
ഈ വർഷത്തെ കോമഡി വൈൽഡ് ലൈഫ്ഫോട്ടോഗ്രാഫി അവാർഡിനായുള്ള മത്സരം അല്പം കടുപ്പമേറിയതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം മത്സരത്തിൽ പങ്കെടുക്കാൻ ചിരിക്കുന്ന ആഫ്രിക്കൻ സിംഹം മുതൽ ക്ഷീണിതയായ അമ്മ മകാക് വരെയുണ്ട്. ഫൈനലിസ്റ്റുകളുടെ പട്ടികയിൽ 40 ഫോട്ടോസ് ആണ് ഉള്ളത്. ഇതിൽ ഏതു ചിത്രത്തിൽ നോക്കിയാലും നമ്മുടെ മുഖത്ത് ഒരു പുഞ്ചിരിവിടരും എന്ന കാര്യത്തിൽ സംശയമില്ല.
മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലെ ഉല്ലാസകരമായ ഫോട്ടോകൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന മത്സരമാണ് കോമഡി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡ്. 2015 മുതൽ നടത്തിവരുന്ന ഈ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി അവാർഡിൽ പ്രൊഫഷണലുകൾക്കും അമേച്ചർ ഫോട്ടോഗ്രാഫേഴ്സിനും അവരുടെ ചിത്രങ്ങൾ സൗജന്യമായി സമർപ്പിക്കാവുന്നതാണ്. മത്സരത്തെ ആറ് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കൂടാതെ മൊത്തത്തിലുള്ള അവാർഡും പീപ്പിൾസ് ചോയ്സ് അവാർഡും. ഇതിന്റെ വോട്ടിംഗ് ആണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. ഒരു വിഭാഗത്തിന് മൂന്ന് ഫോട്ടോകൾ എന്ന തോതിൽ മൊത്തം 10 ഫോട്ടോകൾ വരെ മത്സരാർത്ഥികൾക്ക് നൽകാൻ സാധിക്കും.
ഈ വർഷം ലഭിച്ച നൂറുകണക്കിന് എൻട്രികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 ചിത്രങ്ങൾ ആണ് പീപ്പിൾസ് ചോയ്സ് അവാർഡിനായുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചത്. വോട്ടിങ്ങിലൂടെയാണ് ഈ മത്സരത്തിലെ വിജയികളെ തെരഞ്ഞെടുക്കുന്നത്. ലോകത്തിൽ എവിടെ നിന്നുള്ള ആളുകൾ ആണെങ്കിലും ഫൈനൽ പട്ടികയിൽ ഇടം പിടിച്ച തങ്ങളുടെ പ്രിയപ്പെട്ട ചിത്രത്തിന് വോട്ട് ചെയ്ത് വിജയികളെ തിരഞ്ഞെടുക്കാൻ സാധിക്കും.
ഓരോ വർഷവും മത്സരത്തെ പിന്തുണയ്ക്കാൻ ഒരു പ്രകൃതി സംരക്ഷണ സംഘടനയെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഇത്തവണത്തെ മത്സരത്തിൽ ചിത്രങ്ങളുടെ സ്വീകർത്താവായി തെരഞ്ഞെടുക്കപ്പെട്ടത് യുണൈറ്റഡ് കിംഗ്ഡം ആസ്ഥാനമായുള്ള ചാരിറ്റിയായ വിറ്റ്ലി ഫണ്ട് ഫോർ നേച്ചർ ആണ്. അഫിനിറ്റി ഫോട്ടോ പീപ്പിൾസ് ചോയ്‌സ് അവാർഡ് പേജിൽ ഫൈനൽ പട്ടികയിൽ ഇടംപിടിച്ച ചിത്രങ്ങൾ കാണാനും ഇഷ്ടചിത്രത്തിന് വോട്ട് ചെയ്യാനുമുള്ള അവസരം ഇപ്പോൾ ലഭ്യമാണ്. നവംബർ 27 വരെയാണ് വോട്ട് ചെയ്യാൻ അവസരം ഉള്ളത്. ഇരുപത്തിയേഴാം തീയതി വോട്ടിംഗ് അവസാനിക്കുന്ന മത്സരത്തിലെ അന്തിമവിജയെ ഡിസംബർ എട്ടിന് പ്രഖ്യാപിക്കും.
എൻട്രികൾ വിലയിരുത്തുന്നത് പ്രകൃതി ഫോട്ടോഗ്രാഫർമാരുടെയും ഹാസ്യതാരങ്ങളുടെയും ഒരു മിക്സഡ് പാനലാണ്, കൂടാതെ ഓരോ വർഷവും വിജയികൾക്ക് ട്രോഫികൾ മുതൽ ക്യാമറ ബാഗുകൾ വരെയും ഇതുകൂടാതെ കെനിയയിൽ ഒരാഴ്ചത്തെ സൗജന്യ സഫാരിയും ലഭിക്കുന്നു.
ഏതായാലും ഒന്നുറപ്പാണ് മനുഷ്യർക്കിടയിൽ മാത്രമല്ല മൃഗങ്ങൾക്കിടയിലും ഉണ്ട് കോമഡി സ്റ്റാർസ്. നമ്മളെ കുടുകുടെ ചിരിപ്പിക്കുന്ന നല്ല ഒന്നാന്തരം തമാശക്കാർ ആണ് ഇവരെന്ന് ഈ ചിത്രങ്ങൾ പറയും.