യുപി സ്വദേശിയായ വിഷ്ണു തിവാരി വ്യാജ ബലാത്സംഗ കേസിൽ 20 വർഷം ജയിലിൽ കഴിഞ്ഞ ശേഷം നിരപരാധിയെന്ന് കണ്ട് മോചിതനായി. ഈ കാലയളവിൽ കുടുംബം തകരുകയും മാതാപിതാക്കളടക്കം മരണപ്പെടുകയും ചെയ്തു. തനിക്ക് നഷ്ടപ്പെട്ട ജീവിതം ആര് തിരികെ തരുമെന്ന് വിഷ്ണു ചോദിക്കുന്നു.  

Add Asianetnews as a Preferred SourcegooglePreferred

ന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്, 'ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെ'ന്നത്. തെളിവുകളില്ലാതെ ആരും ശിക്ഷിക്കപ്പെടരുതെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ടെങ്കിലും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നത് നീതി നിഷേധമാണെന്നും തെളിവുകൾ സംശയാസ്പദമാണെങ്കിൽ അതിന്‍റെ ആനുകൂല്യം പ്രതിക്ക് ലഭിക്കണമെന്നും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. ഇന്ത്യൻ നീതിന്യായത്തിലെ ഈ സാധ്യതകൾ മുതലെടുത്ത് കുറ്റവാളിയെന്ന് പൊതുസമൂഹം വിധിച്ചാലും കോടതികൾ പല കുറ്റവാളികളെയും വെറുതെ വിടുന്നതും ദിനേന നമ്മൾ പത്രങ്ങളിൽ വായിക്കുന്നു. അതേസമയം നിരപരാധികൾ പലപ്പോഴും വർഷങ്ങളായി അഴികൾക്കുള്ളിൽ ജീവിതം ജീവിച്ച് തീർക്കാൻ വിധിക്കപ്പെടുന്നു. അത്തരമൊരു അനുഭവം വെളിപ്പെടുത്തിയ യുവാവ് തനിക്ക് നഷ്ടപ്പെട്ട 20 വർഷത്തെ ജീവിതം ആര് തിരിച്ച് തരുമെന്ന് ചോദിക്കുമ്പോൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയും അതിന്‍റെ പരിപാലകരായ പോലീസ് സംവിധാനവും പ്രതികൂട്ടിലാകുന്നു,

വ്യാജ ബലാത്സംഗ കേസിൽ 20 വർഷം

2021 -ലാണ് ഉത്തർപ്രദേശ് സ്വദേശിയായ വിഷ്ണു തിവാരി തന്‍റെ രണ്ട് ദശാബ്ദക്കാലത്തെ ജയിൽ വാസത്തിന് ശേഷം സ്വതന്ത്രനായത്. അഭിഭാഷകയായ ശ്വേത സിംഗ് റാണയുടെ സഹായത്തോടെ നടത്തിയ കോടതി വ്യവഹാരങ്ങൾക്ക് ശേഷമാണ് വിഷ്ണു ജയിൽ മോചിതനായത്. ഇതിനിടെ വ്യാജ ബലാത്സംഗ കേസിൽ അദ്ദേഹം ആഗ്ര സെൻട്രൽ ജയിലിൽ കഴിഞ്ഞത് 20 വർഷം ! ഇക്കാലത്തിനിടെ 'കുറ്റവാളിയായ മകനെ' ഓർത്ത് ജീവിച്ച അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും മരിച്ചു. കുടുംബം തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് വിഷ്ണു തിവാരിയുടെ ജീവിതം സമൂഹ മാധ്യമങ്ങളിൽ കൊടുങ്കാറ്റുയർത്തിയത്. 2021 -ൽ ജയിൽ മോചിതനായി പുറത്തിറങ്ങിയ വിഷ്ണു തന്‍റെ ജീവിതം തകർന്നത് ഓർത്ത് കരയുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

Scroll to load tweet…

2000-ത്തിൽ ആരംഭിച്ച കേസ്

2000 സെപ്റ്റംബറിലാണ് യുപിയിലെ ലളിത്പൂർ ജില്ലയിൽ താമസിക്കുന്ന വിഷ്ണുവിനെ ബലാത്സംഗം എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവയ്ക്ക് അറസ്റ്റ് ചെയ്യപ്പെടുന്നത്. 2003 ൽ വിചാരണ കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ആഗ്ര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അന്ന് 23 വയസ്സായിരുന്നു വിഷ്ണുവിന് പ്രായം. 20 വർഷത്തിനിടെ ഒരിക്കൽ പോലും വിഷ്ണുവിന് ജാമ്യം ലഭിച്ചില്ല. കൊറോണക്കാലത്ത് മറ്റ് കുറ്റവാളികൾക്ക് ജാമ്യം നൽകിയപ്പോഴും വിഷ്ണുവിന് നിഷേധിക്കപ്പെട്ടു.

ഇക്കാലത്ത് അദ്ദേഹത്തിന്‍റെ അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും മരിച്ചു. ബലാത്സംഗ കുറ്റവാളിയുടെ കുടുംബം എന്ന് മുദ്രകുത്തി ഇതിനകം സമൂഹം ആ കുടുംബത്തെ ബഹിഷ്ക്കരിച്ചിരുന്നു. ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ആകെയുണ്ടായിരുന്ന അഞ്ച ഏക്കർ സ്വത്തും അവർക്ക് വില്ക്കേണ്ടിവന്നു, കുടുംബാംഗങ്ങളും മരണത്തിന് പോലും വിഷ്ണവിന് ജാമ്യം നിഷേധിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ വൈറലായതിന് പിന്നാലെ സ‍ർക്കാർ വിഷ്ണുവിന് നഷ്ടപരിഹാരം നൽകണമെന്നും വ്യാജ ബലാത്സംഗം ആരോപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു. മറ്റൊരു കാഴ്ചക്കാരൻ നമ്മൾ ഒരു ജനാധിപ്ത്യ രാജ്യമാണെന്ന് പറയാൻ ലജ്ജതോന്നുന്നുവെന്നായിരുന്നു എഴുതിയത്.