി എപ്‌സ്‌റ്റെയിനുമായുള്ള ബന്ധം പുറത്തുവന്നതാണ് വന്‍വിവാദമുണ്ടാക്കിയത്. ഇതിനൊപ്പമാണ്, ബലാല്‍സംഗം അടക്കമുള്ള കേസുകളില്‍ വിചാരണ നേരിടുന്ന അവരുടെ മകന്‍ വീണ്ടും അറസ്റ്റിലായത്. രാജകുടുംബത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

നോര്‍വേയുടെ ഭാവിരാജ്ഞിയായ മെറ്റെ മാരിറ്റ് രാജകുമാരിയാണ് വിവാദക്കുരുക്കില്‍. കുട്ടികള്‍ ഉള്‍പ്പടെ നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വന്‍തോക്കുകള്‍ക്ക് സ്ത്രീകളെ എത്തിച്ചുകൊടുക്കുകയും ചെയ്ത യുഎസ് കോടീശ്വരന്‍ ജെഫ്രി എപ്‌സ്‌റ്റെയിനുമായി ഇവര്‍ക്കുള്ള ബന്ധം ഇക്കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ട ഫയലുകളിലൂടെയാണ് പുറത്തുവന്നത്.

എപ്‌സ്റ്റീന്റെ സ്വന്തക്കാരിയാണ് രാജകുമാരി എന്ന് വെളിപ്പെടുത്തുന്നതാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട 30 ലക്ഷത്തിലധികം പേജ് വരുന്ന രേഖകള്‍. ആയിരത്തിലേറെ തവണയാണ് രാജകുമാരിയുടെ പേര് ഇതില്‍ പരാമര്‍ശിക്കുന്നത്. 2011-ലാണ് ഇരുവരും പരിചയപ്പെടുന്നത്. എപ്സ്റ്റീന്‍ ലൈംഗിക കുറ്റവാളിയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന രാജകുമാരിയുടെ മുന്‍ വാദങ്ങള്‍ പൊളിച്ചടുക്കുന്നതാണ് പുതിയ രേഖകള്‍. 2011-ല്‍ തന്നെ താന്‍ എപ്സ്റ്റീനെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞുവെന്നും ഫലങ്ങള്‍ 'അത്ര നല്ലതായിരുന്നില്ല' എന്നും ഒരു ചിരി ഇമോജിയോടെ രാജകുമാരി എപ്‌സ്‌റ്റെയിന് ഇ മെയില്‍ അയച്ചിരുന്നു.

മകനെക്കുറിച്ച് രാജകുമാരി നടത്തിയതായി പറയുന്ന ഒരു സംഭാഷണമാണ് ഈ വെളിപ്പെടുത്തലിനിടെ ഏറ്റവും വിവാദമായത്. 'സര്‍ഫ് ബോര്‍ഡ് പിടിച്ചുനില്‍ക്കുന്ന നഗ്‌നരായ രണ്ട് സ്ത്രീകളുടെ ചിത്രം 15 വയസ്സുകാരനായ മകന്റെ വാള്‍പേപ്പറായി നിര്‍ദ്ദേശിക്കുന്നത് ഒരു അമ്മ എന്ന നിലയില്‍ ശരിയാണോ? എന്നാണ് ഇതില്‍ രാജകുമാരി എപ്സ്റ്റീനോട് ചോദിക്കുന്നത്.

ഇമെയിലുകളില്‍ ഇരുവരും വിളിച്ചപേരുകള്‍ അവരുടെ അടുപ്പം വ്യക്തമാക്കുന്നതാണ്. എപ്സ്റ്റീനെ സ്വീറ്റ്ഹാര്‍ട്ട്, സുമുഖന്‍, സൗമ്യന്‍ എന്നിങ്ങനെയാണ് രാജകുമാരി വിശേഷിപ്പിച്ചത്. ഒരു ഇമെയിലില്‍ രാജകുമാരി എഴുതി, 'നിങ്ങള്‍ എന്റെ തലച്ചോറിനെ ഇക്കിളിപ്പെടുത്തുന്നു. മറ്റൊരിടത്ത് അവര്‍ എഴുതി, 'എന്റെ പ്രിയവട്ടാ നിന്നെ എനിക്ക് മിസ്സ് ചെയ്യുന്നു'.

പരിചയപ്പെട്ട് രണ്ടു വര്‍ഷത്തിനു ശേഷം ഫ്‌ലോറിഡയിലെ എപ്സ്റ്റീന്റെ റേപ്പ്‌വില്ല എന്ന് പിന്നീടറിയപ്പെട്ട കുപ്രസിദ്ധമായ വസതിയില്‍ നാല് ദിവസമാണ് രാജകുമാരി താമസിച്ചത്. രാജകുമാരിക്കായി എപ്സ്റ്റീന്‍ പലതരം കോസ്‌മെറ്റിക് ചികിത്സകള്‍ ഏര്‍പ്പാടാക്കി. ഇരുവരും ഷോപ്പിംഗിനു പോവുന്ന കാര്യങ്ങളും പുസ്തകങ്ങളെക്കുറിച്ചും സംസാരിച്ചു. മധ്യവയസ്‌കനായ അധ്യാപകന് 12 വയസ്സുള്ള വിദ്യാര്‍ത്ഥിനിയോട് തോന്നുന്ന ലൈംഗികാകര്‍ഷണത്തിന്റെ കഥ പറയുന്ന കുപ്രസിദ്ധമായ 'ലോലിത' എന്ന നോവലിനെക്കുറിച്ചും അതെഴുതിയ വ്‌ലാദിമിര്‍ നബാകോവിനെക്കുറിച്ചും ഇരുവരും സംസാരിച്ചു.

വിവാഹ ജീവിതത്തോടുള്ള മടുപ്പും അവര്‍ എപ്സ്റ്റീനുമായി പങ്കുവെച്ചു. രാജകുമാരന്റെ വിവാഹം തന്നെ ബോറടിപ്പിച്ചുകൊന്നതായി അവര്‍ എഴുതി. പാരീസിലെ കാലാവസ്ഥ അന്യപുരുഷരുമായി ലൈംഗികബന്ധം നടത്തുന്നതിന് അനുയോജ്യമാണെന്നും അവര്‍ എഴുതി.

ഭാവിയില്‍ രാജ്ഞിയാകേണ്ട ഒരാളെക്കുറിച്ചുള്ള ഈ വെളിപ്പെടുത്തലുകള്‍ വമ്പന്‍ പ്രതിഷേധമാണ് നോര്‍വേയില്‍ ഉണ്ടാക്കിയത്. നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ തന്നെ രാജകുമാരിയുടെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചു. രാജകുടുംബത്തിന്റെ കാര്യങ്ങളില്‍ സാധാരണ ഇടപെടാത്ത സര്‍ക്കാര്‍ ജനവികാരം കണക്കിലെടുത്താണ് അസാധാരണ പ്രതികരണം നടത്തിയത്.

അതിനിടയിലാണ്, എപ്‌സ്‌റ്റെയിന്‍ ഫയലുകളില്‍ പരാമര്‍ശിക്കപ്പെട്ട രാജകുമാരിയുടെ മകന്‍ മാരിയസ് ബോര്‍ഗ് ഹോയിബിയും വിവാദത്തിലായത്. നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തതടക്കം 38 ഓളം കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുകയാണ് ഈ 29-കാരന്‍. അതിനിടയിലാണ്, പുതിയ രണ്ട് കുറ്റങ്ങള്‍ക്ക് ഇന്നലെ രാജകുമാരന്‍ അറസ്റ്റിലായത്. 2024 ഓഗസ്റ്റ് മുതല്‍ ഇതുവരെ നാല് തവണയാണ് രാജകുമാരന്‍ അറസ്റ്റിലാകുന്നത്. ബലാത്സംഗം, ലഹരിക്കടത്ത്, അമിതവേഗത തുടങ്ങിയവയാണ് ഇയാള്‍ക്കെതിരെയുള്ള മറ്റ് കേസുകള്‍. തനിക്ക് മാനസിക വൈകല്യങ്ങളുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് മാരിയസ് കോടതിയില്‍ പറഞ്ഞിരുന്നത്. കത്തി ഉപയോഗിക്കുകയും കോടതി വിലക്ക് ലംഘിക്കുകയും ചെയ്തതിനാണ് പുതിയ അറസ്റ്റ്.

ഭാവി രാജ്ഞി ഇപ്പോള്‍ ഗുരുതരമായ ശ്വാസകോശ രോഗത്തിന് ചികിത്സയിലാണ്. ശ്വാസകോശം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രാജകുടുംബം വിവാദങ്ങളില്‍നിന്ന് അകലം പാലിക്കുന്നുണ്ടെങ്കിലും, ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം കനക്കുകയാണ്.